Prime Minister Narendra Modi. Photo:AP
മൈസൂരു: അന്താരാഷ്ട്ര യോഗദിനാഘോഷത്തിൽ പങ്കെടുക്കാൻ മൈസൂരുവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഭാതഭക്ഷണം കഴിച്ചത് മൈസൂരു കൊട്ടാരത്തിൽനിന്ന്. മൈസൂരു മഹാറാണി പ്രമോദദേവി വോഡയാറിന്റെ അഭ്യർഥനപ്രകാരമാണ് പ്രധാനമന്ത്രി കൊട്ടാരത്തിലെത്തിയത്.
ദക്ഷിണേന്ത്യൻരീതിയിലുള്ള വിഭവങ്ങളാണ് പ്രധാനമന്ത്രിക്കായി ഒരുക്കിയത്. പ്രശസ്തമായ ‘മൈസൂർപാക്ക്’, ‘മൈസൂർ മസാലദോശ’ എന്നിവയായിരുന്നു വിഭവങ്ങളിലെ ശ്രദ്ധേയ ഇനങ്ങൾ. കാശി ഹൽവ, ഉപ്പുമാവ്, മദ്ദൂർ വട, പൊങ്കൽ, ബ്രഡും വെണ്ണയും, തേങ്ങ ചട്നി, തക്കാളി ചട്നി, ഇഡലി, സാമ്പാർ എന്നിവയായിരുന്നു മറ്റിനങ്ങൾ. രാജകുടുംബത്തിന്റെ ഉടമസ്ഥതയിൽ ഊട്ടിയിലുള്ള രണ്ട് ഹോട്ടലുകളിൽനിന്നെത്തിയ പാചകവിദഗ്ധരാണ് ഭക്ഷണമൊരുക്കിയത്. ഭക്ഷണശേഷം പ്രധാനമന്ത്രി കൊട്ടാരം നടന്നുകണ്ടു.
യോഗപ്രദർശനത്തിൽ പങ്കെടുത്തശേഷം കൊട്ടാരത്തിനുമുന്നിലെ ദസറ എക്സിബിഷൻ മൈതാനിയിൽ സംഘടിപ്പിച്ച കേന്ദ്ര ആയുഷ്മന്ത്രാലയത്തിന്റെ യോഗ പ്രദർശനം ഉദ്ഘാടനംചെയ്തശേഷമാണ് പ്രഭാതഭക്ഷണത്തിനായി പ്രധാനമന്ത്രി കൊട്ടാരത്തിലെത്തിയത്. മൈസൂരു രാജാവ് യെദുവീർ കൃഷ്ണദത്ത ചാമരാജ വോഡയാർ, പ്രമോദദേവി എന്നിവർ ചേർന്ന് സ്വീകരിച്ചു.
മൈസൂരു കൊട്ടാരത്തിൽ പ്രഭാതഭക്ഷണം കഴിക്കാനുള്ള ക്ഷണം പ്രധാനമന്ത്രി സ്വീകരിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രമോദദേവി പറഞ്ഞു. യെദുവീറിന്റെ പത്നി ത്രിഷികകുമാരി വോഡയാർ, മകൻ ആദ്യവീർ നരസിംഹരാജ വോഡയാർ എന്നിവരും പ്രധാനമന്ത്രിയെ സ്വീകരിക്കാനുണ്ടായിരുന്നു. കർണാടക ഗവർണർ താവർചന്ദ് ഗഹ്‌ലോത്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Content Highlights: PM Modi relishes Mysore pak, masala dosa at Royal Palace in Mysuru
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..