പ്രതീകാത്മക ചിത്രം | Photo: ANI
മുംബൈ: രാജ്യത്തെ എണ്ണക്കമ്പനികൾ 137 ദിവസമായി നിർത്തിവെച്ചിരുന്ന പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടിത്തുടങ്ങിയതോടെ എങ്ങും ആശങ്കയാണ്. എവിടെച്ചെന്നാണ് ഈ കയറ്റം അവസാനിക്കുക?
അഞ്ചുദിവസത്തിനിടെ പ്രാദേശിക വ്യത്യാസമനുസരിച്ച് ലിറ്ററിന് മൂന്നുരൂപയിലേറെ കൂടിക്കഴിഞ്ഞു. യുക്രൈൻ യുദ്ധം ഉയർത്തുന്ന അനിശ്ചിതത്വത്തിൽ വിലവർധന ഇവിടംകൊണ്ട് നിൽക്കില്ലെന്ന് വിവിധ ഗവേഷണ ഏജൻസികൾ കണക്കുകൾ നിരത്തി പറയുന്നു.
പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെല്ലിന്റെ കണക്കനുസരിച്ച് മാർച്ച് 25-ന് ഇന്ത്യൻ ബാസ്കറ്റിൽ 117.71 ഡോളറാണ് അസംസ്കൃത എണ്ണയുടെ വില. വീപ്പയ്ക്ക് 82 ഡോളറിൽ നിന്നപ്പോഴാണ് പെട്രോൾ വിലകൂട്ടുന്നത് നിർത്തിവെച്ചത്. ഇതിനുശേഷം ഹ്രസ്വകാലയളവിൽ വില 68 ഡോളർ വരെ കുറഞ്ഞെങ്കിലും വൈകാതെ തിരിച്ചുകയറി. ആഗോള വിപണിയിൽ പിന്നീട് വില 139 ഡോളർ വരെയെത്തി. ഈ സാഹചര്യത്തിൽ ഇന്ധനവില സ്ഥിരമായിനിർത്തിയ കാലത്ത് പൊതുമേഖലാ എണ്ണക്കമ്പനികളായ ഐ.ഒ.സി, ബി.പി.സി.എൽ, എച്ച്.പി.സി.എൽ. എന്നിവയ്ക്ക് 19,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് മൂഡീസ് പറയുന്നത്. അന്താരാഷ്ട്രവില കുറഞ്ഞാൽ മാത്രമേ ഇവയ്ക്ക് ഈ നഷ്ടം നികത്താൻ കഴിയൂ.
വർധന ഇങ്ങനെ
അസംസ്കൃത എണ്ണവില വീപ്പയ്ക്ക് ഒരു ഡോളർ ഉയരുമ്പോൾ ലിറ്ററിന് 55 മുതൽ 60 പൈസ വരെ വർധിപ്പിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. ഡോളറിനെതിരേ രൂപയുടെ മൂല്യശോഷണംകൂടി കണക്കാക്കുമ്പോൾ ഇത് 70 മുതൽ 80 പൈസ വരെയാകാം. ഈ സാഹചര്യത്തിൽ എണ്ണക്കമ്പനികളുടെ നഷ്ടം നികത്തണമെങ്കിൽ ലിറ്ററിന് ചുരുങ്ങിയത് 16.5 രൂപയെങ്കിലും വർധിപ്പിക്കുണ്ടതുണ്ട്. ഇത് പണപ്പെരുപ്പം 0.4 ശതമാനം മുതൽ 0.45 ശതമാനം വരെ ഉയരാനിടയാക്കും. ഏപ്രിൽ മുതലായിരിക്കും ഇതിന്റെ പ്രതിഫലനമുണ്ടാകുക.
ഏതുവരെ പോകാം
നാലുദിവസംകൊണ്ട് മൂന്നുരൂപയിലേറെ കൂടിക്കഴിഞ്ഞു. എത്രകാലം ഇതുതുടരണമെന്ന് കമ്പനികൾ നിശ്ചയിച്ചിട്ടില്ല. അന്താരാഷ്ട്ര എണ്ണവില വീപ്പയ്ക്ക് 100 ഡോളറിനും 120 ഡോളറിനും ഇടയിലാണെങ്കിൽ ഡീസൽ വില ലിറ്ററിന് 13.1 രൂപ മുതൽ 24.9 രൂപ വരെയും പെട്രോൾ ലിറ്ററിന് 10.6 രൂപ മുതൽ 22.3 രൂപ വരെയും കൂട്ടേണ്ടിവരുമെന്നാണ് റിസർച്ച് ഏജൻസിയായ കൊടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് പറയുന്നത്. അസംസ്കൃത എണ്ണവില 100 ഡോളറിൽ നിന്നാൽ പെട്രോൾ, ഡീസൽ വിലയിൽ ഒമ്പതു മുതൽ 12 രൂപ വരെയും 110 - 120 ഡോളറിലേക്കു കയറിയാൽ 15 മുതൽ 20 രൂപ വരെയും വർധിക്കുമെന്ന് ക്രിസിലും കണക്കുകൂട്ടുന്നു. പെട്രോൾ - ഡീസൽ വില ഉയരുന്നത് ചരക്കുനീക്ക ചെലവു കൂട്ടും. ഇത് അവശ്യവസ്തുക്കളുടെ വിലവർധനയ്ക്കു കാരണമാകും. പിന്നാലെ, പണപ്പെരുപ്പവും മുകളിലേക്കു നീങ്ങും.
എക്സൈസ് തീരുവ
പണപ്പെരുപ്പം നിലയ്ക്കുനിർത്താൻ കേന്ദ്രസർക്കാർ ഇന്ധനവിലയിലുള്ള എക്സൈസ് തീരുവ കുറയ്ക്കുമോ എന്നത് അറിയേണ്ടതുണ്ട്. ഇതിലൂടെ വിലവർധനയുടെ ബാധ്യതയിൽ ഒരുഭാഗം സർക്കാർ ഏറ്റെടുത്താൽ സാധാരണക്കാർക്ക് വലിയ ആശ്വാസമാകും. നവംബർ നാലിന് ഡീസലിന് പത്തുരൂപയും പെട്രോളിന് അഞ്ചു രൂപയും എക്സൈസ് തീരുവയിനത്തിൽ കേന്ദ്രസർക്കാർ കുറച്ചിരുന്നു. ചില സംസ്ഥാനങ്ങൾ വാറ്റും വെട്ടിക്കുറച്ചു. ഈ സംസ്ഥാനങ്ങളിൽ ഇപ്പോഴും പെട്രോളിന് 100 രൂപയിൽ താഴെയാണ് വില.
Content Highlights: petrol pricepetrol price
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..