രാഹുലിന്റെ അപ്പീൽ ഹർജി തയ്യാർ; ഉടൻ സമർപ്പിക്കുമെന്ന് കോൺഗ്രസ്


1 min read
Read later
Print
Share

പ്രതിപക്ഷനേതാക്കളുടെ യോഗം ഏപ്രിലിൽ

രാഹുൽ ഗാന്ധി |ഫോട്ടോ:PTI

ന്യൂഡൽഹി: മോദിസമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രണ്ടുവർഷം തടവിനു ശിക്ഷിച്ച സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിവിധിക്കെതിരായ രാഹുൽഗാന്ധിയുടെ അപ്പീൽ ഹർജി തയ്യാറായി.

അടുത്തുതന്നെ സൂറത്ത് സെഷൻസ് കോടതിയിൽ ഇത്‌ ഫയൽചെയ്യുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. സെഷൻസ് കോടതിമുതൽ സുപ്രീംകോടതിവരെ നീണ്ടേക്കാവുന്ന കേസായതിനാൽ സമയമെടുത്താലും സൂക്ഷ്മതയോടെയും കരുതലോടെയും ഹർജി തയ്യാറാക്കണമെന്നായിരുന്നു നിയമവിഭാഗത്തിന്‌ രാഹുൽഗാന്ധി നൽകിയ നിർദേശം.

നിയമയുദ്ധത്തിനൊപ്പം രാഹുലിന്റെ അയോഗ്യതയ്ക്കെതിരേ രാഷ്ട്രീയപോരാട്ടം ശക്തമാക്കാൻ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിളിച്ച കോൺഗ്രസ് നേതൃയോഗം തീരുമാനിച്ചു. പ്രതിപക്ഷത്തെ ദേശീയനേതാക്കളുടെ യോഗം വേഗം വിളിക്കണമെന്ന ആവശ്യം ബുധനാഴ്ചയും ഉയർന്നു. കഴിഞ്ഞദിവസം ഖാർഗെ സഭാനേതാക്കന്മാർക്ക് നൽകിയ വിരുന്നിൽ ഏപ്രിലിൽ പ്രതിപക്ഷനേതാക്കളുടെ യോഗം വിളിക്കാൻ തീരുമാനിച്ചിരുന്നു.

പ്രതിപക്ഷ ഐക്യാന്തരീക്ഷം രൂപപ്പെട്ടിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ ധൃതിവേണ്ടെന്നാണ് കോൺഗ്രസ് തീരുമാനമെന്നറിയുന്നു. പ്രതിപക്ഷപാർട്ടികളുടെ പാർലമെന്റിലെ സഭാനേതാക്കന്മാരുടെ യോഗം വിളിക്കുംപോലെ അത്ര എളുപ്പമല്ല ദേശീയനേതാക്കളുടെ യോഗം വിളിക്കൽ. തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി, ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ, ജെ.ഡി.യു. നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ, ബി.ആർ.എസ്. നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ ചന്ദ്രശേഖർ റാവു, എൻ.സി.പി. നേതാവ് ശരത് പവാർ, എസ്.പി. നേതാവ് അഖിലേഷ് യാദവ്, ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ തുടങ്ങിയവരെയെല്ലാം ഒരു കുടക്കീഴിൽ നിർത്തണം. ഏതെങ്കിലുമൊരാൾ എത്തിയില്ലെങ്കിൽ പ്രതിപക്ഷ ഐക്യയോഗത്തിനെക്കാൾ വലിയവാർത്ത അതാവും.

Content Highlights: Rahul gandhi's appeal plea is ready

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..