Photo | ANI, PTI
മുംബൈ: എൻ.ഡി.ടി.വി.യുടെ പ്രൊമോട്ടർ കമ്പനിയായ ആർ.ആർ.പി.ആറിലെ (രാധികാ റോയ് പ്രണോയ് റോയ് ഹോൾഡിങ് ലിമിറ്റഡ്) ഡയറക്ടർ സ്ഥാനമൊഴിഞ്ഞ് പ്രണോയ് റോയിയും രാധികാ റോയിയും. വി.സി.പി.എൽ. എന്ന കമ്പനിവഴി പുതിയ ഉടമകളായ അദാനി ഗ്രൂപ്പിന്റെ പ്രതിനിധികളായി മൂന്നു പുതിയ ഡയറക്ടർമാർ ബോർഡിലെത്തുകയും ചെയ്തു.
സുദീപ്ത ഭട്ടാചാര്യ, സെന്തിൽ ചെങ്കൽവരയൻ, സഞ്ജയ് പുഗലിയ എന്നിവരെയാണ് ഡയറക്ടർമാരാക്കിയത്. അതേസമയം, എൻ.ഡി.ടി.വി.യിൽ നേരിട്ട് 32.26 ശതമാനം ഓഹരികളുള്ള ഇരുവരും എൻ.ഡി.ടി.വി.യുടെ ബോർഡിൽ തുടരും. പ്രണോയ് റോയ് ചെയർമാനും രാധികാ റോയ് എക്സിക്യുട്ടീവ് ഡയറക്ടറുമായാണുള്ളത്.
അദാനി ഗ്രൂപ്പിന്റെ വടക്കേയമേരിക്കൻ വിഭാഗത്തിൽ ചീഫ് എക്സിക്യുട്ടീവ് ഓഫീസറാണ് സുദീപ്ത ഭട്ടാചാര്യ. ഗ്രൂപ്പിന്റെ ചീഫ് ടെക്നോളജി ഓഫീസറർകൂടിയാണ് അദ്ദേഹം. മുതിർന്ന മാധ്യമപ്രവർത്തകനും സി.എൻ.ബി.സി. ആവാസ് സ്ഥാപകരിലൊരാളുമാണ് സഞ്ജയ് പുഗലിയ. ബ്ലൂംബെർഗ് ക്വിന്റിനെ ഏറ്റെടുത്തതോടെയാണ് അദ്ദേഹം അദാനി ഗ്രൂപ്പിന്റെ ഭാഗമായത്. മുതിർന്ന മാധ്യമപ്രവർത്തകനായ സെന്തിൽ സി.എൻ.ബി.സി.- ടി.വി. 18 സ്ഥാപക എഡിറ്ററായിരുന്നു.
അദാനി ഗ്രൂപ്പിന് 49 ശതമാനം ഓഹരികളുള്ള ക്വിന്റിലിയൺ ബിസിനസ് മീഡിയയിൽ ഡയറക്ടർമാരാണ് സഞ്ജയും സെന്തിലും. ഭാവിയിൽ എൻ.ഡി.ടി.വി.യെ നയിക്കുന്നത് ഇവരായിരിക്കുമെന്നാണ് സൂചനകൾ.
Content Highlights: Prannoy and Radhika Roy resign from NDTV board
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..