ദത്തെടുക്കൽ: യോഗ്യതയുള്ള ദമ്പതിമാർ 28,501, കുട്ടികൾ 3596 മാത്രം


പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ന്യൂഡൽഹി: രാജ്യത്ത് ദത്തെടുക്കാൻ യോഗ്യരായ ദമ്പതിമാർ ഏറെയുള്ളപ്പോഴും കുട്ടികളുടെ കുറവ് കാരണം ഇവരുടെ കാത്തിരിപ്പ് നീളുന്നു. ദത്തെടുക്കാൻ യോഗ്യതകൾ തെളിയിച്ച് നിയമപരമായി അനുമതിനേടിയ 28,501 ദമ്പതിമാരാണ് രാജ്യത്ത് നിലവിലുള്ളത്. എന്നാൽ, ജൂൺ 28 വരെയുള്ള കണക്കുകൾ പ്രകാരം 3,596 കുട്ടികൾ മാത്രമാണ് ദത്ത് നൽകാൻ അനുമതിയുള്ളവർ. പ്രത്യേക പരിചരണം ആവശ്യമുള്ള 1,380 കുട്ടികൾ ഉൾപ്പെടെയാണിത്. വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയായി സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റി (സി.എ.ആർ.എ.) പുറത്തുവിട്ട രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

യോഗ്യത തെളിയിച്ച ദമ്പതിമാരിൽ 16,155 പേരുടെ നടപടിക്രമങ്ങൾ പൂർത്തിയായിട്ട് മൂന്നുവർഷം പിന്നിട്ടെങ്കിലും കുട്ടികളെ ലഭിക്കാനുള്ള കാത്തിരിപ്പ് തുടരുകയാണ്. ദത്തെടുക്കലിന് അനുമതിയുള്ള കുട്ടികളുടെ ലഭ്യതക്കുറവാണ് നടപടിക്രമങ്ങൾ വൈകാൻ കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. സാധാരണനിലയിൽപോലും ദത്തെടുക്കൽ പൂർത്തിയാക്കാൻ ശരാശരി രണ്ടുമുതൽ രണ്ടരവർഷംവരെ കാലയളവ് ആവശ്യമാണ്.

സ്പെഷ്യലൈസ്ഡ് ദത്തെടുക്കൽ ഏജൻസികളിൽ (എസ്.എ.എ.) നിലവിൽ 7,000 കുട്ടികൾ താമസിക്കുന്നുണ്ട്. ഇവരിൽ 2,971 കുട്ടികൾ ദത്ത് നൽകാൻ പറ്റാത്ത വിഭാഗത്തിൽ ഉൾപ്പെടുന്നവരാണ്. സാമ്പത്തിക ബുദ്ധിമുട്ട് ഉൾപ്പെടെയുള്ള കാരണങ്ങളാൽ കുട്ടിയെ പരിപാലിക്കാൻ കഴിയാത്ത മാതാപിതാക്കൾ ശിശുസംരക്ഷണകേന്ദ്രങ്ങളിൽ പാർപ്പിക്കുന്ന കുട്ടികളെയാണ് ദത്ത് നൽകാൻ പറ്റാത്തവരായി കണക്കാക്കുന്നത്. ദത്തെടുക്കുന്നതിനുമുമ്പ് കുട്ടിക്ക് അഞ്ച് വയസ്സിന് മുകളിലാണെങ്കിൽ അവരുടെ സമ്മതവും ആവശ്യമാണ്. ഇതും കുട്ടികളെ ലഭിക്കാത്തതിന് കാരണമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

രാജ്യത്തെ ദത്തെടുക്കൽ പ്രക്രിയ ലഘൂകരിക്കണമെന്നാവശ്യപ്പെട്ട് പാർലമെന്ററി പാനൽ ശുപാർശചെയ്തിരുന്നു. ദത്തെടുക്കൽ നടപടിക്രമങ്ങൾ സംബന്ധിച്ച് നിയന്ത്രണങ്ങൾ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞവർഷം ഭേദഗതിചെയ്ത ജുവനൈൽ ജസ്റ്റിസ് നിയമം പ്രകാരം ദത്തെടുക്കൽ പ്രക്രിയകൾ വേഗത്തിലാക്കാൻ ജില്ലാ മജിസ്ട്രേറ്റുകളെ നിയോഗിച്ചിട്ടുണ്ട്. മുമ്പ് ദത്ത് നടപടികളെല്ലാം കോടതി മുഖാന്തരമാണ് നടത്തിയിരുന്നത്.

Content Highlights: Over 28,000 prospective parents waiting to adopt a child

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..