സുപ്രീം കോടതി| Photo: PTI
ന്യൂഡൽഹി: വാടകയ്ക്കും പാട്ടത്തുകയ്ക്കുംമേൽ ജി.എസ്.ടി. ചുമത്തുന്നതിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്യുന്ന ഹർജി പരിശോധിക്കാൻ സുപ്രീംകോടതി. ഇക്കാര്യത്തിൽ സർക്കാരിന്റെ നിർദേശംതേടി മറുപടി അറിയിക്കാൻ അഡീഷണൽ സോളിസിറ്റർ ജനറൽ എൻ. വെങ്കട്ടരാമനോട് സുപ്രീംകോടതി അഭ്യർഥിച്ചു. അദ്ദേഹത്തിന് ഹർജിയുടെ കോപ്പി നൽകാൻ പരാതിക്കാർക്കും നിർദേശം നൽകി. ബോംബെ ഹൈക്കോടതി വിധിക്കെതിരേ മിറായാഷ് ഹോട്ടൽസ് നൽകിയ അപ്പീലാണ് ജസ്റ്റിസ് എം.ആർ. ഷാ അധ്യക്ഷനായ ബെഞ്ച് പരിശോധിക്കുന്നത്. ഇക്കാര്യത്തിൽ മേയ് നാലിനകം മറുപടി സമർപ്പിക്കാനാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.
ജി.എസ്.ടി. നിയമത്തിന്റെ രണ്ടാം ഷെഡ്യൂളിലെ രണ്ടാമത്തെ ഖണ്ഡികയുടെ ഭരണഘടനാ സാധുതയാണ് ഹർജിയിൽ ചോദ്യംചെയ്യുന്നത്. ചരക്കിനും സേവനത്തിനും മാത്രമേ ജി.എസ്.ടി. ചുമത്താവൂയെന്നാണ് ഭരണഘടനയുടെ 246 എ-യിൽ പറയുന്നതെന്ന് ഹർജിയിൽ പറഞ്ഞു. പാട്ടവും വാടകയും സേവനമല്ലാത്തതിനാൽ ജി.എസ്.ടി. ചുമത്താനാവില്ല. സ്ഥാവരവസ്തുക്കളുമായി ബന്ധപ്പെട്ട നികുതി സംബന്ധിച്ച നിയമനിർമാണത്തിന് സംസ്ഥാന നിയമസഭകൾക്ക് മാത്രമാണ് അധികാരം. അതിനാൽ ഭരണഘടനയുടെ 246-എ പ്രകാരം ജി.എസ്.ടി. ചുമത്താനാവില്ല. ഒരു വസ്തു പാട്ടത്തിനു നൽകുമ്പോൾ അതിന്റെ എല്ലാ അവകാശവും കൈമാറുന്നുണ്ട്. ഭൂമി പാട്ടം നൽകുമ്പോൾ ജി.എസ്.ടി. ചുമത്തിയാൽ നികുതി ഈടാക്കുന്നത് ആ സ്ഥലത്തിനാണ്. ഭൂമിയിൽനിന്നുള്ള വരുമാനത്തിൻമേൽ ജി.എസ്.ടി. ചുമത്താനാവില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..