പൈലറ്റ് പുതിയ പാർട്ടി പ്രഖ്യാപിക്കുമോ? വിട്ടുപോവില്ലെന്ന വിശ്വാസത്തിൽ കോൺഗ്രസ്


2 min read
Read later
Print
Share

സച്ചിനൊപ്പം ഐ പാക്കിലെ 100 പേർ

സച്ചിൻ പൈലറ്റ് | Photo: PTI

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് അഞ്ചുമാസം മാത്രം ശേഷിക്കെ രാജസ്ഥാനിൽ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടുമെന്ന് അഭ്യൂഹം.

മുഖ്യമന്ത്രി അശോക് ഗഹ്‌ലോതുമായും പൈലറ്റുമായും രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവർ ഒരാഴ്ചമുൻപ് ചർച്ചനടത്തിയിരുന്നു. എന്നിട്ടും സുപ്രധാന പ്രശ്നങ്ങളിൽ തീരുമാനമാവാത്തതാണ് പൈലറ്റിനെ ചൊടിപ്പിച്ചതെന്നാണ് റിപ്പോർട്ട്. അദ്ദേഹത്തിനൊപ്പം നിൽക്കുന്നവരും കോൺഗ്രസ് നേതൃത്വവും ചൊവ്വാഴ്ച വാർത്ത തള്ളിയെങ്കിലും പൈലറ്റ് മൗനം തുടരുകയാണ്.

നാലുതവണ പൈലറ്റുമായി ബന്ധപ്പെട്ടതായും പുതിയ പാർട്ടിയുടെ സൂചന അദ്ദേഹം നൽകിയിട്ടില്ലെന്നും ഹൈക്കമാൻഡ് വൃത്തങ്ങളും അറിയിച്ചു. രാഹുൽ വിദേശസന്ദർശനം കഴിഞ്ഞ് 20-നുശേഷം മടങ്ങിയെത്തിയാൽ ചർച്ചയാവാമെന്ന സന്ദേശവും നേതൃത്വം പൈലറ്റിന് കൈമാറി. അച്ഛൻ രാജേഷ് പൈലറ്റിന്റെ ചരമവാർഷിക ദിനമായ ജൂൺ 11-ന് ദൗസയിൽ നടത്തുന്ന റാലിയിൽ പൈലറ്റ് പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നാണ് അഭ്യൂഹമുയർന്നത്. പുതിയ പാർട്ടി ഉണ്ടായില്ലെങ്കിലും ഹൈക്കമാൻഡിന് അന്ത്യശാസനമെങ്കിലും പൈലറ്റ് നൽകുമെന്ന് കരുതുന്നു. എല്ലാ വർഷവും രാജേഷ് പൈലറ്റിന്റെ ശവകുടീരത്തിലെ പുഷ്പാർച്ചനയുടെ ഭാഗമായി ആയിരങ്ങൾ ദൗസയിൽ എത്താറുണ്ടെന്നും ഈ വർഷവും അതിൽക്കവിഞ്ഞൊന്നുമില്ലെന്നും പൈലറ്റ് പക്ഷത്തെ മന്ത്രി മുരാരി ലാൽ മീണ പ്രതികരിച്ചു.

പൈലറ്റ് പുതിയ പാർട്ടി പ്രഖ്യാപിക്കുന്നത് മാധ്യമങ്ങളിൽക്കൂടിയാണറിഞ്ഞതെന്ന് രാജസ്ഥാന്റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് സുഖ്ജീന്ദർസിങ് രൺധാവ പറഞ്ഞു. പ്രശ്നപരിഹാരത്തിന് ചുമതലപ്പെട്ട കെ.സി. വേണുഗോപാൽ ഇരുനേതാക്കളുമായും ഇടയ്ക്കിടെ ആശയവിനിമയം നടത്തുന്നുണ്ട്. ഞായറാഴ്ച രാജ്യസഭാ എം.പി. വിവേക് ടംഖയുമായി മെയ്ഹാറിലെ മാ ശാരദാ ക്ഷേത്രത്തിൽ പൈലറ്റ് ദർശനത്തിനെത്തിയതോടെയാണ് നേതൃത്വം അപകടം മണത്തത്. ആഗ്രഹസഫലീകരണത്തിനു പ്രസിദ്ധമാണ് ഈ ക്ഷേത്രം. ഉടൻ പൈലറ്റുമായി സംസാരിക്കാൻ വേണുഗോപാലിനെ ചുമതലപ്പെടുത്തി.

സച്ചിനൊപ്പം ഐ പാക്കിലെ 100 പേർ

തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ സ്ഥാപനമായ ഐ പാക്കിലെ 100 പേരാണ് പൈലറ്റിനൊപ്പം പ്രവർത്തിക്കുന്നത്. 1100-ഓളം പേരെ റിക്രൂട്ട് ചെയ്യാനും നീക്കമുണ്ട്. പ്രഗതിശീൽ കോൺഗ്രസ്, രാജ് ജനസംഘർഷ് പാർട്ടി എന്നീ രണ്ടു പേരുകളും രജിസ്റ്റർചെയ്തു. ഐ പാക്ക് സംസ്ഥാനത്തുടനീളം സർവേയും നടത്തി. ആം ആദ്മി പാർട്ടിയുമായും ഹനുമാൻ ബേനിവാലിന്റെ ആർ.എൽ.പി.യുമായും കൂട്ടുചേരുമെന്നും വാർത്തകളുണ്ടായി. ക്ഷേത്രദർശനങ്ങൾക്കു പിന്നാലെ പാർട്ടി പ്രഖ്യാപനം നടത്തി സംസ്ഥാനത്തുടനീളം രഥയാത്രനടത്തി പാർട്ടിയെ ശക്തിപ്പെടുത്താനും തിരഞ്ഞെടുപ്പിനൊരുങ്ങാനും ഐ പാക്ക് നിർദേശമുണ്ടെന്നാണ് സൂചന. പൈലറ്റ് പുതിയ പാർട്ടി പ്രഖ്യാപിച്ചാൽ വസുന്ധര രാജെയെ ഒതുക്കാൻ ബി.ജെ.പി.ക്ക് അവസരം കിട്ടുമെന്നും ബി.ജെ.പി. പൈലറ്റിന് പിന്നിലുണ്ടെന്നും റിപ്പോർട്ടുകളുമുണ്ട്.

Content Highlights: rajasthan congress sachin pilot

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..