-
ന്യൂഡൽഹി: പാക് അധീന കശ്മീർ തിരിച്ചുപിടിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ശ്രീനഗറിൽ കരസേനയുടെ 76-ാം ‘ശൗര്യദിവസ്’ ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരപരാധികളായ ഇന്ത്യക്കാർ പാക് അധീന മേഖലയിൽ മനുഷ്യത്വരഹിതമായ ക്രൂരതയ്ക്ക് ഇരയാകുന്നു. ഗിൽജിത്-ബാൾട്ടിസ്താൻ ഉൾപ്പെടെ പാക് അധിനിവേശത്തിൽ തുടരുന്ന മേഖലകൾ തിരിച്ചുപിടിക്കുന്നത് സംബന്ധിച്ച് 1994-ൽ പാർലമെന്റ് ഏകകണ്ഠമായി പാസാക്കിയ പ്രമേയം നടപ്പാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും സിങ് പറഞ്ഞു. ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിക്കൊണ്ടുള്ള മോദി സർക്കാരിന്റെ നടപടി ജമ്മു-കശ്മീർ ജനതയ്ക്ക് ദശാബ്ദങ്ങളായി നിഷേധിക്കപ്പെട്ട സമാധാനവും വികസനവും കൊണ്ടുവരുന്നതിന് വഴിതെളിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കാലാൾപ്പട ദിനമായ ‘ശൗര്യദിവസ്’ സൈനികരോടൊപ്പം ആഘോഷിക്കാൻ വ്യാഴാഴ്ച ശ്രീനഗറിലെത്തിയതായിരുന്നു പ്രതിരോധ മന്ത്രി. പാകിസ്താൻ കശ്മീർ പിടിച്ചെടുക്കാൻ നടത്തിയ നീക്കം 1947 ഒക്ടോബർ 27-ന് കരസേനയുടെ ഇൻഫന്ററി വിഭാഗം പ്രത്യാക്രമണത്തിലൂടെ തടഞ്ഞത് അനുസ്മരിച്ചാണ് ദിനം ആചരിക്കുന്നത്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിനിടെ വീരമൃത്യുവരിച്ച സൈനികർക്ക് പ്രതിരോധമന്ത്രി ആദരാഞ്ജലി അർപ്പിച്ചു.
ഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിലും ശൗര്യദിവസ് ആചരിച്ചു. സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ, കരസേനയുടെ ഉപമേധാവി ലെഫ്. ജനറൽ ബി.എസ്. രാജു എന്നിവർ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു.
Content Highlights: Rajnath Singh hints at taking back Pakistan-occupied Kashmir
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..