'അഗ്നിപഥ'മായി ഉത്തരേന്ത്യയുടെ തെരുവുകള്‍: കേന്ദ്രം വിയർക്കുന്നു, ബി.ജെ.പി.ക്കും തലവേദന


പ്രത്യേക ലേഖകന്‍

ബിഹാറിൽ പ്രതിഷേധക്കാർ തീവണ്ടിക്ക് തീയിട്ടപ്പോൾ| Photo: PTI

ന്യൂഡല്‍ഹി : കർഷകപ്രക്ഷോഭത്തിനു പിന്നാലെ ഹ്രസ്വകാല സൈനികനിയമന പദ്ധതിയായ ‘അഗ്നിപഥി’നെതിരേ യുവാക്കളുടെ പ്രതിഷേധം രാജ്യവ്യാപകമാകുന്നത് കേന്ദ്ര സർക്കാരിനും ബി.ജെ.പി.ക്കും കടുത്ത തലവേദനയായി.

യുവാക്കൾക്ക് മുൻഗണന നൽകുന്ന സർക്കാരെന്ന അവകാശവാദം തിരഞ്ഞെടുപ്പുകളിൽ പ്രചാരണവിഷയമാക്കുന്ന ബി.ജെ.പി.ക്ക് അക്രമത്തിലേക്ക് വഴുതുന്ന സമരത്തെ അടിച്ചമർത്തുക എളുപ്പമല്ല. ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞടുപ്പുകൾക്ക്‌ മാസങ്ങൾമാത്രമേ ബാക്കിയുള്ളൂ. ഈ സാഹചര്യത്തിൽ വിഷയം കൈവിട്ടു പോകാതിരിക്കാൻ ജാഗ്രതയോടെയാണ് നീക്കം.

പദ്ധതിയെക്കുറിച്ച് ബി.ജെ.പി.ക്കുള്ളിലും എൻ.ഡി.എ.ക്കുള്ളിലും അസ്വസ്ഥത പുകയുന്നുമുണ്ട്. ‘അഗ്നിപഥ്’ അടിയന്തരമായി പിൻവലിക്കണമെന്ന് ഘടകകക്ഷിയായ ജെ.ഡി-യു. ആവശ്യപ്പെട്ടത് ക്ഷീണമായി. പ്രക്ഷോഭം ഏറ്റവും രൂക്ഷമായിരിക്കുന്നത് ജെ.ഡി.യു.വിന്റെ തട്ടകമായ ബിഹാറിലാണ്. പഞ്ചാബിൽ ബി.ജെ.പി.യെ പിന്തുണയ്ക്കുന്ന മുൻമുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങും എതിർപ്പിലാണ്.

കാർഷിക പരിഷ്കരണ ബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ സമരരംഗത്തിറങ്ങിയതിന് സമാനമായ രംഗങ്ങളാണ് രാജ്യവ്യാപകമായി അരങ്ങേറുന്നത്. കർഷകസമരത്തിൽനിന്ന് വ്യത്യസ്തമായി അക്രമസംഭവങ്ങൾ വ്യാപകമായത് ആശങ്കയുയർത്തുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് രണ്ട് ദിവസത്തിനുള്ളിൽ സമരം ദക്ഷിണേന്ത്യയിലേക്കും പടർന്നുകഴിഞ്ഞു. കഴിഞ്ഞ രണ്ടുവർഷമായി സേനകളിലേക്ക് സ്ഥിരം നിയമനത്തിന് കാത്തിരിക്കുന്ന യുവാക്കളുൾപ്പെടെയുള്ളവർ സമരരംഗത്തുണ്ട്.

വരുംദിവസങ്ങളിൽ സമരത്തിന്റെ ദിശ നിശ്ചയിക്കുക എളുപ്പമല്ല. സമരത്തിന് പലയിടങ്ങളിലും പ്രതിപക്ഷ രാഷ്ട്രീയപാർട്ടികളുടെ പിന്തുണ ലഭിക്കുന്നതും വിഷയം രൂക്ഷമാക്കുന്നുണ്ട്. യുവാക്കളുടെ പ്രതിഷേധം ശമിപ്പിക്കാൻ അഗ്നിപഥ് പദ്ധതിയിൽ പ്രവേശനത്തിനുള്ള പ്രായപരിധി ഈ വർഷം വർധിപ്പിച്ചെങ്കിലും അത് കാര്യമായ ഫലമുണ്ടാക്കിയിട്ടില്ല.

അതിനിടെ, പദ്ധതിയെ ന്യായീകരിച്ച് കേന്ദ്രസർക്കാരും ബി.ജെ.പി.യും രംഗത്തെത്തിയിട്ടുണ്ട്. പദ്ധതി യുവാക്കൾക്ക് സുവർണാവസരമാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും വിപ്ലവമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കുറച്ചുകാലത്തേക്കാണെങ്കിലും രാജ്യത്തെ സേവിക്കാൻ യുവാക്കൾക്ക് അവസരം നൽകുമെന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയും അവകാശപ്പെട്ടു. എന്നാൽ, പദ്ധതി പിൻവലിക്കണമെന്ന കടുത്ത നിലപാടിലാണ് പ്രതിപക്ഷം. കോൺഗ്രസും ഇടതുപാർട്ടികളും ആർ.ജെ.ഡി.യും ഈ നിലപാട് ഉയർത്തിയിട്ടുണ്ട്. ഇതിനൊപ്പം പാളയത്തിലെ പടയും ബി.ജെ.പി.യെ സമ്മർദത്തിലാഴ്ത്തും.

Content Highlights: protest against agnipath scheme became head ache for both centre and bjp

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..