ബിഹാറിലെ ഭരണമാറ്റം: രാജ്യസഭയിൽ എൻ.ഡി.എ.യ്ക്ക് ബലപരീക്ഷണം


പാർലമെന്റ് മന്ദിരം| Photo: PTI

ബിഹാറിലെ ഭരണമാറ്റം രാജ്യസഭയിൽ നരേന്ദ്രമോദി സർക്കാരിന് കടുത്ത പരീക്ഷണമാകും. ജെ.ഡി.യു.വിന്റെ അഞ്ചംഗങ്ങൾകൂടി മുന്നണി വിടുന്നതോടെ സർക്കാരിനെ നയിക്കുന്ന എൻ.ഡി.എ.യുടെ അംഗബലം സഭയിൽ വീണ്ടും ശോഷിക്കും. നിർണായകബില്ലുകൾ പാസാക്കാൻ ബി.ജെ.പി.ക്ക് പ്രതിപക്ഷപാർട്ടികളെ കൂടുതലായി ആശ്രയിക്കേണ്ടിവരും. ബി.ജെ.ഡി., വൈ.എസ്.ആർ. കോൺഗ്രസ് എന്നീ പാർട്ടികളിലാണ് എൻ.ഡി.എ.യുടെ പ്രതീക്ഷ.

രാജ്യസഭാ ഉപാധ്യക്ഷപദവിയിൽ ജെ.ഡി.യു. അംഗം ഹരിവംശ് നാരായൺ സിങ്ങിന് തുടരാനാകുമോയെന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്. 237 ആണ് നിലവിൽ രാജ്യസഭയുടെ അംഗസംഖ്യ. ഭൂരിപക്ഷത്തിന് 119 പേരുടെ പിന്തുണയാണ് വേണ്ടത്. 91 അംഗങ്ങളുള്ള ബി.ജെ.പി.യാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. സഖ്യകക്ഷികളായിരുന്ന ശിവസേന, ശിരോമണി അകാലിദൾ, ജെ.ഡി.യു. എന്നീ പാർട്ടികൾ സഖ്യത്തിന്റെ ഭാഗമായിരുന്നപ്പോൾപ്പോലും എൻ.ഡി.എ.യുടെ അംഗസംഖ്യ 114 ആയിരുന്നു. ഇപ്പോൾ ജെ.ഡി.യു.വും വിട്ടതോടെ എൻ.ഡി.എ.യുടെ അംഗബലം 109 ആയി. ഭൂരിപക്ഷത്തിന് 10 സീറ്റിന്റെ കുറവ്.ലോക്‌സഭയിൽ 16 അംഗങ്ങളാണ് ജെ.ഡി.യു.വിനുള്ളത്. ബി.ജെ.പി.ക്കുമാത്രമായി 303 സീറ്റുള്ളതിനാൽ കൊഴിഞ്ഞുപോക്ക് ലോക്‌സഭയിൽ എൻ.ഡി.എ.യ്ക്ക് ഭീഷണിയല്ല. രാജ്യസഭയിൽ ബി.ജെ.ഡി.ക്കും വൈ.എസ്.ആർ.കോൺഗ്രസിനും ഒമ്പതുവീതം സീറ്റും ബി.എസ്.പി.ക്ക് ഒരു സീറ്റുമുണ്ട്. രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളിൽ ഈ പാർട്ടികൾ എൻ.ഡി.എ.സ്ഥാനാർഥിക്കാണ് വോട്ടുചെയ്തത്. അതിനാൽ ഈ പാർട്ടികളുടെ സഹായത്തിലാണ് ബി.ജെ.പി.യുടെ കണ്ണ്.

അംഗബലത്തിലെ കുറവ് പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിൽ സർക്കാരിന് രാജ്യസഭയിൽ വൻകടമ്പയാകും. 2021-ലെ ജമ്മുകശ്മീർ പുനഃസംഘടനാബിൽ പാസാക്കാൻ സ്വീകരിച്ച തന്ത്രങ്ങൾക്ക് സമാനമായ നീക്കങ്ങൾ പ്രയോഗിക്കേണ്ടി വരും. എൻ.ഡി.എ.യുടെ ക്ഷീണം മുൻകൂട്ടിക്കണ്ട് പ്രതിപക്ഷപാർട്ടികൾ ഒറ്റക്കെട്ടായി നിലയുറപ്പിച്ചാൽ സർക്കാർ വിയർക്കും. അതിനുമുമ്പ് മൂന്നംഗങ്ങളെക്കൂടി സർക്കാരിന് നാമനിർദേശംചെയ്യാമെങ്കിലും ഭൂരിപക്ഷം ഉറപ്പിക്കാനാകില്ല.

രാജ്യസഭയിൽ എൻ.ഡി.എ.യുടെ അംഗബലം

*ബി.ജെ.പി. - 91 സീറ്റ് *എ.ഐ.എ.ഡി.എം.കെ. -4

*സിക്കിം ഡമോക്രാറ്റിക് ഫ്രണ്ട്, ആർ.പി.ഐ., അസം ഗണപരിഷത്, പട്ടാളി മക്കൾ കച്ചി, തമിഴ് മാനിലാ കോൺഗ്രസ്, നാഷണൽ പീപ്പിൾസ് പാർട്ടി, മിസോ നാഷണൽ ഫ്രണ്ട്, യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ -ഓരോ സീറ്റുവീതം. *നാമനിർദേശം ചെയ്യപ്പെട്ടവർ -5 *സ്വതന്ത്രർ -1

Content Highlights: Regime change in Bihar test of strength for NDA in Rajya Sabha

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..