പ്രതീകാത്മ ചിത്രം | Photo - PTI
ന്യൂഡൽഹി: അരുണാചൽ പ്രദേശിനടുത്തുള്ള ചൈനയുടെ ഇരട്ട ഉപയോഗ (സിവിൽ-മിലിട്ടറി) വിമാനത്താവളത്തിൽ കൂടുതൽ സജ്ജീകരണമേർപ്പെടുത്തുന്നതായി റിപ്പോർട്ട്. ഇന്ത്യ-ചൈന അതിർത്തിയിൽനിന്ന് 155 കിലോമീറ്റർ വടക്കുഭാഗത്തെ പീപ്പിൾസ് ലിബറേഷൻ ആർമി എയർഫോഴ്‌സിന്റെ വ്യോമതാവളത്തിലാണ് തയ്യാറെടുപ്പുകൾ. ഈ മാസം ഒമ്പതിന് ഇരുരാജ്യത്തിന്റെയും പട്ടാളക്കാർതമ്മിൽ സംഘർഷമുണ്ടായ പശ്ചാത്തലത്തിലാണ് നീക്കമെന്നറിയുന്നു.
കിഴക്കൻമേഖലയിൽ ഡിസംബർ 15, 16 തീയതികളിൽ വ്യോമാഭ്യാസം നടത്തുമെന്ന് ഇന്ത്യൻ വ്യോമസേന പറഞ്ഞതിനുപിന്നാലെയാണ് ചൈനീസ് വിമാനത്താവളവും തയ്യാറെടുപ്പുകൾ നടത്തുന്നത്. യുദ്ധവിമാനങ്ങളെയും പൈലറ്റില്ലാവിമാനങ്ങളെയും പ്രവർത്തിപ്പിക്കാൻ ശേഷിയുള്ളതാണ് ചൈനയുടെ ഈ വിമാനത്താവളം.
ഇന്ത്യയുടെ വ്യോമാഭ്യാസത്തിൽ യുദ്ധവിമാനങ്ങൾ, യാത്രാവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, െപെലറ്റില്ലാ ചെറുവിമാനങ്ങൾ എന്നിവ പങ്കെടുക്കും. അതിർത്തിയിലെ ഇപ്പോഴത്തെ സംഭവവികാസങ്ങളുമായി ഇതിന് ബന്ധമില്ലെന്ന് വ്യോമസേന വ്യക്തമാക്കി. നേരത്തേ ആസൂത്രണംചെയ്തതും സ്ഥിരമായി നടക്കാറുള്ളതുമായ വ്യോമാഭ്യാസമാണിത്. കഴിഞ്ഞ ഒമ്പതിന് കിഴക്കൻ തവാങ്ങിലെ യാങ്‌സേയിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ ഏറ്റുമുട്ടിയതായി തിങ്കളാഴ്ച സൈന്യം വ്യക്തമാക്കിയിരുന്നു.
തടഞ്ഞത് മൂന്ന് സൈനികയൂണിറ്റുകൾ`
ചൈനീസ് പട്ടാളം കടന്നുകയറാൻ ശ്രമിച്ചപ്പോൾ ഇന്ത്യയുടെ മൂന്ന് സൈനിക യൂണിറ്റുകളാണ് തടഞ്ഞത്. ജമ്മുകശ്മീർ റൈഫിൾസ്, ജാട്ട് റെജിമെന്റ്, സിഖ് ലൈറ്റ് ഇൻഫൻട്രി എന്നിവയാണ് ചൈനീസ് പട്ടാളനീക്കം പ്രതിരോധിച്ചത്. ചൈനീസ് പട്ടാളം എല്ലാവർഷവും ഈ മേഖലയിൽ പട്രോളിങ്ങിന് എത്താറുണ്ടെങ്കിലും ഇന്ത്യൻ സൈന്യം അത് തടയാറുണ്ട്. ഇന്ത്യൻ പട്ടാളത്തോട് ഏറ്റുമുട്ടാൻ മുൾവടികൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായാണ് ചൈനീസ് സൈനികർ എത്തിയത്. അവർ ഇന്ത്യൻ പട്ടാളക്കാർക്കുനേരെ കല്ലേറും നടത്തി. സംഭവങ്ങൾ വീഡിയോയിൽ പകർത്താൻ ഡ്രോണുകളുമായാണ് അവരെത്തിയതെന്നും പറയുന്നു.
സംഭവങ്ങൾ നിരീക്ഷിച്ചുവരുന്നതായി യു.എസ്.
ഇന്ത്യ-ചൈന അതിർത്തിയിലെ സംഭവവികാസങ്ങളെ തങ്ങളുടെ പ്രതിരോധവകുപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് യു.എസ്. പറഞ്ഞു. യഥാർഥ നിയന്ത്രണരേഖയ്ക്കുസമീപം ചൈന തുടർച്ചയായി സൈനികസന്നാഹങ്ങൾ ഒരുക്കുന്നതായും പ്രശ്നം പരിഹരിക്കാൻ ഇന്ത്യയുടെ ശ്രമങ്ങൾക്ക് പൂർണപിന്തുണ നൽകുന്നതായും പെന്റഗൺ പ്രസ് സെക്രട്ടറി പാറ്റ് റൈഡർ വ്യക്തമാക്കി.
ചൈനീസ് പട്ടാളത്തെ തുരത്തുന്ന പഴയ വീഡിയോ പുറത്ത്
ഡിസംബർ ഒമ്പതിന് കിഴക്കൻ തവാങ്ങിൽ ഇന്ത്യയുടെയും ചൈനയുടെയും പട്ടാളക്കാർ ഏറ്റുമുട്ടിയെന്ന് സർക്കാർ സ്ഥിരീകരിച്ചതിനുപിന്നാലെ അതിർത്തിയിൽ നേരത്തേയുണ്ടായൊരു സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു. അരുണാചൽപ്രദേശിലെ തവാങ് മേഖലയിൽ ചൈനീസ് സൈനികരെ ഇന്ത്യൻ സൈനികർ വടികൊണ്ട് അടിച്ചോടിക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നത്. അവർ ഇനി തിരിച്ചുവരരുതെന്ന് പഞ്ചാബിയിൽ പറയുന്നതും കേൾക്കാം. കിഴക്കൻ തവാങ്ങിലെ യാങ്‌സേയിൽ ഇപ്പോൾ മഞ്ഞുവീഴ്ചയുള്ള സമയമാണ്. അതുകൊണ്ടുതന്നെ ഈ വീഡിയോ പഴയ സംഭവത്തിന്റേതാണെന്നാണ് റിപ്പോർട്ടുകൾ.
Content Highlights: Preparations at China's airport near India border


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..