എൻജിനിയറിങ്, മെഡിക്കൽ, ബിരുദ പ്രവേശനത്തിന് ഇനി ഒറ്റ പൊതുപരീക്ഷ


നീറ്റ്, ജെ.ഇ.ഇ. പരീക്ഷകൾ സി.യു.ഇ.ടി.യുമായി സംയോജിപ്പിക്കാൻ യു.ജി.സി.

പ്രതീകാത്മക ചിത്രം | Photo-PTI

ന്യൂഡൽഹി: മെഡിക്കൽ, എൻജിനിയറിങ്, ബിരുദ പ്രവേശനം ഒറ്റ പൊതുപരീക്ഷയിലൂടെ നടത്തുമെന്ന അറിയിപ്പുമായി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യു.ജി.സി.).

എൻജിനിയറിങ് പ്രവേശനപരീക്ഷയായ ജെ.ഇ.ഇ., മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് എന്നിവ, ആർട്‌സ്, സയൻസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഇക്കൊല്ലം ആരംഭിച്ച സി.യു.ഇ.ടി.-യു.ജി.യുമായി സംയോജിപ്പിക്കാനാണ് തീരുമാനം. മൂന്ന് പ്രവേശനപരീക്ഷകളിലായി ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ നാലുവിഷയങ്ങളിൽ ഇനി ഒറ്റപ്പരീക്ഷയിലൂടെ യോഗ്യത നേടാമെന്ന് യു.ജി.സി. അധ്യക്ഷൻ എം. ജഗദീഷ്‌കുമാർ പറഞ്ഞു.

പ്രതിവർഷം 50 ലക്ഷം വിദ്യാർഥികൾ ഈ മൂന്നുപരീക്ഷയിൽ ഏതെങ്കിലും രണ്ടെണ്ണത്തിന്റെ ഭാഗമാകുന്നുണ്ട്. സി.യു.ഇ.ടി.യിലെ 61 വിഷയങ്ങളിൽപ്പെട്ടവയാണ് ജെ.ഇ.ഇ. പരീക്ഷയിലെ ഐച്ഛികവിഷങ്ങളായ ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം എന്നിവയും നീറ്റിലെ ജീവശാസ്ത്രവും.

അതിനാൽ നീറ്റ്, ജെ.ഇ.ഇ. പരീക്ഷകൾക്കുപകരം സി.യു.ഇ.ടി. മതിയെന്നാണ് യു.ജി.സി.യുടെ വിലയിരുത്തൽ. ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം വിഷയങ്ങളിൽ കൂടുതൽ മാർക്ക് നേടുന്നവർക്ക് എൻജിനിയറിങ് തിരഞ്ഞെടുക്കാം.

സയൻസ് വിഷയങ്ങളിലാണ് മാർക്ക് കൂടുതലെങ്കിൽ മെഡിക്കലും മറ്റുള്ളവർക്ക് ബിരുദകോഴ്‌സുകളും തിരഞ്ഞെടുക്കാം. വർഷം രണ്ടുതവണ പരീക്ഷനടത്തും. ആദ്യഘട്ടം ബോർഡ് പരീക്ഷയ്ക്കുശേഷവും രണ്ടാം ഘട്ടം ഡിസംബറിലുമാകും. തുടർനടപടികൾക്കായി പ്രത്യേക സമിതി രൂപവത്കരിക്കുമെന്നും ജഗദീഷ് കുമാർ പറഞ്ഞു.

സി.യു.ഇ.ടി.(യു.ജി.) ആദ്യരണ്ട് ഘട്ടങ്ങളിലെ പിഴവുകൾ പരിഹരിക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ ചോദ്യപ്പേപ്പറുകളുടെ ഫയലുകളുടെ വലുപ്പവും പ്രശ്നമുണ്ടാക്കി. കുട്ടികൾക്ക് കൃത്യസമയത്ത് ഇവ ഡൗൺലോഡ് ചെയ്യാനായില്ല. ഇനിമുതൽ ചോദ്യപ്പേപ്പറുകൾ മുൻകൂട്ടി അപ്‌ലോഡ് ചെയ്യും.

വർഷം നാലു ലക്ഷം

വർഷം നാലുലക്ഷത്തിലേറെ വിദ്യാർഥികളാണ് എൻജിനിയറിങ് പ്രവേശനപരീക്ഷയായ ജെ.ഇ.ഇ. എഴുതുന്നത്.

നീറ്റിന് 15 ലക്ഷം

മെഡിക്കൽ പ്രവേശനത്തിന് നീറ്റ് എഴുതുന്നത് വർഷം പതിനഞ്ചുലക്ഷം പേർ.

