കീഴ്‍വഴക്കം മറികടക്കാൻ മോദി; നാളെ അസ്തമയശേഷം ചെങ്കോട്ടയിൽ പ്രസംഗം


നരേന്ദ്ര മോദി | Photo: AP

ന്യൂഡൽഹി: സൂര്യാസ്തമയശേഷം ചെങ്കോട്ടയിൽ പ്രസംഗിക്കുന്ന ആദ്യ പ്രധാനമന്ത്രിയാകാൻ നരേന്ദ്രമോദി. ഒമ്പതാം സിഖ് ഗുരു തേഗ് ബഹാദൂറിന്റെ നാനൂറാം ജന്മവാർഷികമായ വ്യാഴാഴ്ച രാത്രി ഒമ്പതരയ്ക്ക് അദ്ദേഹം ചെങ്കോട്ടയിലെ പുൽത്തകിടിയിൽ രാജ്യത്തെ അഭിസംബോധനചെയ്യും. പ്രധാനമന്ത്രിമാർ സ്വാതന്ത്ര്യദിനത്തിൽ പ്രസംഗിക്കുന്നത് ചെങ്കോട്ടയുടെ കവാടത്തിലാണ്.

മുഗൾ ഭരണാധികാരി ഔറംഗസേബ് ചെങ്കോട്ടയിൽനിന്നാണ് ഗുരു തേഗ് ബഹാദൂറിനെ വധിക്കാൻ ഉത്തരവിട്ടത്. ഇതാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തിനായി ഇവിടം തിരഞ്ഞെടുത്തതെന്ന് സംസ്കാരികമന്ത്രാലയം ഉദ്യോഗസ്ഥർ പറഞ്ഞു. 1675-ലാണ് തേഗ്‌ ബഹാദൂറിനെ വധിച്ചത്.

‘മതാന്തര സമാധാനവും സാമുദായിക സാഹോദര്യ’വുമാകും പ്രധാനമന്ത്രിയുടെ പ്രസംഗവിഷയം.

സ്വാതന്ത്ര്യദിനത്തിലല്ലാതെ മോദി ചെങ്കോട്ടയിൽ പ്രസംഗിക്കുന്നത് ഇതു രണ്ടാം തവണയാണ്. നേതാജി സുഭാഷ് ചന്ദ്ര ബോസ് ആസാദ് ഹിന്ദ് സർക്കാർ രൂപവത്കരിച്ചതിന്റെ 75-ാം വർഷമായ 2018-ൽ അദ്ദേഹം ചെങ്കോട്ടയിൽ പ്രസംഗിച്ചിരുന്നു. രാവിലെ ഒമ്പതിനായിരുന്നു പ്രസംഗം.

ചെങ്കോട്ടയ്ക്കു തൊട്ടടുത്താണ് ചാന്ദ്നി ചൗക്കിലെ സിസ് ഗഞ്ച് സാഹിബ് ഗുരുദ്വാര. മുഗളർ ഗുരു തേഗ്‌ ബഹാദൂറിനെ വധിച്ച സ്ഥലത്താണ് ഈ ഗുരുദ്വാര. പാർലമെന്റിനടുത്തുള്ള റാകബ് ഗഞ്ച് സാഹിബ് ഗുരുദ്വാര അദ്ദേഹത്തിന്റെ ശവസംസ്കാരംനടന്ന സ്ഥലമാണെന്നും സാംസ്കാരികമന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു.

Content Highlights: PM Modi to address nation from Red Fort after sunset on Thursday

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..