Photo: PTI
ന്യൂഡൽഹി: മോദിസമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രണ്ടുവർഷം തടവിനു ശിക്ഷിച്ച സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിവിധിക്കെതിരേ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി തിങ്കളാഴ്ച അപ്പീൽ നൽകും. കോടതിയിൽ നേരിട്ടെത്തി വിധിയിൽ ഇടക്കാല സ്റ്റേ ആവശ്യപ്പെടുമെന്നാണറിയുന്നത്.
രാഹുലിന് ജാമ്യം അനുവദിച്ച് അപ്പീൽ നൽകാൻ 30 ദിവസം അനുവദിച്ചിരുന്നെങ്കിലും ലോക്‌സഭാ സെക്രട്ടേറിയറ്റ് അടുത്തദിവസംതന്നെ ലോക്‌സഭാംഗത്വം റദ്ദാക്കിയിരുന്നു. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും രാഹുലിനൊപ്പമുണ്ടാവും.
കർണാടകയിലെ കോലാറിൽ ലോക്‌സഭാ തിരഞ്ഞെടുപ്പുറാലിയിൽ നടത്തിയ രാഹുലിന്റെ പ്രസംഗമാണ് ശിക്ഷയ്ക്കിടയാക്കിയത്. ബി.ജെ.പി.യുടെ സൂറത്ത് വെസ്റ്റ് എം.എൽ.എ. പൂർണേഷ് മോദിയാണ് സി.ജെ.എം. കോടതിയിൽ പരാതി നൽകിയത്. രാഹുലിന്റെ ലോക്‌സഭാംഗത്വം റദ്ദാക്കിയതിനുപിന്നാലെ വീടൊഴിയാനും കേന്ദ്രം നോട്ടീസ് നൽകി. സമാനകേസിൽ ഏപ്രിൽ 12-ന് ഹാജരായി മൊഴി നൽകണമെന്നാവശ്യപ്പെട്ട് പട്‌ന എം.പി.-എം.എൽ.എ. കോടതിയും രാഹുലിന് നോട്ടീസ് അയച്ചിട്ടുണ്ട്. ബിഹാറിലെ കത്യാറിലും ഈ വിഷയത്തിൽ കേസുണ്ട്.
Content Highlights: rahul gandhi to file appeal today in defamation case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..