നാഷണൽ ഹെറാൾഡ് കേസ്: ഇടപാടുകൾ അറിയില്ലെന്ന് രാഹുലിന്റെ മൊഴി, ക്രയവിക്രയം നടത്തിയത് മോത്തിലാല്‍ വോറ


രാഹുൽ ഗാന്ധി| Photo: ANI

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട പണമിടപാടുകളെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന നിലപാടിലുറച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മൂന്നുദിവസത്തെ ചോദ്യംചെയ്യലിലുടനീളം ഈ നിലപാടാണ് രാഹുല്‍ സ്വീകരിച്ചത്. കോണ്‍ഗ്രസിന്റെ മുന്‍ ഖജാന്‍ജി പരേതനായ മോത്തിലാല്‍ വോറയാണ് സാമ്പത്തിക ക്രയവിക്രയങ്ങള്‍ നടത്തിയിരുന്നതെന്നും രാഹുല്‍ മൊഴിനല്‍കിയതായാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വൃത്തങ്ങളില്‍നിന്നുള്ള സൂചന.

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേര്‍ണല്‍ ലിമിറ്റഡിന്റെ (എ.ജെ.എല്‍.) ബാധ്യതകളും ഓഹരികളും യങ് ഇന്ത്യ ലിമിറ്റഡ് കമ്പനി ഏറ്റെടുത്തതില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി. അന്വേഷിക്കുന്നത്. കോൺഗ്രസ് നേതാവ് സോണിയാഗാന്ധിയും രാഹുലും യങ് ഇന്ത്യ ഡയറക്ടർമാരാണ്.

നാഷണല്‍ ഹെറാള്‍ഡ് പത്രം നടത്തിയിരുന്ന എ.ജെ.എല്ലിലും യങ് ഇന്ത്യയിലും ഡയറക്ടര്‍മാരായിരുന്നവര്‍ കോണ്‍ഗ്രസിന്റെ നേതാക്കളായിരുന്നു. രണ്ടുകമ്പനികള്‍ക്കും ഒരേ മാനേജ്‌മെന്റ് എന്നപോലെയായതിനാല്‍ നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള സാമ്പത്തിക ഇടപാടുകള്‍ നടന്നതായാണ് ഇ.ഡി. ആരോപിക്കുന്നത്. 2010-ല്‍ തുടങ്ങിയ യങ് ഇന്ത്യ കമ്പനിക്ക്, എ.ജെ.എല്ലിനെപ്പോലെ വലിയ കടബാധ്യതയുള്ള കമ്പനിയെ ഏറ്റെടുക്കാനുള്ള സാമ്പത്തികസ്രോതസ്സുകളുണ്ടായിരുന്നില്ല. കൊല്‍ക്കത്ത ആസ്ഥാനമായ ഒരു കമ്പനിയില്‍നിന്ന് യങ് ഇന്ത്യ ഒരുകോടി രൂപ വായ്പയെടുത്തതിലും അവ്യക്തതകളുണ്ടെന്ന് ഇ.ഡി. ആരോപിക്കുന്നു. കേസില്‍ രാഹുലില്‍നിന്ന് കാര്യമായ വിവരങ്ങള്‍ ലഭിക്കാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നാണ് ഇ.ഡി. വൃത്തങ്ങള്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ വെള്ളിയാഴ്ചയും ചോദ്യംചെയ്യാനായി വിളിപ്പിച്ചത്.

യങ് ഇന്ത്യ ഓഹരിവിഹിതം

യങ് ഇന്ത്യ കമ്പനിയില്‍ സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ആകെ 76 ശതമാനം ഓഹരികളാണുള്ളത്. ബാക്കി 24 ശതമാനം ഓഹരി തുല്യമായി (12 ശതമാനംവീതം) ഗാന്ധികുടുംബത്തിന്റെ വിശ്വസ്തരായ മോത്തിലാൽ വോറയ്ക്കും ഓസ്കാര്‍ ഫെര്‍ണാണ്ടസിനുമായിരുന്നു. വോറ 2020 ഡിസംബറിലും ഓസ്കാര്‍ ഫെര്‍ണാണ്ടസ് കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലും അന്തരിച്ചു.

Content Highlights: rahul gandhi national herald case

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..