നരേന്ദ്ര മോദി| Photo: ANI
ന്യൂഡൽഹി: വർഗീയ സംഘർഷങ്ങളിലും വിദ്വേഷ പ്രചാരണങ്ങളിലും ആശങ്കയറിയിച്ച് 13 പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത പ്രസ്താവന. ഇത്തരം സംഭവങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനം നടുക്കമുണർത്തുന്നതാണെന്ന് പ്രസ്താവന കുറ്റപ്പെടുത്തി.
ഭക്ഷണം, വസ്ത്രം, വിശ്വാസം, ഉത്സവങ്ങൾ, ഭാഷ എന്നിവയിൽ വിഭാഗീയത സൃഷ്ടിക്കാൻ ഉപയോഗിക്കുന്നത് വേദനയുളവാക്കുന്നുവെന്ന് നേതാക്കൾ പറയുന്നു. രാമനവമിയുമായി ബന്ധപ്പെട്ട് ചില സംസ്ഥാനങ്ങളിൽ ഉണ്ടായ അക്രമ പശ്ചാത്തലത്തിൽ കോൺഗ്രസ്, എൻ.സി.പി. തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ., ഇടതുപാർട്ടികൾ, മുസ്‍ലിം ലീഗ് തുടങ്ങിയവരാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.
സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കാൻ ഭരണകേന്ദ്രങ്ങൾ ശ്രമിക്കുകയാണ്. അധികൃതരുടെ അറിവോടെയെന്ന മട്ടിൽ വിദ്വേഷ പ്രചാരണങ്ങൾ വർധിക്കുന്നത് ആശങ്കയുയർത്തുന്നു. ഇത്തരക്കാർക്കെതിരേ നടപടിയുണ്ടാകുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ പല സംസ്ഥാനങ്ങളിലുമുണ്ടായ വർഗീയ സംഘർഷങ്ങളെ അപലപിക്കുന്നു- പ്രസ്താവനയിൽ പറഞ്ഞു.
കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി, എൻ.സി.പി. പ്രസിഡന്റ് ശരദ് പവാർ, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ. ജനറൽ സെക്രട്ടറി ഡി. രാജ, ആർ.ജെ.ഡി. നേതാവ് തേജസ്വി യാദവ്, നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള, മുസ്‍ലിം ലീഗ് ജനറൽ സെകട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ദേവബ്രത ബിശ്വാസ്, ആർ.എസ്.പി. ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ, സി.പി.ഐ. (എം.എൽ.) ലിബറേഷൻ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ എന്നിവരാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..