‘മോദി-അദാനി’ ആരോപണം വീണ്ടുമുയർത്തി രാഹുൽ


2 min read
Read later
Print
Share

രാഹുൽ ഗാന്ധി | Photo: mathrubhumi

പ്രധാനമന്ത്രി നരേന്ദ്ര മോദി-ഗൗതം അദാനി കൂട്ടുകെട്ടിനെക്കുറിച്ച് വീണ്ടും ആരോപണങ്ങൾ ഉന്നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

മോദിയും അദാനിയും തമ്മിൽ ആഴത്തിൽ ബന്ധമുണ്ടെന്നും ഇൗ ബന്ധമെന്താണെന്ന് രാജ്യത്തിന് അറിയണമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. അദാനിയുടെ കമ്പനിയിൽ 20,000 കോടി രൂപ ആരാണ് നിക്ഷേപിച്ചതെന്ന് വ്യക്തമാക്കണം. അദാനിയുടെ പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ ഒരു ചൈനീസ് പൗരനും പങ്കുണ്ട്. ഇക്കാര്യം പ്രതിരോധവകുപ്പ് അന്വേഷിക്കാത്തതെന്തു കൊണ്ടാണെന്നും രാഹുൽ ചോദിച്ചു. ലോക്‌സഭയിൽനിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി കോൺഗ്രസ് ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് രാഹുൽ ആരോപണങ്ങൾ കടുപ്പിച്ചത്.

അദാനിയെ സംരക്ഷിക്കാനാണ് ബി.ജെ.പി.യും മോദിയും കേന്ദ്രസർക്കാരും ശ്രമിക്കുന്നതെന്ന് രാഹുൽ ആരോപിച്ചു. അദാനിയുടെ കമ്പനിയിൽ പെട്ടെന്ന് 20,000 കോടി രൂപ എങ്ങനെയാണ് എത്തിയത്? അദാനിയുടെ പണമല്ല അത്. അദാനിയും മോദിയും തമ്മിലുള്ള അടുത്ത ബന്ധത്തെക്കുറിച്ച് തെളിവുകൾ താൻ പാർലമെന്റിൽ നൽകി. ഇരുവരും തമ്മിലുള്ള ബന്ധം പുതിയതല്ല. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ ആരംഭിച്ചതാണ്. ഇത് തെളിയിക്കുന്ന ഫോേട്ടാകളും ലോക് സഭയിൽ താൻ വെച്ചു. സ്പീക്കർക്കെഴുതിയ കത്തിൽ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങൾ അദാനിക്ക് ലഭിക്കാനായി സർക്കാർ ചട്ടങ്ങൾ മാറ്റിയഴുതിയതിന്റെ തെളിവുകൾ സമർപ്പിച്ചു. ആരോപണവിധേയനായ അദാനിയുമായി ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് എന്താണ് ബന്ധമെന്ന് രാജ്യത്തെ ജനങ്ങൾക്ക് അറിയാൻ ആഗ്രഹമുണ്ട്. വിദേശരാജ്യങ്ങളിൽ പോയി താൻ രാജ്യത്തിനെതിരേ പ്രസംഗിച്ചെന്ന കള്ളമാണ് ബി.ജെ.പി. പ്രചരിപ്പിച്ചത്. ഇന്ത്യയിലെ പ്രശ്നങ്ങളിൽ ഇടപെടണമെന്ന് താൻ വിദേശരാജ്യങ്ങളോട് ആവശ്യപ്പെട്ടെന്നാണ് പ്രചാരണം ഒരു പ്രസംഗത്തിലും ഇത്തരത്തിൽ പറഞ്ഞിട്ടില്ല. ഇന്ത്യയുടെ പ്രശ്നങ്ങൾ രാജ്യത്തിനകത്തു തന്നെ തീർക്കുമെന്നാണ് താൻ പറഞ്ഞത്. അതിന് വ്യാജവ്യാഖ്യാനങ്ങൾ ചമച്ചെന്നും രാഹുൽ കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പ് പ്രസംഗത്തിനിടെ പിന്നാക്ക വിഭാഗങ്ങളെ അപമാനിച്ചുവെന്ന് ബി.ജെ.പി. ആരോപണമുന്നയിക്കുന്നുണ്ടല്ലോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക്, ഇത് ഒ.ബി.സി. വിഷയമല്ല, നരേന്ദ്രമോദിയും അദാനിയും തമ്മിലുള്ള ബന്ധത്തിന്റെ വിഷയമാണെന്ന് രാഹുൽ പ്രതികരിച്ചു.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്, ഛത്തീസ്ഗഢ്‌ മുഖ്യമന്ത്രി ഭൂപേഷ് ബഘേൽ, കോൺഗ്രസ് നേതാക്കളായ ജയറാം രമേഷ്, കെ.സി. വേണുഗോപാൽ, അഭിഷേക് സിംഘ്‍വി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. പത്രസമ്മേളനം കേൾക്കാൻ പ്രിയങ്കാ ഗാന്ധിയും സദസ്സിലുണ്ടായിരുന്നു.

Content Highlights: rahul gandhi raised the 'Modi-Adani' allegation again

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..