അഗ്നിപഥ്: കത്തിപ്പടർന്ന് പ്രതിഷേധം; തെലങ്കാനയിൽ പോലീസ് വെടിവെപ്പിൽ ഒരുമരണം


*‘അഗ്നിപഥ്’ പ്രതിഷേധം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കും *11 തീവണ്ടികളും അറുപതിലധികം വാഹനങ്ങളും കത്തിച്ചു *ഇരുനൂറിലേറെ തീവണ്ടിസർവീസുകൾ തടസ്സപ്പെട്ടു, നാൽപ്പതിലേറെ വണ്ടികൾ റദ്ദാക്കി

Photo: PTI

ന്യൂഡൽഹി: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഹ്രസ്വകാല സൈനികനിയമനപദ്ധതിയായ ‘അഗ്നിപഥി’നുനേരെ വെള്ളിയാഴ്ചയും രാജ്യവ്യാപക പ്രതിഷേധം.

കഴിഞ്ഞദിവസം ഉത്തരേന്ത്യയിൽമാത്രം ഉയർന്ന പ്രതിഷേധം വെള്ളിയാഴ്ച ദക്ഷിണേന്ത്യയിലേക്കും വ്യാപിച്ചു. പത്തുസംസ്ഥാനങ്ങളിൽ വ്യാപകമായി അക്രമങ്ങൾ അരങ്ങേറി. ബിഹാർ, ഒഡിഷ, ഉത്തർപ്രദേശ്, ഹരിയാണ, മധ്യപ്രദേശ് തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്കുപുറമേ തെലങ്കാനയിലും പ്രതിഷേധം അക്രമങ്ങളിലേക്ക് വഴിമാറി. തെലങ്കാനയിലെ സെക്കന്തരാബാദിൽ പ്രതിഷേധക്കാർക്കുനേരെനടന്ന പോലീസ് വെടിവെപ്പിൽ ഒരാൾ മരിച്ചു. സംഘർഷത്തിൽ പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒഡിഷയിലെ ടെന്റെയ് സ്വദേശി ധനഞ്ജയ് മൊഹന്തി (27) ആത്മഹത്യചെയ്ത സംഭവം അഗ്നിപഥ് വിഷയത്തെച്ചൊല്ലിയാണെന്നാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. ആത്മഹത്യയെച്ചൊല്ലി ടെന്റയിലും പരിസരങ്ങളിലും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.

അതിനിടെ, പദ്ധതിസംബന്ധിച്ച ഒൗദ്യോഗികവിജ്ഞാപനം തിങ്കളാഴ്ച കരസേനയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ആദ്യബാച്ച് അഗ്നിവീരന്മാർക്ക് ഡിസംബറിൽ പരിശീലനമാരംഭിക്കും. പദ്ധതിയിൽ പ്രതിഷേധിച്ച് ബിഹാറിൽ ഞായറാഴ്ച പ്രതിപക്ഷ വിദ്യാർഥിസംഘടനകൾ ബന്ദാചരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാറിലും ഹരിയാണയിലും ഇൻറർനെറ്റ് കണക്‌ഷൻ അധികൃതർ വിച്ഛേദിച്ചു. അഗ്നിപഥ് പിൻവലിക്കണമെന്ന് പ്രധാന പ്രതിപക്ഷപാർട്ടികളെല്ലാം ആവശ്യപ്പെട്ടിട്ടുണ്ട്.

യുവാക്കളുടെയും സൈനികറിക്രൂട്ട്‌മെന്റ് നടപടികൾ പൂർത്തിയാക്കി നിയമനം കാത്തിരിക്കുന്നവരുടെയും നേതൃത്വത്തിലാണ് പ്രക്ഷോഭം അരങ്ങേറുന്നത്. റോഡുകളും റെയിൽപ്പാതകളും പ്രതിഷേധക്കാർ ഉപരോധിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 11 ഇടത്ത് തീവണ്ടികൾക്ക് തീയിട്ടു. 38 തീവണ്ടിസർവീസുകൾ പൂർണമായി റദ്ദാക്കി. അറുപതിലധികം വാഹനങ്ങൾ സമരക്കാർ അടിച്ചുതകർത്തു. 19 ഇടങ്ങളിൽ പോലീസും ഉദ്യോഗാർഥികളും ഏറ്റുമുട്ടി. പ്രതിഷേധക്കാരും പോലീസുകാരുമുൾപ്പെടെ നൂറുകണക്കിനാളുകൾക്ക് പരിക്കേറ്റു. ആയിരത്തിലധികം പ്രതിഷേധക്കാരെ പോലീസ് അറസ്റ്റുചെയ്തുനീക്കി. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായി പോലീസ് പറയുന്നു. ബിഹാറിലാണ് പ്രതിഷേധവും അക്രമങ്ങളും നിയന്ത്രണാതീതമായി തുടരുന്നത്. പദ്ധതി പിൻവലിച്ച് സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കണമെന്ന് ഭരണകക്ഷിയും എൻ.ഡി.എ. സഖ്യകക്ഷിയുമായ ജെ.ഡി.യു. ആവർത്തിച്ചാവശ്യപ്പെട്ടു.

Content Highlights: protest over agnipath scheme

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..