'വിമാനത്തെക്കാൾ നൂറിരട്ടി മെച്ചം'; വന്ദേഭാരതിൽ കയറുന്നവർ വിമാനത്തിനുപകരം അതിലാവും യാത്ര -മോദി


‘‘പുറത്തുനിന്നുള്ള ശബ്ദമൊന്നും കേൾക്കില്ല. അക്കാര്യത്തിൽ വിമാനത്തെക്കാൾ നൂറിരട്ടി മെച്ചമാണ്. സാധാരണ ശതാബ്ദി തീവണ്ടികൾ പോലും അഹമ്മദാബാദിൽനിന്ന് മുംബൈയിലെത്താൻ ഏഴു മണിക്കൂറെടുക്കും. അഞ്ചര മണിക്കൂറുകൊണ്ട് വന്ദേഭാരത് ഓടിയെത്തും. കൂടുതൽ ലഗേജ് സ്ഥലവും യാത്രാസമയക്കുറവും മൂലം സാധാരണക്കാരും ഇത്തരം വണ്ടികൾ തിരഞ്ഞെടുക്കും.”

ഗാന്ധിനഗറിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള യാത്രയ്ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേഭാരത് എക്സ്പ്രസിൽ കയറിയപ്പോൾ

അഹമ്മദാബാദ്: വന്ദേ ഭാരത് തീവണ്ടിക്ക് വിമാനത്തെക്കാൾ യാത്രാ സുഖമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരിക്കൽ ഇതിൽ യാത്രചെയ്യുന്നവർ പിന്നീട് വിമാനത്തിനുപകരം വന്ദേഭാരത് പിടിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നവീകരിച്ച വന്ദേഭാരത് തീവണ്ടിയും അഹമ്മദാബാദ് മെട്രോ തീവണ്ടിയും ഫ്ളാഗ് ഓഫ് ചെയ്തശേഷം അഹമ്മദാബാദിലെ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മോദി.

ഗാന്ധിനഗറിൽനിന്ന് അഹമ്മദാബാദ് വരെ പ്രധാനമന്ത്രി വന്ദേഭാരതിൽ യാത്ര ചെയ്തു. ‘‘പുറത്തുനിന്നുള്ള ശബ്ദമൊന്നും കേൾക്കില്ല. അക്കാര്യത്തിൽ വിമാനത്തെക്കാൾ നൂറിരട്ടി മെച്ചമാണ്. സാധാരണ ശതാബ്ദി തീവണ്ടികൾ പോലും അഹമ്മദാബാദിൽനിന്ന് മുംബൈയിലെത്താൻ ഏഴു മണിക്കൂറെടുക്കും. അഞ്ചര മണിക്കൂറുകൊണ്ട് വന്ദേഭാരത് ഓടിയെത്തും. കൂടുതൽ ലഗേജ് സ്ഥലവും യാത്രാസമയക്കുറവും മൂലം സാധാരണക്കാരും ഇത്തരം വണ്ടികൾ തിരഞ്ഞെടുക്കും.”- അദ്ദേഹം അഭിപ്രായപ്പെട്ടു.വന്ദേഭാരത് തീവണ്ടിയും അഹമ്മദാബാദ് മെട്രോ തീവണ്ടിയും കേന്ദ്രത്തിലും സംസ്ഥാനത്തിലും ഒരേ സർക്കാരുകൾ ഭരിക്കുന്നതു മൂലമുള്ള ഇരട്ട എൻജിന്റെ നേട്ടങ്ങളാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ ഗതിശക്തി മാസ്റ്റർ പ്ളാനിന്റെ വിജയമാണ് നഗരങ്ങളിലെ അതിവേഗ യാത്രാസൗകര്യങ്ങൾ. വിവിധ യാത്രാമാർഗങ്ങൾ തമ്മിൽ ബന്ധിപ്പിക്കുകയാണ് ലക്ഷ്യം -അദ്ദേഹം പറഞ്ഞു. വന്ദേഭാരതിൽ അഹമ്മദാബാദ് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ മോദി അവിടെനിന്ന് മെട്രോ തീവണ്ടിയിലാണ് സമ്മേളന സ്ഥലത്ത് എത്തിയത്.

ആംബുലൻസിന് വഴിമാറി മോദിയുടെ വാഹനവ്യൂഹം

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം ഒരു ആംബുലൻസ് കടന്നു പോകാൻ ഒതുക്കിയിട്ട ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ തരംഗമായി.

അഹമ്മദാബാദ് - ഗാന്ധിനഗർ ഹൈവേയിൽ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. മെട്രോ തീവണ്ടിയുടെ ഉദ്ഘാടനത്തിനുശേഷം മടങ്ങുകയായിരുന്നു മോദി. പിന്നിൽനിന്ന് വരുന്ന ആംബുലൻസിന് പോകാനായി രണ്ട് അകമ്പടി വാഹനങ്ങൾ ഒതുക്കിയിടുന്ന ദൃശ്യങ്ങൾ ബി.ജെ.പി. മാധ്യമ വിഭാഗമാണ് പുറത്തു വിട്ടത്. പിന്നീട് വാർത്താ ഏജൻസികളും സമൂഹമാധ്യമങ്ങളും പങ്കിട്ടു. ജനങ്ങളോടുള്ള നേതാവിന്റെ കരുതലാണ് ഇതിൽ പ്രതിഫലിക്കുന്നതെന്ന് ബി.ജെ.പി. നേതൃത്വം അഭിപ്രായപ്പെട്ടു.

Content Highlights: PM Narendra Modi flags off Gandhinagar-Mumbai Vande Bharat Express

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..