രാഹുൽ അപ്പീൽ നൽകി; വിധി സ്റ്റേചെയ്യൽ 13-ന് പരിഗണിക്കും; അതുവരെ ജാമ്യം


1 min read
Read later
Print
Share

രാഹുൽ ഗാന്ധി സൂറത്ത് കോടതിയിൽ | Photo: ANI

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രസംഗത്തിൽ മോദിസമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രണ്ടുവർഷം തടവുശിക്ഷ വിധിച്ചതിനെതിരേ ഗുജറാത്തിലെ സൂറത്ത് സെഷൻസ് കോടതിയിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി അപ്പീൽ നൽകി.

ശിക്ഷ സ്റ്റേചെയ്ത് ജാമ്യം അനുവദിക്കാനും വിധി സ്റ്റേചെയ്യാനുമുള്ള അപേക്ഷകളും അഡ്വ. ആർ.എസ്. ചീമയുടെ നേതൃത്വത്തിലുള്ള അഭിഭാഷകസംഘം ഇതിനൊപ്പം ഹാജരാക്കി. ആദ്യ അപേക്ഷ പരിഗണിച്ച അഡീഷണൽ സെഷൻസ് ജഡ്ജ് ആർ.പി. മൊഗേറ ഏപ്രിൽ 13 വരെ രാഹുലിന് ജാമ്യം അനുവദിച്ചു. വിധി റദ്ദാക്കാനുള്ള അപേക്ഷയും അന്ന്‌ പരിഗണിക്കും.

കേസിലെ പരാതിക്കാരനായ ബി.ജെ.പി.യുടെ സൂറത്ത് വെസ്റ്റ് എം.എൽ.എ. പൂർണേഷ് മോദിക്ക് നോട്ടീസ് നൽകാനും ഉത്തരവിട്ടു. പൂർണേഷ് മോദി ഏപ്രിൽ 10-ന് മറുപടിനൽകണമെന്ന് രാഹുലിന്റെ അഭിഭാഷകസംഘത്തിലെ അഡ്വ. രോഹൻ പൻവാല പറഞ്ഞു.

തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം കോൺഗ്രസ് മുഖ്യമന്ത്രിമാരായ അശോക് ഗഹ്‌ലോത്, ഭൂപേഷ് ബഘേൽ, സുഖ്‌വീന്ദർ സിങ് സുഖു, ദേശീയ ജനറൽ സെക്രട്ടറിമാരായ പ്രിയങ്കാഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവർക്കൊപ്പമാണ് രാഹുൽ കോടതിയിലെത്തിയത്. കർണാടകത്തിലെ കോലാറിൽനടന്ന പ്രസംഗത്തിന് ഗുജറാത്തിൽ കേസെടുക്കുന്നതും കോടതിവിധിയിലെ സാങ്കേതികപ്രശ്നങ്ങളും അപകീർത്തിക്കേസ്‌ മാനദണ്ഡങ്ങളുടെ ലംഘനവും ചൂണ്ടിക്കാട്ടിയാണ് അപ്പീൽ ഹർജി. രാഹുൽ നേരിട്ടെത്തുന്നതിനാൽ കോടതിപരിസരം മുഴുവൻ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. കോടതിയിലേക്ക് കോൺഗ്രസ് പ്രവർത്തകർ വരുന്നത് തടയാൻ വ്യാപകമായ അറസ്റ്റുമുണ്ടായതായി കെ.സി. വേണുഗോപാൽ പറഞ്ഞു. എങ്കിലും കോടതിപരിസരത്ത് നൂറുകണക്കിന് പ്രവർത്തകരാണ് തടിച്ചുകൂടിയതും രാഹുലിനായി ജയ് വിളിച്ചതും.

ഇത് ‘മിത്രകാല’ത്തിനെതിരായ, ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണെന്ന് ജാമ്യം ലഭിച്ചതിനുപിന്നാലെ രാഹുൽ ട്വിറ്ററിൽ കുറിച്ചു. ഈ പോരാട്ടത്തിൽ സത്യമാണ് എൻറെ ആയുധവും പിന്തുണയും -അദ്ദേഹം കൂട്ടിച്ചേർത്തു.

നേരിട്ടുപോകേണ്ട കാര്യമില്ലാഞ്ഞിട്ടും രാഹുൽ നേതാക്കൾക്കും സഹോദരിക്കുമൊപ്പം അപ്പീൽ നൽകാനായി സൂറത്തിലെത്തിയത് നാടകവും കോടതിയിൽ സമ്മർദം ചെലുത്താനുള്ള ബാലിശനീക്കവുമാണെന്ന് നിയമമന്ത്രി കിരൺ റിജിജു പരിഹസിച്ചു. അത്തരം തന്ത്രങ്ങൾ പ്രതിരോധിക്കാനുള്ള കഴിവ് രാജ്യത്തെ കോടതികൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാലിത്‌ ശക്തിപ്രകടനമല്ലെന്നും രാജ്യത്തിനുവേണ്ടി പോരാടുന്നതിനുള്ള പിന്തുണയാണെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തിരിച്ചടിച്ചു.

Content Highlights: rahul gandhi files appeal in defamation case

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..