പങ്കജ മുണ്ടെ | Photo: PTI
മുംബൈ: ബി.ജെ.പി.യുടെ മുതിർന്നനേതാവും മുൻമന്ത്രിയുമായ പങ്കജ മുണ്ടെ പാർട്ടി വിട്ടേക്കുമെന്ന അഭ്യൂഹത്തിനിടെ അവരെ സ്വാഗതംചെയ്ത് വിവിധപാർട്ടികൾ രംഗത്ത്. തന്നെ ബി.ജെ.പി. ഉൾക്കൊള്ളുന്നില്ലെന്ന പരിഭവവുമായി പങ്കജ മുണ്ടെ കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. ഭാവിപരിപാടികളെക്കുറിച്ച് ആലോചിക്കുന്നതിനുമുമ്പായി ബി.ജെ.പി. മുതിർന്നനേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത്ഷായെ കണ്ട് കാര്യങ്ങൾ ധരിപ്പിക്കുമെന്ന് പങ്കജ വ്യക്തമാക്കി.
പാർട്ടി ദേശീയസെക്രട്ടറിയാണെങ്കിലും മഹാരാഷ്ട്ര ഘടകത്തിൽ തഴയപ്പെട്ട നിലയിലുള്ള അവർ എൻ.സി.പി.യിൽ ചേർന്നേക്കുമെന്ന അഭ്യൂഹം ശക്തമാണ്.
ശിവസേനയുടെ ഇരുവിഭാഗവും കോൺഗ്രസും പങ്കജ മുണ്ടെയെ സ്വാഗതംചെയ്തു. മഹാരാഷ്ട്രയിൽ ബി.ജെ.പി.ക്ക് അടിത്തറപാകിയ ഗോപിനാഥ് മുണ്ടെയുടെ കുടുംബത്തെ ഒതുക്കാനാണ് പാർട്ടി സംസ്ഥാനനേതൃത്വം ശ്രമിക്കുന്നതെന്നും അവരെ പാർട്ടിയിലേക്ക് സ്വാഗതംചെയ്യുന്നുവെന്നും ഉദ്ധവ് വിഭാഗം ശിവസേനാനേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. പങ്കജ മുണ്ടെ ബി.ജെ.പി. വിടുകയാണെങ്കിൽ കോൺഗ്രസിലേക്ക് സ്വാഗതംചെയ്യുമെന്ന് മുതിർന്നനേതാവ് ബാലാസാഹേബ് തോറാട്ട് അറിയിച്ചു. പങ്കജ മുണ്ടെയെ സ്വാഗതംചെയ്ത് ഷിന്ദേ വിഭാഗം ശിവസേനാ നേതാവ് സഞ്ജയ് ഷിർസാത്തും രംഗത്തുവന്നു.
മഹാരാഷ്ട്രയിലെ പ്രബല പിന്നാക്കവിഭാഗമായ വഞ്ചാരി സമുദായത്തിന്റെ പിൻബലമുള്ള പങ്കജ മുണ്ടെ, 2019-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പർളി നിയമസഭാമണ്ഡലത്തിൽ ഗോപിനാഥ് മുണ്ടെയുടെ ജ്യേഷ്ഠസഹോദരന്റെ പുത്രനായ ധനഞ്ജയ് മുണ്ടെയോട് പരാജയപ്പെട്ടിരുന്നു. തന്റെ തോൽവിക്കുപിന്നിൽ പാർട്ടിയിലെ വിഭാഗീയത കാരണമായതായി പങ്കജ മുണ്ടെ വിമർശിച്ചിരുന്നു. എം.എൽ.സി.യായി മത്സരിക്കാൻ അവരാഗ്രഹിച്ചിരുന്നെങ്കിലും പാർട്ടി പരിഗണിച്ചില്ല. ഏക്‌നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള ശിവസേനയുമായി ചേർന്ന് ബി.ജെ.പി. മഹാരാഷ്ട്രയിൽ അധികാരത്തിൽവന്നെങ്കിലും മന്ത്രിസ്ഥാനം ലഭിക്കാത്തതിനെത്തുടർന്ന് പങ്കജ മുണ്ടെ അതൃപ്തിയിലായിരുന്നു.
Content Highlights: pankaja munde likely to quit bjp suggests reports


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..