പ്രധാനമന്ത്രി നരേന്ദ്രമോദി | Photo: PTI
ന്യൂഡല്‍ഹി:ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭരണവിരുദ്ധവികാരമുയരുന്നുണ്ടെങ്കില്‍ മറികടക്കാന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി. 2004-ല്‍ ‘ഇന്ത്യ തിളങ്ങുന്നു’ എന്ന പ്രചാരണവുമായി തിരഞ്ഞെടുപ്പിനെ നേരിട്ടതിനുശേഷമുണ്ടായ തിരിച്ചടി ആവര്‍ത്തിക്കപ്പെടരുത്. താഴെത്തട്ടിലെ ജനങ്ങളുമായി പ്രവര്‍ത്തകരും നേതാക്കളും അടുത്ത ബന്ധം പുലര്‍ത്തണമെന്നും മോദി നിര്‍ദേശിച്ചു.
കഴിഞ്ഞദിവസം ഡൽഹിയിൽ ലോക്‌സഭാതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ചര്‍ച്ചചെയ്യാൻചേർന്ന ബി.ജെ.പി. ഉന്നതതല യോഗത്തിലാണ് നിര്‍ദേശങ്ങൾ നല്‍കിയത്.
പ്രവര്‍ത്തകരും നേതാക്കളും താഴെത്തട്ടിലെ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളണം. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍വിരുദ്ധവികാരമുണ്ടെങ്കില്‍ അത് അനുകൂലവികാരമാക്കി മാറ്റണം. പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും അമിതമായ ആത്മവിശ്വാസമുണ്ടാകരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2004-ലെ പ്രചാരണം തിരിച്ചടിയുണ്ടാക്കിയ കാര്യം ഉദാഹരണമായി മോദി ചൂണ്ടിക്കാട്ടി. പ്രചാരണവും താഴെത്തട്ടിലെ യാഥാര്‍ഥ്യങ്ങളും തമ്മില്‍ പൊരുത്തപ്പെടാതെപോയതോടെയാണ് എന്‍.ഡി.എ.ക്ക് അന്ന് ഭരണത്തുടര്‍ച്ച ലഭിക്കാതെപോയത്. ഇത് ആവര്‍ത്തിക്കരുത്.
പാര്‍ട്ടിയുടെ ഭരണപ്രതീക്ഷകള്‍ക്ക് തടസ്സമുണ്ടാക്കുന്ന വിഷയങ്ങള്‍ കണ്ടെത്താനും അത് തിരിച്ചറിയാനും നേതാക്കള്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. ജനങ്ങളുമായുള്ള ബന്ധം വിട്ടുപോകരുത്. സമ്പര്‍ക്കവും സംവാദവും നിലനിര്‍ത്തണം.
ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നേതൃഘടനയില്‍ സംഘടനാപരമായ ഇടപെടലുകളും അഴിച്ചുപണികളും ആവശ്യമുണ്ടെങ്കില്‍ നടപ്പാക്കണം. യോഗത്തില്‍ ബി.ജെ.പി. ദേശീയാധ്യക്ഷന്‍ ജെ.പി. നഡ്ഡ, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ തുടങ്ങിയവര്‍ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..