രാഹുൽ, ഇന്ദിര | ANI, Mathrubhumi archives
ന്യൂഡൽഹി: തിരഞ്ഞെടുപ്പു പ്രസംഗത്തിന്റെ പേരിൽ കോൺഗ്രസ് എം.പി. രാഹുൽഗാന്ധി അയോഗ്യത നേരിടുന്നതിന് സമാനമായി മുത്തശ്ശി ഇന്ദിരാഗാന്ധിയും മുമ്പ് അയോഗ്യയായിട്ടുണ്ട്. 1975-ലാണ് അലഹാബാദ് ഹൈക്കോടതിവിധിയെത്തുടർന്ന് മുൻ പ്രധാനമന്ത്രികൂടിയായ ഇന്ദിര എം.പി. സ്ഥാനത്തുനിന്ന് പുറത്തായത്. തിരഞ്ഞെടുപ്പിലെ ക്രമക്കേടുകളുടെ പേരിലായിരുന്നു നടപടി. 1971-ലെ തിരഞ്ഞെടുപ്പു വിജയമാണ് അലഹാബാദ് ഹൈക്കോടതി റദ്ദാക്കിയത്. ആറുവർഷത്തേക്ക് മത്സരിക്കാനും വിലക്കേർപ്പെടുത്തിയിരുന്നു.
അടിയന്തരാവസ്ഥക്കാലത്തിനുശേഷം 1978-ലെ തിരഞ്ഞെടുപ്പിൽ കർണാടകയിലെ ചിക്കമഗളൂരുവിൽനിന്നു ജയിച്ച് ഇന്ദിര ലോക്‌സഭയിലെത്തിയപ്പോഴും അയോഗ്യത നേരിട്ടു. അധികാരദുർവിനിയോഗത്തിന്റെ പേരിൽ അന്നത്തെ ജനതാ സർക്കാർ ഇന്ദിരയ്‌ക്കെതിരേ പ്രമേയം കൊണ്ടുവന്നു. പ്രിവിലേജസ് കമ്മിറ്റി നടത്തിയ അന്വേഷണത്തിനുശേഷം ഇന്ദിരയുടെ പാർലമെന്റംഗത്വം റദ്ദാക്കി അവരെ തിഹാർ ജയിലിലടച്ചു. ജനതാ സർക്കാർ വീണപ്പോൾ പിന്നീട് 1980-ൽ ഇന്ദിര വീണ്ടും മത്സരിച്ചുജയിച്ച് പ്രധാനമന്ത്രിയായി.
ഇരട്ടപ്പദവി വിവാദമുണ്ടായപ്പോൾ രാഹുലിന്റെ അമ്മ സോണിയാ ഗാന്ധിക്കും 2006-ൽ ലോക്‌സഭാംഗത്വം നഷ്ടപ്പെട്ടിരുന്നു. കോൺഗ്രസ് പ്രസിഡന്റും എം.പി.മായുമായിരിക്കെ ദേശീയ ഉപദേശക സമിതിയുടെ അധ്യക്ഷസ്ഥാനവും വഹിച്ചതാണ് ഇരട്ടപ്പദവിയായി കണക്കാക്കിയത്. അതോടെ ലോക്‌സഭാംഗത്വം രാജിവെക്കുകയായിരുന്നു.
രാഷ്ട്രീയായുധമാക്കി ബി.ജെ.പി
ന്യൂഡല്‍ഹി : നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കും വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനുമിടയില്‍ രാഹുല്‍ഗാന്ധിക്കെതിരായ നടപടികള്‍ രാഷ്ട്രീയായുധമാക്കി ബി.ജെ.പി. സൂറത്ത് കോടതിവിധിയും അതിനുശേഷം ലോക്സഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കിയ നടപടിയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി.ജെ.പി. വ്യാപകമായി ഉപയോഗിക്കും. കോടതിവിധിക്ക് പിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ അയോഗ്യതാനടപടി വന്നതും വിശദീകരണങ്ങളുമായി കേന്ദ്രമന്ത്രിമാരുടെ നിര അണിനിരന്നതും കൃത്യമായ ആസൂത്രണമെന്ന് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു.
