പാർട്ടിവിട്ടവരെ ട്രോളി രാഹുൽ; ദയനീയമെന്ന് അനിൽ ആന്റണി


1 min read
Read later
Print
Share

രാഹുൽ ഗാന്ധി | Photo: AFP

ന്യൂഡൽഹി : ബി.ജെ.പി.യിൽ ചേർന്ന മുൻ കോൺഗ്രസ് നേതാക്കളെ ട്രോളി രാഹുൽ ഗാന്ധിയുടെ ട്വിറ്റർ പോസ്റ്റ്. അദാനി വിഷയത്തിൽനിന്ന് ശ്രദ്ധ തിരിക്കാനാണതെന്ന് രാഹുൽ ആരോപിച്ചു.

ഗുലാംനബി ആസാദ്, ജ്യോതിരാദിത്യ സിന്ധ്യ, എൻ. കിരൺകുമാർ റെഡ്ഡി, ഹിമന്ത ബിശ്വ ശർമ, അനിൽ ആന്റണി എന്നിവരുടെ പേരിന്റെ ഭാഗങ്ങൾകൊണ്ട് ഇംഗ്ലീഷിൽ അദാനി എന്നു ചിത്രീകരിച്ചായിരുന്നു രാഹുലിന്റെ പോസ്റ്റ്. സത്യം മറച്ചുവെക്കാൻ ദിവസവും അവർ ശ്രദ്ധതെറ്റിക്കുകയാണ്. അദാനി കമ്പനികൾക്കു 20,000 കോടി ബിനാമി പണം നൽകിയത് ആരാണെന്ന ചോദ്യം അതുപോലെ അവശേഷിക്കുകയാണെന്നും രാഹുൽ ട്വീറ്റിൽ പറഞ്ഞു.

അതേസമയം, ഒരു ദേശീയപാർട്ടിയുടെ മുൻ പ്രസിഡന്റും കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പറയപ്പെടുന്നയാളുമായ രാഹുൽ ഗാന്ധി ഒരു ഓൺലൈൻ സെൽ ട്രോളിനെപ്പോലെ ആരോപണമുന്നയിക്കുന്നത് ദയനീയമാണെന്ന് അനിൽ ആന്റണി പ്രതികരിച്ചു. തലമുതിർന്ന നേതാക്കൾക്കൊപ്പം തന്റെയും പേരു കണ്ടതിൽ വിനയാന്വിതനാകുന്നു. ഒരു കുടുംബത്തിനുവേണ്ടിയല്ലാതെ രാജ്യത്തിനുവേണ്ടി പ്രവർത്തിക്കാനാണ് പാർട്ടിവിട്ടതെന്നും അനിൽ രാഹുലിനുള്ള മറുപടിയായി ട്വീറ്റിൽ പറഞ്ഞു.

കോടതിയിൽ കാണാമെന്ന് ഹിമന്ത

രാഹുൽ ഗാന്ധിയുടെ ട്വീറ്റിനെതിരെ, 2015-ൽ കോൺഗ്രസ് വിട്ട് ബി.ജെ.പി.യിൽ ചേർന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ പ്രതികരണവുമായെത്തി. കോടതിയിൽ കാണാമെന്ന മുന്നറിയിപ്പാണ് അദ്ദേഹം നൽകിയത്. ബൊഫോഴ്‌സ്, നാഷണൽ ഹെറാൾഡ് അഴിമതികളിൽനിന്നുള്ള വരുമാനം എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് രാഹുലിനോട് ഒരിക്കലും ചോദിക്കാത്തത് തങ്ങളുടെ മര്യാദയാണ്. ഒട്ടാവിയോ ക്വത്‌റോച്ചിയെ ഇന്ത്യൻ നീതിപീഠത്തിന്റെ പിടിയിൽനിന്ന് പലതവണ രക്ഷപ്പെടുത്തിയത് എങ്ങനെയാണ്...?-ഹിമന്ത ട്വീറ്റ് ചെയ്തു.

Content Highlights: rahul trolls those who left congress party

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..