Photo: Print
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയും ബി.ജെ.പി.യും തമ്മിലുള്ള യുദ്ധം മുറുകുന്നു. പ്രസംഗങ്ങളിലെ പരാമർശങ്ങൾ ഓരോന്നായെടുത്ത് പരാതി നൽകുന്നതും കേസെടുക്കുന്നതും പതിവാക്കിയ ബി.ജെ.പി. രാഹുലിന്റെ ലോക്‌സഭാംഗത്വം തന്നെ നഷ്ടമാക്കുന്ന ഘട്ടത്തിലെത്തിക്കുന്നതിൽ വിജയിച്ചു. അതും ‘ഇന്ത്യാവിരുദ്ധ’ ലണ്ടൻ പ്രസംഗത്തിൽ രാഹുൽ മാപ്പുപറയണമെന്നും പുറത്താക്കണമെന്നും പാർലമെന്റിൽ നിരന്തരം ആവശ്യപ്പെടുന്ന ഘട്ടത്തിൽ.
രാഹുലിനെതിരായവിധി തികച്ചും ജനാധിപത്യ വിരുദ്ധമെന്നാക്ഷേപിച്ച് കോൺഗ്രസ് ചെറുക്കുന്നുണ്ടെങ്കിലും മിക്ക വിഷയങ്ങളിലും പാർലമെന്റിൽ ഒപ്പംനിൽക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ പ്രമുഖനേതാക്കളാരും രംഗത്തിറങ്ങിയില്ലെന്നത് ശ്രദ്ധേയമാണ്. വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പി. ഇതര മുന്നണിയുണ്ടാക്കാനും നേതൃസ്ഥാനം നേടാനും ശ്രമിക്കുന്ന തൃണമൂൽ കോൺഗ്രസിന്റെ മമതാ ബാനർജി, ജെ.ഡി.യു.വിന്റെ നിതീഷ് കുമാർ, ബി.ആർ.എസിന്റെ ചന്ദ്രശേഖർ റാവു, എൻ.സി.പി.യുടെ ശരദ് പവാർ, സമാജ് വാദി പാർട്ടിയുടെ അഖിലേഷ് യാദവ് എന്നിവരുടെ മൗനമാണ് കൂടുതൽ ശ്രദ്ധേയം.
ആംആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളും സി.പി.എമ്മും കോൺഗ്രസ് സഖ്യകക്ഷികളായ ആർ.ജെ.ഡി.യും ഡി.എം.കെ.യും മാത്രമാണ് സംഭവത്തിൽ പ്രധാനമായും പ്രതികരിച്ചത്. പവാർ വ്യാഴാഴ്ച വൈകീട്ട് വോട്ടിങ് യന്ത്രവിഷയം ചർച്ചചെയ്യാനെന്ന പേരിൽ ഡൽഹിയിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചപ്പോൾ കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങടക്കമുള്ളവർ പങ്കെടുത്തെങ്കിലും രാഹുലിന്റെ കാര്യത്തിൽ ഒരു പ്രതികരണവുമുണ്ടായില്ല. ജനങ്ങൾ കാത്തിരിക്കുന്ന പ്രതിപക്ഷ ഐക്യത്തിന് ശക്തിപകരുന്ന ഒന്നായി യോഗം മാറണമെന്ന് പങ്കെടുത്തവരിൽ ചിലർ ഇതോടെ വ്യംഗ്യമായി സൂചിപ്പിച്ചു.
ഭാരത് ജോഡോ യാത്രയിൽ നിന്നു ലഭിച്ച ഊർജവും പ്രതിച്ഛായയും ലോക്‌സഭാ തിരഞ്ഞെടുപ്പിനുപയോഗിക്കാനായി രണ്ടാംഘട്ട യാത്രയ്ക്കും പ്രചാരണ പരിപാടികൾക്കും രാഹുൽ തുടക്കം കുറിക്കാനിരിക്കെയാണ് സൂറത്തിലെ കോടതിവിധി. മോദി എന്ന കുലപ്പേര് പരാമർശത്തിൽ ബിഹാറിലെ പട്‌നയിലുൾപ്പെടെ രാഹുലിനെതിരേ വേറെയും കേസുകളുണ്ട്. ലണ്ടൻ പരാമർശത്തിന്റെ പേരിൽ മാപ്പുപറയണമെന്ന ആവശ്യത്തിനു പിന്നാലെ രാഹുലിനെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങടക്കമുള്ളവർ പറഞ്ഞിരുന്നു. നാഷണൽ ഹെറാൾഡ്, സവർക്കർ-ആർ.എസ്.എസ്. പരാമർശങ്ങൾ എന്നിവയുടെ പേരിലും കേസുണ്ട്. റഫാലിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് കാവൽക്കാരൻ കള്ളനാണെന്നു പറഞ്ഞതിന് കേസു വന്നപ്പോൾ മാപ്പു പറഞ്ഞാണ് ഒഴിവായത്.
നരേന്ദ്രമോദിയുടെ ഏറ്റവും വലിയ വിമർശകനായ രാഹുലിന്റെ വായടയ്ക്കാൻ കേസുകളിലൂടെ വല വിരിക്കുകയാണിപ്പോൾ ബി.ജെ.പി. ഭാരത് ജോഡോ യാത്രയ്ക്കിടെ ശ്രീനഗറിൽ ബലാത്സംഗത്തെക്കുറിച്ചു പറഞ്ഞതിൽ വിശദീകരണം ആവശ്യപ്പെട്ടത് ഡൽഹി പോലീസാണ്. വിമർശനമുയർന്നപ്പോൾ രാഹുലിന്റെ പരാമർശത്തിൽപ്പെട്ടവർ ഡൽഹിയിലുണ്ടെങ്കിൽ സംരക്ഷണം നൽകാനാണിതെന്നായിരുന്നു വിശദീകരണം. രാഹുൽ കഴിഞ്ഞദിവസം എ.ഐ.സി.സി. ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലെ നാക്കുപിഴയും ബി.ജെ.പി. ശക്തമായി ഉപയോഗിച്ചു. പ്രമുഖ പ്രതിപക്ഷ പാർട്ടിയുടെ നേതാവിനെതിരേയുള്ള നീക്കത്തിൽ മറ്റു പ്രതിപക്ഷ പാർട്ടി നേതാക്കൾ പ്രതികരിക്കാത്തതിനു പിന്നിൽ ദേശീയതലത്തിൽ മേൽക്കൈ നേടുക എന്ന ലക്ഷ്യം മാത്രമല്ല. തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കും സമാജ് വാദി പാർട്ടി നേതാക്കൾക്കും ചന്ദ്രശേഖർ റാവുവിന്റെ മകൾ കവിതയ്ക്കും എ.എ.പി. നേതാക്കൾക്കും എതിരേ ഇ.ഡി. നീങ്ങിയപ്പോൾ കോൺഗ്രസ് അനങ്ങിയില്ല എന്നതും കാരണമാണ്. ഇതിന്റെ പേരിൽ അഖിലേഷ് യാദവ് കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചിരുന്നു.
Content Highlights: rahul gandhi BJP battle intensified also rift in the opposition ranks
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..