സി.യു.ഇ.ടി.-യു.ജി.: 43ലക്ഷം

61 വിഷയങ്ങളിലേക്ക് ഏകദേശം 43 ലക്ഷം പേരാണ് 13 ഭാഷകളിൽ സി.യു.ഇ.ടി.-യു.ജി. പരീക്ഷ എഴുതുന്നത്.

ആശങ്കയെന്ന് വിദഗ്‌ധരും വിദ്യാർഥികളും

ന്യൂഡൽഹി: എൻജിനിയറിങ്, മെഡിക്കൽ, ബിരുദ പ്രവേശനത്തിന് ഇനി സി.യു.ഇ.ടി.യെന്ന ഒറ്റപ്രവേശനപരീക്ഷ മാനദണ്ഡമാക്കുമെന്ന യു.ജി.സി. അധ്യക്ഷൻ എം. ജഗദീഷ് കുമാറിന്റെ പ്രഖ്യാപനം ആശങ്കയ്ക്കിടയാക്കുന്നതായി വിദ്യാർഥികളും വിദ്യാഭ്യാസവിദഗ്ധരും.

സി.യു.ഇ.ടി.-യു.ജി. പ്രഖ്യാപിക്കപ്പെട്ട് ആദ്യവർഷംതന്നെ സാങ്കേതികപ്പിഴവും നടത്തിപ്പിലെ അപാകവും കാരണം പരീക്ഷ മുടങ്ങിയതാണ് വിദ്യാർഥികളെ ഭീതിയിലാഴ്ത്തുന്നത്. ഏകോപനത്തിൽവന്ന വീഴ്ചയാണ് ജൂൺ, ജൂലായ് മാസങ്ങളിൽനടന്ന ആദ്യരണ്ട് ഫേസ് പരീക്ഷയിലെ പ്രശ്നങ്ങൾക്കുകാരണമെന്ന് യു.ജി.സി. ചെയർമാൻ സമ്മതിച്ചിട്ടുണ്ട്.

മൂന്ന് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾ സംയോജിപ്പിക്കുമ്പോൾ പരീക്ഷാസമയത്ത് ആവശ്യമായിവരുന്ന സാങ്കേതികസംവിധാനങ്ങൾ നിലവിൽ അപര്യാപ്തമാണെന്ന് വിദ്യാഭ്യാസവിദഗ്ധനും കേന്ദ്ര സർവകലാശാലാ അധ്യാപകനുമായ അമൃത്കുമാർ പറഞ്ഞു.

ജെ.ഇ.ഇ.യ്ക്കും നീറ്റിനുംപോലും കംപ്യൂട്ടറുള്ള കലാലയങ്ങൾ കണ്ടെത്തുന്നത് ഏറെ പരിശ്രമിച്ചാണ്. കേരളം, തമിഴ്‌നാട്, ഒഡിഷ, സിക്കിം, മണിപ്പുർ, അസം, മേഘാലയ, നാഗാലാൻഡ്, മിസോറം എന്നീ സംസ്ഥാനങ്ങൾ സി.യു.ഇ.ടി.ക്ക് പച്ചക്കൊടി കാണിച്ചിട്ടില്ല. നീറ്റ് ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട് തമിഴ്‌നാട് നിയമസഭ 2021 സെപ്റ്റംബറിലും 2022 ഫെബ്രുവരിയിലും ബിൽ പാസാക്കിയിരുന്നു. എന്നാൽ, ഗവർണർ അത് ഒപ്പിടാതെ മടക്കി.

എന്നാൽ, ഒറ്റ പൊതുപ്രവേശനപരീക്ഷ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്നവർക്ക് സഹായകമാകുമെന്നും വിലയിരുത്തപ്പെടുന്നു. പരീക്ഷാഫീസ് ഒറ്റത്തവണ അടച്ചാൽമതിയാകും.

ഒന്നിലധികം പരീക്ഷകൾ നടത്തുന്നതിലെ സമയനഷ്ടം, വിദ്യാർഥികൾക്കുണ്ടാകുന്ന മാനസികസമർദം, പരീക്ഷാനടത്തിപ്പിലെ ചെലവുകൾ, സാങ്കേതിക ബുദ്ധിമുട്ടുകൾ, മാനവശേഷിയുടെ ഉപയോഗം തുടങ്ങിയവ ലഘൂകരിക്കാൻ എൻ.ടി.എ.യ്ക്കുമാകും. ചോദ്യപ്പേപ്പറുകൾ ഒരുതവണമാത്രം തയ്യാറാക്കിയാൽ മതി

Content Highlights: One common exam for engineering and medical graduate admissions

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..