ജയിലിൽവന്നപ്പോൾ പ്രിയങ്ക ചില ചോദ്യങ്ങളുന്നയിച്ചെന്ന് നളിനി: സാധ്യമെങ്കിൽ ഗാന്ധികുടുംബത്തെ കാണും


നളിനി | File Photo - Mathrubhumi archives

ചെന്നൈ: വെല്ലൂർ സെൻട്രൽ ജയിലിൽ 2008-ൽ പ്രിയങ്കാഗാന്ധി വന്നപ്പോൾ രാജീവ്‌ഗാന്ധി കൊല്ലപ്പെട്ടതിനെക്കുറിച്ച് ചോദ്യങ്ങളുന്നയിച്ചിരുന്നുവെന്ന് നളിനി ശ്രീഹരൻ. പ്രിയങ്ക വികാരാധീനയായി കരഞ്ഞു. പിതാവിന്റെ കൊലപാതകത്തെക്കുറിച്ച് ചോദ്യങ്ങളുന്നയിച്ചു. അറിയാവുന്ന കാര്യങ്ങൾ തുറന്നുപറഞ്ഞുവെന്നും നളിനി ചെന്നൈയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഗാന്ധികുടുംബത്തെ കാണാൻ മടിയുണ്ട്. അവസരം വന്നാൽ കാണും. അവരോട് പ്രത്യേകം നന്ദിയുണ്ട്. രാജീവ് ഗാന്ധിയുടെ മരണം ഏറെ ദുഃഖമുണ്ടാക്കി. വധഗൂഢാലോചനയെക്കുറിച്ച് നേരത്തേ അറിവുണ്ടായിരുന്നില്ലെന്നും നളിനി പറഞ്ഞു.

മോചനത്തിനുവഴിയൊരുക്കിയ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും നിയമസഭയിൽ പ്രമേയം പാസാക്കിയ മുൻമുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കും നളിനി നന്ദിയറിയിച്ചു. 32 വർഷത്തെ ജയിൽജീവിതം നരകതുല്യമായിരുന്നു. ഗർഭകാലത്ത് ജയിലിൽ വേദനയുണ്ടാക്കുന്ന പല അനുഭവങ്ങളുമുണ്ടായതായി നളിനി പറഞ്ഞു. രണ്ടുമാസം ഗർഭിണിയായപ്പോഴാണ് ജയിലിലെത്തിയത്. പ്രസവസമയംവരെ പുറത്തെ വായുപോലും ശ്വസിക്കാൻ അനുവദിക്കാതെ തടവിൽത്തന്നെ പാർപ്പിച്ചു. ഗർഭിണിയായതിന്റെ യാതൊരു ആരോഗ്യപരിഗണനയും നൽകിയില്ല. ഒടുവിൽ ഡോക്ടറെത്തി ജയിലധികൃതർക്ക് കർശന നിർദേശം നൽകിയപ്പോഴാണ് സെല്ലിൽനിന്ന് പുറത്തിറങ്ങി നടക്കാനുള്ള അനുവാദം നൽകിയത്. അതിനു തൊട്ടടുത്തദിവസമാണ് മകളെ പ്രസവിച്ചതെന്നും നളിനി പറഞ്ഞു.

നിരപരാധിയാണെന്ന ഉറച്ചവിശ്വാസം മാത്രമാണ് ആത്മഹത്യയിൽനിന്ന് പിന്തിരിപ്പിച്ചത്. ജയിലിൽ ഇഗ്നോയുടെ എം.സി.എ. പഠനം പൂർത്തിയാക്കി. മനസ്സിനെ മാറ്റിയെടുക്കാൻ യോഗ ഉപകരിച്ചു. ക്ഷമയും സഹനവും നേടിയെടുത്തു. ഇനിയുള്ളകാലം ഭർത്താവുമൊത്ത് ഇന്ത്യയിൽ താമസിക്കാൻ ആഗ്രഹിക്കുന്നു. തിരുച്ചിറപ്പള്ളിയിലെ ശ്രീലങ്കൻ അഭയാർഥി ക്യാമ്പിലുള്ള ഭർത്താവ് മുരുകൻ തനിക്കൊപ്പംചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലണ്ടനിലുള്ള മകൾ അരിത്രയുടെ അടുത്തുപോകണം. താനും മുരുകനും ഒപ്പമുണ്ടാവണമെന്ന് അവൾ ആഗ്രഹിക്കുന്നു. അരിത്ര ഗ്രീൻകാർഡ് നേടിയിട്ടുണ്ട്. എമർജൻസി വിസയ്ക്കും പാസ്പോർട്ടിനും ശ്രമിക്കുന്നതായും നളിനി വ്യക്തമാക്കി.

ഭാവിപദ്ധതികളൊന്നും ആസൂത്രണംചെയ്തിട്ടില്ല. കുടുംബത്തോടൊപ്പം സമാധാനമായി ജീവിക്കണമെന്നുമാത്രമാണ് ആഗ്രഹമെന്നും നളിനി പറഞ്ഞു.

ജനങ്ങൾ തങ്ങളെ തീവ്രവാദികളായും കൊലയാളികളായും കാണുന്നതിനുപകരം ഇരകളായി പരിഗണിക്കണമെന്ന് മധുര സെൻട്രൽ ജയിലിൽനിന്ന് മോചിതനായ രവിചന്ദ്രൻ ആവശ്യപ്പെട്ടു. തീവ്രവാദികളാണെന്ന പഴി കേൾക്കേണ്ടിവന്നാലും കാലം നിരപരാധികളായി വിധിക്കുമെന്നതിന്റെ തെളിവാണ് മോചനമെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച വൈകീട്ട് വെല്ലൂർ സെൻട്രൽ ജയിലിൽനിന്നാണ് നളിനിയും മുരുകനും ശാന്തനും പുറത്തിറങ്ങിയത്. റോബർട്ട് പയസിനെയും ജയകുമാറിനെയും പുഴൽ ജയിലിൽനിന്ന്‌ വിട്ടു.

Content Highlights: priyanka gandhi asked questions when she came in jail says nalini

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..