പ്രധാനമന്ത്രി നരേന്ദ്ര മോദി |ഫോട്ടോ:PTI
ന്യൂഡൽഹി: ഗുരുഗോവിന്ദ് സിങ്ങിന്റെ മക്കളെ വാൾമുനയിൽനിർത്തി മതംമാറ്റാനായിരുന്നു ഔറംഗസേബിന്റെയും കൂട്ടരുടെയും പദ്ധതിയെന്ന് പ്രധാമന്ത്രി നരേന്ദ്രമോദി. ന്യൂഡൽഹിയിലെ മേജർ ധ്യാൻചന്ദ് സ്റ്റേഡിയത്തിൽ നടന്ന വീർ ബാൽ ദിവാസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
അവസാനത്തെ സിഖ് ഗുരുവായ ഗുരു ഗോവിന്ദ് സിങ്ങിന്റെയും കുടുംബത്തിന്റെയും അനുസ്മരണാർഥം നടന്ന പരിപാടിയായിരുന്നു.
ഔറംഗസേബിന്റെ ഭീകരതയ്ക്കും ഇന്ത്യയെ മാറ്റാനുള്ള പദ്ധതികൾക്കുമെതിരേ നിശ്ചയദാർഢ്യത്തോടെ നിലകൊണ്ട വ്യക്തിയാണ് ഗുരുഗോവിന്ദ് സിങ്ങെന്ന് നരേന്ദ്രമോദി പറഞ്ഞു.
“മൂന്ന് നൂറ്റാണ്ടുകൾക്കുമുമ്പ് നടന്ന ചാംകൗർ, സിർഹിന്ദ് യുദ്ധങ്ങളിൽ വർഗീയ തീവ്രവാദം കാരണം അന്ധനായ മുഗൾ സുൽത്താനെതിരേ തീവ്രവാദത്തിനും വർഗീയ കലാപത്തിനും പിടികൊടുക്കാതെയാണ് വീർ സാഹിബ്സാദെ നിലനിന്നത്. ഇന്ത്യയെ വിജയത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകണമെങ്കിൽ ഭൂതകാലത്തിന്റെ ഇടുങ്ങിയ വീക്ഷണങ്ങളിൽനിന്ന് നാം സ്വതന്ത്രരാകണം”- അദ്ദേഹം പറഞ്ഞു.
മുന്നൂറോളം ബാൽകീർത്തനങ്ങൾ അവതരിപ്പിച്ച ‘ശബാദ് കീർത്തന’ത്തിലും മോദി പങ്കെടുത്തു.
ഗുരു ഗോവിന്ദ് സിങ്ങിന്റെ മക്കളായ സാഹിബ്സാദ സൊരാവർ സിങ്ങിന്റെയും സാഹിബ്സാദ ഫത്തേ സിങ്ങിന്റെയും രക്തസാക്ഷിത്വത്തിന്റെ സ്മരണയ്ക്കായി ഡിസംബർ 26 ‘വീർബാൽ ദിവസ്’ ആയി ആചരിക്കുമെന്ന് 2022 ജനുവരി ഒമ്പതിന് നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു.
Content Highlights: PM Modi On Veer Bal Diwas
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..