കുടുംബവാഴ്ചയ്ക്ക് ജനം അന്ത്യംകുറിക്കുകയാണെന്ന് മോദി


തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഹാരം അണിയിക്കുന്ന ബിജെപി നേതാക്കൾ| ഫോട്ടോ: എ.എൻ.ഐ

ന്യൂഡൽഹി: രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയ്ക്ക് ജനങ്ങൾ അന്ത്യംകുറിക്കുന്നുവെന്നതിന്റെ ആദ്യസൂചന നൽകുന്ന തിരഞ്ഞെടുപ്പിനാണ് രാജ്യം സാക്ഷിയായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

കുടുംബവാഴ്ചയുള്ള പാർട്ടികൾ ഭരണം കൈയാളുന്ന സംസ്ഥാനങ്ങൾ ആളുകൾക്ക് ദുരിതം മാത്രമേ സമ്മാനിച്ചിട്ടുള്ളൂവെന്നും ബി.ജെ.പി. ദേശീയ ആസ്ഥാനത്ത് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരേ ബി.ജെ.പി. ഒറ്റക്കെട്ടായി അണിനിരന്നു. അതിനുഫലവുമുണ്ടായി. ജാതിക്കും മതത്തിനും അതീതമായി ജനങ്ങൾ ബി.ജെ.പി.ക്കൊപ്പംനിന്നു. ജാതി ജനങ്ങളെ വേർതിരിക്കുകയല്ല ഒന്നിപ്പിക്കുമെന്ന് ജനങ്ങൾ തെളിയിച്ചു. യു.പി.യിൽനിന്ന് ഒരുപാടുപേർ പ്രധാനമന്ത്രിയായിട്ടുണ്ട്. എന്നാൽ, അഞ്ചുവർഷത്തെ ഭരണം പൂർത്തിയാക്കി വീണ്ടും ഒരാൾ മുഖ്യമന്ത്രിയാകുന്നത് ആദ്യമായാണ്. മണിപ്പുരിലും ഗോവയിലും ഉത്തരാഖണ്ഡിലും ജനങ്ങൾ ബി.ജെ.പി.ക്കൊപ്പംനിന്നു.

ഇവിടങ്ങളിലെ വികസനമാതൃകകളിൽ വ്യത്യാസമുണ്ടെങ്കിലും ബി.ജെ.പി.യിലുള്ള വിശ്വാസത്തിൽ ജനങ്ങൾ ഒറ്റക്കെട്ടായിനിന്നു. അടിസ്ഥാന ആവശ്യങ്ങൾക്കായി ജനങ്ങളെ സർക്കാർ ഓഫീസുകളിൽ കയറ്റിയിറക്കിയിരുന്ന സർക്കാരുകളാണ് രാജ്യം ഒരുകാലത്ത് ഭരിച്ചത്. എന്നാൽ, പാർപ്പിടം, കുടിവെള്ളം, പാചകവാതകം തുടങ്ങി അടിസ്ഥാനസൗകര്യങ്ങൾ ഉൾപ്പെടെ ജനങ്ങളിലെത്തിക്കുന്നതിലാണ് ബി.ജെ.പി. ശ്രദ്ധകേന്ദ്രീകരിച്ചത്. ആഘോഷത്തിന്റെ അവസരമാണിത്. ബി.ജെ.പി.യിൽ വിശ്വാസമർപ്പിച്ച എല്ലാവർക്കും നന്ദി. പ്രത്യേകിച്ച് വനിതകൾക്കും യുവാക്കൾക്കും. ബി.ജെ.പി.യ്ക്ക് വോട്ടുചെയ്തതിൽ ഭൂരിഭാഗവും സ്ത്രീകളും യുവാക്കളുമാണ്. കോവിഡും യുക്രൈൻ യുദ്ധവും രാജ്യത്ത് പ്രതിസന്ധികൾ സൃഷ്ടിച്ചെങ്കിലും രാജ്യം കരുത്തോടെ അവയെല്ലാം നേരിട്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജാതിരാഷ്ട്രീയം കുഴിച്ചുമൂടിയെന്ന് യോഗി

ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള രാഷ്ട്രീയം കുഴിച്ചുമൂടിയെന്നതാണ് ഈ തിരഞ്ഞെടുപ്പിലെ പ്രധാനനേട്ടമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെറ്റിദ്ധാരണ പരത്തുന്ന പ്രതിപക്ഷത്തിന്റെ പ്രചാരണം ജനങ്ങൾ തള്ളിക്കളഞ്ഞു. ബി.ജെ.പി. സർക്കാരിന്റെ സദ്ഭരണത്തിൽ അവർ വിശ്വാസമർപ്പിച്ചു -തിരഞ്ഞെടുപ്പു വിജയത്തിനുശേഷം ലഖ്നൗവിൽ ബി.ജെ.പി. ആസ്ഥാനത്ത് ജനങ്ങളെ അഭിസംബോധനചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..