പ്രതീകാത്മക ചിത്രം |ഫോട്ടോ:AP
ന്യൂഡൽഹി: എല്ലാ മരുന്നുകടകളിലും ഫാർമസിസ്റ്റുകളുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സംസ്ഥാനങ്ങളോട് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ). അവരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ മാത്രമേ മരുന്നുകൾ വിൽക്കാവൂ. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന ഡ്രഗ് കൺട്രോളർമാർക്ക് ഡി.സി.ജി.ഐ. മേധാവി രാജീവ് സിങ് രഘുവംശി കത്തയച്ചു.
കൃത്യമായ കുറിപ്പടിയില്ലാതെ മരുന്നുകൾ വിൽക്കുന്നത് തടയുകയാണ് നടപടിയുടെ ലക്ഷ്യം. 1947-ലെ ഫാർമസി ആക്ട് പ്രകാരം യോഗ്യതയുള്ള ഫാർമസിസ്റ്റിന്റെയും മെഡിക്കൽ പ്രാക്ടീഷണറുടെയും മേൽനോട്ടത്തിൽ മാത്രമേ മരുന്നുകൾ വിൽക്കാവൂ. എന്നാൽ, ഇത് പലപ്പോഴും ലംഘിക്കപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അസോസിയേഷന്റെ (ഐ.പി.എ.) ദേശീയ ജനറൽ സെക്രട്ടറി സുരേഷ് ഖന്ന ഡി.സി.ജി.ഐ.ക്ക് കത്തെഴുതിയിരുന്നു.
ഇ ഫാർമസികൾക്കും നിയമം ബാധകമാണ്. വിഷയത്തിൽ ഈ മാസമാദ്യം ഡി.സി.ജി.ഐ. ഇരുപതോളം ഇ ഫാർമസികൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.
ഫാർമസിസ്റ്റുകൾ മരുന്ന് എഴുതേണ്ടാ -എൻ.എം.സി.
: രോഗികൾക്കുള്ള മരുന്ന് കുറിപ്പടി എഴുതാൻ ഫാർമസിസ്റ്റുകൾക്ക് അനുമതി നൽകാനുള്ള ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയുടെ നിർദേശത്തിന് ദേശീയ മെഡിക്കൽ കമ്മിഷന്റെ (എൻ.എം.സി.) എതിർപ്പ്. മരുന്ന് എഴുതേണ്ടത് രോഗികളെ പരിശോധിച്ച് രോഗനിർണയം നടത്തുന്നതിനെ ആശ്രയിച്ചാണെന്ന് ചൂണ്ടിക്കാട്ടിയാണ് എൻ.എം.സി. എതിർപ്പ് പ്രകടിപ്പിച്ചതെന്ന് ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ ലോക്‌സഭയിൽ രേഖാമൂലം അറിയിച്ചു.
സർക്കാരാശുപത്രികളിലെ ഫാർമസിസ്റ്റ് നിയമനം, അവരുടെ ശമ്പളം, യോഗ്യത എന്നിവ അതത് സംസ്ഥാനത്തെ നിയമങ്ങൾക്കനുസരിച്ചാണ് നിയന്ത്രിക്കപ്പെടുന്നത്. ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയുടെ ഫാർമസി പ്രാക്ടീസ് റെഗുലേഷൻസ് പ്രകാരം ഫാം.ഡി, ഡി.ഫാം, ബി.ഫാം ബിരുദധാരികൾക്ക് ജോലിചെയ്യാൻ അർഹതയുണ്ട്.
Content Highlights: Pharmacists are mandatory in medical shop
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..