രാഹുൽ ഗാന്ധി |ഫോട്ടോ:ANI
അഹമ്മദാബാദ്: അപകീർത്തിക്കേസിൽ മജിസ്ട്രേട്ട് കോടതി കുറ്റക്കാരനെന്ന് വിധിച്ചത് സ്റ്റേചെയ്യണമെന്ന കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ അപേക്ഷയിൽ സൂറത്ത് സെഷൻസ് കോടതി വ്യാഴാഴ്ച ഉത്തരവിറക്കും.
കഴിഞ്ഞയാഴ്ച ഇരുഭാഗത്തിന്റെയും വാദംകേട്ട അഡീഷണൽ സെഷൻസ് ജഡ്ജ് റോബിൻ പോൾ മൊഗേര വിധിപറയുന്നതിനായി മാറ്റുകയായിരുന്നു. അനുകൂലവിധിയുണ്ടായാൽ എം.പി.സ്ഥാനം തിരിച്ചുകിട്ടുന്നതിന് വഴിതെളിയും. എതിരായാൽ ലോക്‌സഭയിലെ അയോഗ്യത തുടരും, ഹൈക്കോടതിയെ സമീപിക്കേണ്ടിയും വരും.
അപ്പീൽ തീർപ്പാക്കുംവരെ വിധി സ്റ്റേചെയ്യണമെന്നാണ് രാഹുൽഗാന്ധിയുടെ അപേക്ഷ. എം.പി.സ്ഥാനം നഷ്ടപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയുള്ള കടുത്തവിധിയാണ് കീഴ്‌ക്കോടതിയിൽനിന്നുണ്ടായതെന്ന് രാഹുലിന്റെ അഭിഭാഷകർ ചൂണ്ടിക്കാട്ടി. രണ്ടുവർഷം തടവുശിക്ഷ വിധിച്ചതിനെത്തുടർന്നാണ് എം.പി.സ്ഥാനത്തുനിന്ന് അയോഗ്യനായത്. റഫാൽ കേസിൽ സുപ്രീംകോടതിയുടെ മുന്നറിയിപ്പ് രാഹുൽ ലംഘിച്ചെന്ന് വിധിയിൽ പറയുന്നുണ്ട്. എന്നാൽ, ശിക്ഷയ്ക്കാധാരമായ കർണാടകത്തിലെ കോലാർ പ്രസംഗത്തിനുശേഷമാണ് സുപ്രീംകോടതിയുടെ വിധിയുണ്ടായതെന്നും ഇവർ ചൂണ്ടിക്കാട്ടി. തുടർച്ചയായി അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നയാളാകയാൽ രാഹുലിന് പ്രത്യേക ഇളവിന്റെ കാര്യമില്ലെന്ന് പരാതിക്കാരനായ പൂർണേഷ് മോദിയുടെ അഭിഭാഷകൻ വാദിച്ചു. വിധി വന്നശേഷവും പ്രതി മനസ്സ് മാറ്റുന്നില്ല. കോടതിയിലെത്തിയപ്പോൾ വലിയ നേതാക്കളെ ഒപ്പം കൂട്ടിയതുതന്നെ സമ്മർദം ചെലുത്തുന്നതിന്റെ സൂചനയാണ് -പരാതിക്കാരൻ ആരോപിച്ചു.
2019 ഏപ്രിൽ 13-ന് കോലാറിൽ നടത്തിയ തിരഞ്ഞെടുപ്പുപ്രസംഗത്തിൽ മോദിസമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിലാണ് രാഹുൽഗാന്ധിയെ മാർച്ച് 23-ന് സൂറത്ത് മജിസ്ട്രേട്ട് കോടതി രണ്ടുവർഷം തടവിന് ശിക്ഷിച്ചത്. കർണാടകത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ സെഷൻസ് കോടതിയുടെ വിധി നിർണായകമാണ്. കഴിഞ്ഞ ദിവസം കോലാറിൽ രാഹുൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നു. വിധി അനുകൂലമല്ലെങ്കിൽ വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യവും ഉണ്ടാകും.
Content Highlights: rahul case, surat court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..