Photo: Mathrubhumi
ബെംഗളൂരു: കർണാടകത്തിൽ ബി.ജെ.പി. നേരിട്ട പരാജയത്തിനുകാരണം സംസ്ഥാനനേതൃത്വമാണെന്ന് കുറ്റപ്പെടുത്തി ആർ.എസ്.എസ്. മുഖപത്രമായ ഓർഗനൈസർ. പ്രാദേശികതലത്തിൽ ശക്തമായ നേതൃത്വവും അതിന്റെ ഫലപ്രദമായ പ്രയോഗവും ഇല്ലാതെ നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവവും ഹിന്ദുത്വ ആദർശവും കൊണ്ടുമാത്രം തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് വിജയിക്കാനാവില്ലെന്ന് മുഖപ്രസംഗം വ്യക്തമാക്കുന്നു.
കർണാടക നിയമസഭാതിരഞ്ഞെടുപ്പിൽ ബി.ജെ.പി. നേരിട്ട പരാജയത്തെ അപഗ്രഥിച്ച് ഓർഗനൈസറിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
‘ബി.ജെ.പി.ക്ക് കാര്യങ്ങൾ വിലയിരുത്താനുള്ള ശരിയായ അവസരമാണിത്. നരേന്ദ്രമോദിയുടെ ഭരണം വന്നശേഷം ആദ്യമായാണ് ഒരു നിയമസഭാതിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് അഴിമതിയെ പ്രതിരോധിക്കേണ്ടിവന്നത്. മന്ത്രിമാർക്കെതിരായ ഭരണവിരുദ്ധവികാരം ബി.ജെ.പി. കണക്കിലെടുക്കേണ്ടിയിരുന്നു. ദേശീയതലത്തിലുള്ള പദ്ധതികൾ മുൻനിർത്തി ബി.ജെ.പി. വോട്ടർമാരെ പ്രചോദിപ്പിക്കാൻ ശ്രമിച്ചപ്പോൾ കോൺഗ്രസ് പ്രാദേശികവിഷയങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ദേശീയനേതാക്കളുടെ പ്രാധാന്യം കുറച്ച് പ്രാദേശികമായി പ്രചാരണം ഒതുക്കാൻ കോൺഗ്രസിന് കഴിഞ്ഞു. സംസ്ഥാനതലത്തിൽ പാർട്ടിക്ക് ഐക്യത്തിന്റെ മുഖം നൽകാൻ കോൺഗ്രസിന് കഴിഞ്ഞു. അങ്ങനെ 2018-നെ അപേക്ഷിച്ച് അഞ്ചുശതമാനം വോട്ട് കൂടുതൽ നേടാനായി. വർധിച്ച പോളിങ് ശതമാനത്തിന്റെ ഫലമായുണ്ടായ കൂടുതൽ വോട്ടുകൾ നേടിയെടുക്കുന്നതിൽ ബി.ജെ.പി. പരാജയപ്പെട്ടു. തിളക്കം നഷ്ടമായ ജെ.ഡി.എസിന് ഫലം വന്നശേഷം വിലപേശാനുള്ള ശക്തിയില്ലാതായി. കോൺഗ്രസിന് സ്ഥിരതയുള്ള സർക്കാർ എത്രകാലത്തേക്ക് നിലനിർത്താനാകുമെന്നും വലിയ വാഗ്ദാനങ്ങൾ നടപ്പാക്കാനാകുമെന്നും കാലത്തിനുമാത്രമേ പറയാനാകൂ’ -മുഖപ്രസംഗം പറയുന്നു.
Content Highlights: organiser on karnataka bjp defeat


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..