സച്ചിൻ പൈലറ്റ് | Photo: ANI
ന്യൂഡൽഹി: രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പിന് അഞ്ചുമാസംമാത്രം ശേഷിക്കേ പുതിയ പാർട്ടിയുണ്ടാക്കി ജനങ്ങളിലേക്കിറങ്ങുക എളുപ്പമല്ലെന്നതിനാൽ സച്ചിൻ പൈലറ്റ് കോൺഗ്രസ് ഹൈക്കമാൻഡുമായി അനുരഞ്ജനത്തിന് തയ്യാറാവുമെന്ന് സൂചന. സംസ്ഥാനത്തിന്റെ ചുമതലയുള്ള സുഖ്ജീന്ദർ സിങ് രൺധാവ ബുധനാഴ്ച എം.എൽ.എ.മാരുമായി ഒറ്റയ്ക്കൊറ്റയ്ക്ക് സംസാരിച്ചപ്പോൾ സച്ചിൻ അനുകൂലികൾതന്നെ ഇക്കാര്യം ബോധ്യപ്പെടുത്തിയതായറിയുന്നു.
രാഹുൽഗാന്ധി വിദേശസന്ദർശനം നടത്തിയെത്തിയാൽ വീണ്ടും ചർച്ചയാവാമെന്ന സന്ദേശം ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ സച്ചിന് കൈമാറി. വീണ്ടും സച്ചിനെ ചർച്ചകൾക്കായി വേണുഗോപാൽ ഡൽഹിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ജൂൺ 19-ന് 53-ാം ജന്മദിനാഘോഷം കഴിഞ്ഞേ രാഹുൽ ഇന്ത്യയിലെത്തൂ എന്നാണറിയുന്നത്. ജൂൺ 11-ന് ദൗസയിൽ നടക്കുന്ന ചടങ്ങിൽ തന്റെ ആവശ്യം ഉടൻ നടപ്പാക്കണമെന്ന് ശക്തമായി ആവശ്യപ്പെടുകമാത്രമാണ് സച്ചിൻ ചെയ്യുകയെന്നാണ് സൂചന.
ഇനി മുഖ്യമന്ത്രിസ്ഥാനത്തേക്കില്ലെന്നും യുവാക്കളെ പ്രോത്സാഹിപ്പിക്കുമെന്നും ഗഹ്‌ലോത് പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിലും കോൺഗ്രസ് രാജസ്ഥാൻ പിടിക്കുമെന്നാണ് സച്ചിൻപക്ഷ എം.എൽ.എ.മാർ രൺധാവയെ അറിയിച്ചത്. ഗുജ്ജർ വിഭാഗത്തിന് സ്വാധീനമുള്ള 35 നിയമസഭാമണ്ഡലങ്ങളിലും 12 ലോക്‌സഭാമണ്ഡലങ്ങളിലും മാത്രമാവും ഗുജ്ജറുകാരനായ സച്ചിന് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാവുകയെന്ന് സച്ചിനായി ഐ പാക്ക് നടത്തിയ സർവേയിൽ കണ്ടെത്തിയിരുന്നു.
Content Highlights: rajastan congress sachin pilot


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..