ഇന്ധന നികുതി: മോദിക്കെതിരേ വിമർശനവുമായി കൂടുതൽ സംസ്ഥാനങ്ങൾ


2 min read
Read later
Print
Share

Modi

ന്യൂഡൽഹി: പെട്രോൾ, ഡീസൽ നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങൾ തയ്യാറാകണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്കെതിരേ പ്രതിപക്ഷം ഭരിക്കുന്ന കൂടുതൽ സംസ്ഥാനങ്ങൾ രംഗത്തെത്തി. പെട്രോളിയം ഉത്‌പന്നങ്ങൾക്ക് കേന്ദ്രം സെസ് പിരിക്കുന്നതു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിമാർതന്നെ കടുത്തഭാഷയിൽ വിമർശനമുയർത്തി. ജി.എസ്.ടി. കൗൺസിൽയോഗം അടുത്തമാസം നടക്കാനിരിക്കേ പ്രതിപക്ഷപ്രതിഷേധം യോഗത്തിൽ ഉയരും.

വിമർശനം ഇങ്ങനെ:

*സംസ്ഥാനങ്ങളോടു നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്ന പ്രധാനമന്ത്രി ലജ്ജിക്കണം. സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്നതിനുപകരം കേന്ദ്രത്തിന് എന്തുകൊണ്ട് നികുതി കുറച്ചുകൂടാ? 2014 മുതൽ തെലങ്കാനയിൽ ഇന്ധനനികുതി കൂട്ടിയിട്ടില്ല. കേന്ദ്രം നികുതി കൂട്ടിയെന്നു മാത്രമല്ല, സെസ് പിരിക്കുകയും ചെയ്യുന്നു.

-കെ. ചന്ദ്രശേഖർ റാവു (തെലങ്കാന മുഖ്യമന്ത്രി)

*42 ശതമാനം എക്സൈസ് തീരുവ സംസ്ഥാനങ്ങൾക്കു നൽകിയെന്ന് പ്രധാനമന്ത്രി പറയുന്നു. എന്നാൽ, മുഴുവൻ തുക നൽകിയിട്ടില്ലെന്ന്‌ കണക്കുകൾ തെളിയിക്കുന്നു. നാലു ശതമാനമാണ് കേന്ദ്രം പിരിക്കുന്ന സെസ്. കഴിഞ്ഞ രണ്ടുവർഷമായി സംസ്ഥാനങ്ങൾക്ക് അതിന്റെ വിഹിതം ലഭിക്കുന്നില്ല.

-ഭൂപേഷ് ബാഘേൽ, ഛത്തീസ്ഗഢ് മുഖ്യമന്ത്രി

*ഡീസലിന് കേന്ദ്ര വാറ്റ് ലിറ്ററിന് 24.38 രൂപയാണ്. സംസ്ഥാന വാറ്റ് 22.37 രൂപയും. പെട്രോളിന് ലിറ്ററിന് കേന്ദ്രനികുതി 31.58 രൂപയും സംസ്ഥാന നികുതി 32.55 രൂപയുമാണ്. സംസ്ഥാനം നികുതി ഈടാക്കുന്നതുകൊണ്ടാണ് ഇന്ധനവില കൂടുന്നതെന്ന കേന്ദ്രവാദം ശരിയല്ല.

-ഉദ്ധവ് താക്കറെ, മഹാരാഷ്ട്ര മുഖ്യമന്ത്രി

*തെറ്റിദ്ധരിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രസ്താവന. കഴിഞ്ഞ മൂന്നുവർഷമായി പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപവീതം ബംഗാളിൽ സബ്‌സിഡി നൽകുന്നു. കേന്ദ്രം 97,000 കോടി കുടിശ്ശിക നൽകാനുള്ളതിനെക്കുറിച്ച് പ്രധാനമന്ത്രി ഒന്നും പറഞ്ഞില്ല.

-മമതാ ബാനർജി, പശ്ചിമബംഗാൾ മുഖ്യമന്ത്രി

*കേന്ദ്രം നികുതി കുറയ്ക്കുന്നതിനു മുമ്പേ തമിഴ്‌നാട് പെട്രോളിന് മൂന്നുരൂപ വാറ്റുകുറച്ചു. ഇതുവഴി 1160 കോടി രൂപയാണ് വാർഷികനഷ്ടം. പെട്രോളിയം ഉത്‌പന്നങ്ങൾക്കുള്ള സെസും സർച്ചാർജും ഒഴിവാക്കാൻ കേന്ദ്രം തയ്യാറാവണം. അടിസ്ഥാനനികുതിയുമായി ബന്ധപ്പെടുത്തിയാൽ സംസ്ഥാനങ്ങൾക്കും അർഹമായ വിഹിതം ലഭിക്കും.

-പളനിവേൽ ത്യാഗരാജൻ, തമിഴ്‌നാട് ധനമന്ത്രി

കേന്ദ്രമന്ത്രി ഹർദീപ് പുരിയുടെ വാദങ്ങൾ:

പശ്ചിമബംഗാൾ, മഹാരാഷ്ട്ര, ഡൽഹി സർക്കാരുകൾ വിമാന ഇന്ധനത്തിൽ 25 ശതമാനത്തിലേറെ നികുതി ഈടാക്കുന്നു. ബി.ജെ.പി. ഭരിക്കുന്ന യു.പി.യും നാഗാലാൻഡും കേന്ദ്രഭരണപ്രദേശമായ ജമ്മു-കശ്മീരുമാവട്ടെ ഒരു രൂപയും. വിമാനനിരക്ക് കുറയാത്തതിൽ അദ്‌ഭുതം വേണ്ട. ഇറക്കുമതി മദ്യത്തിനുപകരം പ്രതിപക്ഷസംസ്ഥാനങ്ങൾ നികുതി കുറച്ചാൽ പെട്രോൾവില കുറയും. മഹാരാഷ്ട്ര സർക്കാർ ലിറ്ററിന് 32.15 രൂപ, രാജസ്ഥാൻ-29.10 രൂപ എന്നിങ്ങനെ ഈടാക്കുന്നു. അതേസമയം, യു.പി.യിൽ 16.50 രൂപയും ഉത്തരാഖണ്ഡിൽ 14.51 രൂപയും മാത്രം. പ്രതിഷേധങ്ങൾകൊണ്ട്‌ വസ്തുതകളെ വെല്ലുവിളിക്കാനാവില്ല.

Content Highlights: opposition parties slams PM Modi over his appeal to states to reduce VAT on fuel prices

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..