കോണ്‍ഗ്രസ് ക്യാന്പിനും പ്രതിപക്ഷനിരയ്ക്കും കനത്ത ആഘാതമായിരിക്കും രാഹുല്‍ഗാന്ധിക്ക് നേരെയുള്ള നടപടിയെന്നാണ് ബി.ജെ.പി. കണക്ക് കൂട്ടുന്നത്. രാഷ്ട്രീയമല്ല, നിയമപരമായ നടപടിയാണ് സ്വീകരിച്ചതെന്ന് ബി.ജെ.പി. വാദിക്കുന്നുണ്ടെങ്കിലും റഫാല്‍ ഇടപാടും അദാനി ഇടപാടും ലോക്സഭയ്ക്കുള്ളില്‍ ഉയര്‍ത്തിയ രാഹുലിന്റെ സാന്നിധ്യം സഭയ്ക്കുള്ളില്‍ ഇല്ലെന്ന് ഉറപ്പുവരുത്താന്‍ നീക്കത്തിലൂടെ സാധിച്ചു. അമേഠിയില്‍ പരാജയപ്പെട്ടതിന്റെ ക്ഷീണം മായുന്നതിനുമുമ്പ്, വയനാടിന്റെ എം.പി.സ്ഥാനവും നഷ്ടമാകുന്നത് ദേശീയ രാഷ്ട്രീയത്തില്‍ രാഹുലിനെ ദുര്‍ബലമാക്കുമെന്ന് ബി.ജെ.പി. നേതാക്കള്‍ കരുതുന്നു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷത്തിന്റെ ഐക്യം സംഘടിപ്പിക്കാന്‍ നേതാക്കള്‍ ഒരുങ്ങുന്നതിനിടയില്‍ പ്രധാന പ്രതിപക്ഷപാര്‍ട്ടിക്ക് നേരിടേണ്ടിവരുന്ന പ്രതിസന്ധികള്‍ നീക്കങ്ങളെ ഉലയ്ക്കും. മേല്‍കോടതിയില്‍നിന്ന് സ്റ്റേ ലഭിച്ചില്ലെങ്കില്‍ എട്ടുവര്‍ഷം മത്സരിക്കാന്‍ രാഹുലിന് കഴിയില്ലെന്ന ആശങ്കയും കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും വലയ്ക്കുന്നുണ്ട്.
കൃത്യമായി എഴുതിത്തയ്യാറാക്കിയ തിരക്കഥയെന്നപോലെയാണ് അയോഗ്യതാനടപടി പുറത്തുവന്നയുടനെ വിശദീകരണങ്ങളും ആരോപണങ്ങളുമായി കേന്ദ്രമന്ത്രിമാരെയും മുതിര്‍ന്ന നേതാക്കളെയും ബി.ജെ.പി. അണിനിരത്തിയത്. വെള്ളിയാഴ്ച രാവിലെ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയാണ് പ്രതികരണം തുടങ്ങിയത്. തുടര്‍ന്ന് കേന്ദ്രമന്ത്രിമാരായ ഭൂപേന്ദ്രയാദവ്, കിരണ്‍ റിജിജു, അനുരാഗ് ഠാക്കൂര്‍, ധര്‍മേന്ദ്ര പ്രധാന്‍, മുന്‍മന്ത്രി രവിശങ്കര്‍ പ്രസാദ് തുടങ്ങിയവര്‍ വിവിധ പത്രസമ്മേളനങ്ങളിലായി സംസാരിച്ചു. രാജ്യവ്യാപകമായി നിരവധി ക്രിമിനല്‍ അപകീര്‍ത്തി കേസുകള്‍ രാഹുല്‍ഗാന്ധി നേരിടുന്നുണ്ടെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ ആരോപിച്ചു. രാഹുല്‍ഗാന്ധി നേരിടുന്ന നാഷണല്‍ ഹെറാള്‍ഡ് കേസുകളുടെ പട്ടിക ബി.ജെ.പി. ദേശീയ ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ മന്ത്രി വിതരണംചെയ്തു. പാര്‍ലമെന്റിനും സര്‍ക്കാരിനും നീതിന്യായസംവിധാനത്തിനും അപ്പുറമാണ് താനെന്നാണ് രാഹുല്‍ കരുതുന്നതെന്നും ഠാക്കൂര്‍ ആരോപിച്ചു.
Content Highlights: Rahul Gandhi disqualification Indira Gandhi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..