അനുരഞ്ജനചർച്ചകളിലും സമവായമില്ല; പാർലമെന്റ് സ്തംഭനം തുടരുന്നു


2 min read
Read later
Print
Share

അദാനിവിഷയത്തിൽ ജെ.പി.സി. അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ എം.പി.മാർ പാർലമെന്റ് മന്ദിരത്തി​െന്റ ഒന്നാംനിലയിൽ ബാനർ ഉയർത്തി പ്രതിഷേധിച്ചപ്പോൾ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ ലണ്ടൻപ്രസംഗവും അദാനിവിഷയത്തിലെ ജെ.പി.സി. അന്വേഷണാവശ്യവും കത്തിക്കാളി പാർലമെന്റ് സ്തംഭനം തുടരുന്നു. ബഹളമയമായതിനാൽ ലോക്‌സഭാ സ്പീക്കർ ഓം ബിർളയും രാജ്യസഭാധ്യക്ഷൻ ജഗ്‍ദീപ് ധൻകറും ചൊവ്വാഴ്ച വിളിച്ച അനുരഞ്ജനയോഗത്തിലും സമവായമുണ്ടായില്ല.

ഇന്ത്യയെ അപമാനിച്ച രാഹുൽഗാന്ധി മാപ്പുപറയണമെന്ന് ഭരണപക്ഷവും അദാനിയിൽ സംയുക്ത പാർലമെന്ററിസമിതി അന്വേഷണം വേണമെന്ന് പ്രതിപക്ഷവും വാശിയിലായതിനാൽ സഭാതടസ്സം തുടരുമെന്നുമുറപ്പായി. ഉത്തരേന്ത്യയിൽ പുതുവത്സരത്തുടക്കമായതിനാൽ ബുധനാഴ്ച പാർലമെന്റ് സമ്മേളിക്കില്ല.

ലോക്‌സഭ ചേർന്നയുടൻ ഭരണകക്ഷി അംഗങ്ങൾ രാഹുൽ മാപ്പുപറയണമെന്നും പ്രതിപക്ഷാംഗങ്ങൾ ജെ.പി.സി. അന്വേഷണവും ആവശ്യപ്പെട്ട് ബഹളം തുടങ്ങി. ചോദ്യോത്തരവേള കഴിഞ്ഞാൽ എല്ലാവർക്കും സംസാരിക്കാൻ അവസരം നൽകാമെന്ന് സ്പീക്കർ പ്രതിപക്ഷാംഗങ്ങളോട് പറഞ്ഞെങ്കിലും ബഹളം നിലച്ചില്ല. പിന്നാലെ ഒരുമണിക്ക് ഇരുപക്ഷത്തെയും സ്പീക്കർ ചർച്ചയ്ക്കായി വിളിച്ചു. നേരത്തേ മന്ത്രി പിയൂഷ് ഗോയലുമായി കോൺഗ്രസ് കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരിയും ചർച്ചനടത്തി. അദാനിയിലെ കടുംപിടിത്തം ഉപേക്ഷിച്ചാൽ രാഹുലിന്റെ കാര്യത്തിലും വിട്ടുവീഴ്ചയാവാമെന്ന നിർദേശം മുന്നോട്ടുവെച്ചതായാണ് അറിവ്.

ഉച്ചയ്ക്കുശേഷവും ബഹളം തുടർന്നപ്പോൾ ചെയറിലുണ്ടായിരുന്ന രാജേന്ദ്ര അഗർവാൾ ജമ്മു-കശ്മീർ ബജറ്റും ഉപധനാഭ്യർഥന ബില്ലും ശബ്ദവോട്ടോടെ പാസാക്കി. സഭയ്ക്കുപുറത്തും പ്രതിപക്ഷം പ്രതിഷേധിച്ചു.

രാജ്യസഭയിലും സമാനരംഗങ്ങൾ അരങ്ങേറി. ധൻകർ വിളിച്ച ആദ്യയോഗത്തിൽ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ., എ.എ.പി., ബി.ജെ.ഡി., ആർ.ജെ.ഡി., സി.പി.എം., സി.പി.ഐ., ജെ.ഡി.യു., എ.ഐ.എ.ഡി.എം.കെ., എൻ.സി.പി., എസ്.പി., ശിവസേന, ബി.ആർ.എസ്., എ.ജി.പി. നേതാക്കൾ പങ്കെടുത്തില്ല. അതേസമയം, ബി.ജെ.ഡി., ടി.ഡി.പി., വൈ.എസ്.ആർ. കോൺഗ്രസ്, ബി.ജെ.പി. നേതാക്കൾ സന്നിഹിതരായി. വിട്ടുനിന്നവരോട് തീരുമാനം പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ശരത് പവാർ (ശിവസേന), തിരുച്ചി ശിവ (ഡി.എം.കെ.), ശന്തനു സെൻ (തൃണമൂൽ) തുടങ്ങിയവർ പങ്കെടുത്തു.

നരേന്ദ്രമോദിക്ക് ആഗോള അംഗീകാരം ലഭിച്ചപ്പോൾ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാൻ പ്രതിപക്ഷം നിരുത്തരവാദപരമായ പരാമർശങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഉന്നയിച്ച് പാർലമെന്റ് മനഃപൂർവം സ്തംഭിപ്പിക്കുകയാണെന്ന് ബി.ജെ.പി. ആരോപിച്ചു. പ്രതിപക്ഷം ഉപരാഷ്ട്രപതി ധൻകറിനെ തുടർച്ചയായി അപമാനിക്കുകയാണെന്നും മന്ത്രിമാരായ പിയൂഷ് ഗോയലും പ്രഹ്ലാദ് ജോഷിയും പറഞ്ഞു. പ്രധാനമന്ത്രിയുമായി ബന്ധമുള്ള അദാനിയുടെ കുംഭകോണത്തെയും രാഹുലിനുനേരെയുള്ള അടിസ്ഥാനമില്ലാത്ത ആരോപണത്തെയും എങ്ങനെ ബന്ധിപ്പിക്കാനാവുമെന്ന് കോൺഗ്രസ് നേതാവ് ജയ്‌റാം രമേഷ് തിരിച്ചടിച്ചു.

Content Highlights: Parliament remains deadlocked

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..