രാഹുൽ കേസിൽ സ്റ്റേ വാങ്ങിയതും ഒഴിവാക്കിയതും പരാതിക്കാരൻ; ദുരൂഹതയെന്ന് കോണ്‍ഗ്രസ്


2 min read
Read later
Print
Share

വിചാരണക്കോടതിയിലെ ജഡ്ജിയെ മാറ്റിയതിനുപിന്നാലെ സ്റ്റേ ഒഴിവാക്കാൻ പരാതിക്കാരൻ നീങ്ങിയതിൽ ദുരൂഹതയുണ്ടെന്ന് കോൺഗ്രസ് പരസ്യമായി വിമർശിച്ചുകഴിഞ്ഞു.

പൂർണേഷ് മോദി, രാഹുൽഗാന്ധി | ANI

അഹമ്മദാബാദ്: രാഹുൽഗാന്ധി ഉൾപ്പെട്ട അപകീർത്തിക്കേസിൽ ആദ്യം വിചാരണ നിർത്തിവെപ്പിക്കാനും പിന്നീട് പുനരാരംഭിക്കാനും ഹൈക്കോടതിയിൽനിന്ന് അനുകൂലവിധികൾ നേടിയത് പരാതിക്കാരനായ ബി.ജെ.പി. നേതാവ് പൂർണേഷ് മോദിതന്നെയാണ്. വിചാരണക്കോടതിയിലെ ജഡ്ജിയെ മാറ്റിയതിനുപിന്നാലെ സ്റ്റേ ഒഴിവാക്കാൻ പരാതിക്കാരൻ നീങ്ങിയതിൽ ദുരൂഹതയുണ്ടെന്ന് കോൺഗ്രസ് പരസ്യമായി വിമർശിച്ചുകഴിഞ്ഞു.

സൂറത്ത് കോടതിയിൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ എ.എൻ. ദവേയാണ് 2021 ഒക്ടോബർ 29-ന് രാഹുൽ ഗാന്ധിയുടെ മൊഴി രേഖപ്പെടുത്തിയത്. 25 ചോദ്യങ്ങൾക്കാണ് അന്ന് രാഹുൽ മറുപടിനൽകിയത്. ഇരുപതിനും ‘അറിയില്ല’ എന്നായിരുന്നു ഉത്തരം. സി.ഡി, ഡി.വി.ഡി, പെൻഡ്രൈവ് എന്നിവയടക്കം 29 തെളിവുകളാണ് വാദിഭാഗത്തിനായി ഹാജരാക്കിയത്.

പെൻഡ്രൈവും ഡി.വി.ഡി.യും രാഹുലിന്റെ സാന്നിധ്യത്തിൽ പരിശോധിക്കണമെന്ന പൂർണേഷ് മോദിയുടെ ആവശ്യം കോടതി തള്ളി. ഇതിനെത്തുടർന്ന് ഹൈക്കോടതിയെ സമീപിച്ച പരാതിക്കാരൻ 2022 മാർച്ചിൽ വിചാരണയ്ക്ക് സ്റ്റേ വാങ്ങുകയായിരുന്നു. ഒരുവർഷത്തോളം സ്റ്റേ നിലനിന്നു. ദവെയ്ക്കുപകരം എച്ച്.എച്ച്. വർമ സൂറത്തിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റായി എത്തിയതിനുപിന്നാലെ സ്റ്റേ നീക്കാനായി പൂർണേഷ് ഹൈക്കോടതിയെ സമീപിച്ചു. പ്രതിക്കെതിരേ മതിയായ തെളിവുകളുള്ളതിനാൽ പരാതി പിൻവലിക്കാൻ അനുവദിക്കണമെന്ന അപേക്ഷ 2023 ഫെബ്രുവരിയിൽ ഹൈക്കോടതി അംഗീകരിച്ചു. ഒരുമാസത്തിനുള്ളിൽ ബാക്കിവാദം പൂർത്തിയാക്കി കോടതി വിധിയുംപറഞ്ഞു. പരാതിക്കാരന്റെ ദുരൂഹമായ നീക്കം അപ്പീലിൽ ഉന്നയിക്കുമെന്ന് കോൺഗ്രസ് വക്താവ് മനു അഭിഷേക് സിംഘ്‌വി വ്യക്തമാക്കിയിട്ടുണ്ട്. അദാനിവിഷയത്തിൽ പാർലമെന്റിൽ രാഹുൽ, പ്രധാനമന്ത്രിക്കെതിരേ ആഞ്ഞടിച്ച് ഒരാഴ്ചയ്ക്കുശേഷമാണ് സ്റ്റേ നീക്കാൻ പൂർണേഷ് അപേക്ഷിച്ചതെന്നും ചൂണ്ടിക്കാട്ടി. വിധി പറഞ്ഞതിനുശേഷം ചുരുങ്ങിയസമയം വാദം കേട്ടാണ് കോടതി പരമാവധി ശിക്ഷ പ്രഖ്യാപിച്ചതെന്ന പരാതിയും പ്രതിഭാഗത്തിനുണ്ട്.

സൂറത്ത് വെസ്റ്റിൽനിന്ന് മൂന്നാംവട്ടം എം.എൽ.എ.യായ പൂർണേഷ് മോദി, 2021-ൽ ഭൂപേന്ദ്ര പട്ടേലിന്റെ ആദ്യ മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായിരുന്നു. എന്നാലിക്കുറി അഭിഭാഷകനായ അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് പരിഗണിച്ചില്ല.

ക്രിമിനൽ നടപടിച്ചട്ടം 202 പാലിച്ചില്ലെന്ന പ്രതിഭാഗത്തിന്റെ വാദം വിധിയിൽ കോടതി തള്ളിയിരുന്നു. കർണാടകത്തിലെ കോലാറിലാണ് രാഹുൽ പ്രസംഗിച്ചതെന്നിരിക്കെ അധികാരപരിധിയുടെ പ്രശ്നമാണ് ഇതുപ്രകാരം ഉന്നയിച്ചത്. സമൻസ് വിചാരണയിൽ പ്രാഥമികാന്വേഷണം കോടതി നടത്തിയിട്ടില്ലെന്നും ആരോപിച്ചിരുന്നു. ബോധപൂർവം സമുദായത്തെ രാഹുൽഗാന്ധി അവഹേളിച്ചില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി നിരാകരിക്കുകയാണുണ്ടായത്. ‘‘നരേന്ദ്രമോദി, നീരവ് മോദി, അനിൽ അംബാനി എന്നൊക്കെ പറഞ്ഞ് നിർത്താമായിരുന്നു. പക്ഷേ, മോദി എന്നുപേരുള്ളവരെ ബോധപൂർവം അവഹേളിക്കുന്ന പരാമർശമുണ്ടായി...’’ -വിധിയിൽ പറയുന്നു.

Content Highlights: Rahul Gandhi disqualification Purnesh Modi stay

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..