ആര്‍.എസ്.എസ്. ശാഖാംഗങ്ങളില്‍ ഭൂരിപക്ഷവും വിദ്യാര്‍ഥികള്‍; പ്രതിനിധിസഭ തുടങ്ങി


By സ്വന്തം ലേഖകന്‍

2 min read
Read later
Print
Share

ഫയൽ ഫോട്ടോ - PTI

അഹമ്മദാബാദ്: രാജ്യത്ത് ആര്‍.എസ്.എസിന്റെ അറുപതിനായിരത്തോളം ശാഖകളില്‍ പങ്കെടുക്കുന്നവരില്‍ 61 ശതമാനം അംഗങ്ങളും സ്‌കൂളുകളിലോ കോളേജുകളിലോ പഠിക്കുന്ന വിദ്യാര്‍ഥികളാണ്. സംഘത്തിന്റെ അഖില ഭാരതീയ പ്രതിനിധി സഭയുടെ ആദ്യദിവസം പത്രസമ്മേളനത്തില്‍ സഹസര്‍കാര്യവാഹ് മന്‍മോഹന്‍ വൈദ്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവായതോടെ 98 ശതമാനം ശാഖകളും കൃത്യമായി ചേരുന്നുണ്ടെന്ന് വൈദ്യ പറഞ്ഞു. ''വിദ്യാര്‍ഥികള്‍ കൂടുതലായി പങ്കെടുക്കുന്നതില്‍ നിന്നുതന്നെ ചെറുപ്പക്കാര്‍ക്ക് സംഘത്തോട് ആഭിമുഖ്യം ഏറുന്നതായി മനസ്സിലാക്കാം. കേരളം, കര്‍ണാടകം, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ശാഖകള്‍ കൂടുതലുള്ളത്. രാജ്യത്തെ 2303 പട്ടണങ്ങളില്‍ 95 ശതമാനത്തിലും ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്...'' -അദ്ദേഹം പറഞ്ഞു.

ശതാബ്ദി വര്‍ഷമായ 2025-നു മുമ്പ് രാജ്യത്തെ എല്ലാ മണ്ഡലങ്ങളിലും ശാഖകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കലാണ് പ്രതിനിധിസഭയുടെ ഒരു അജന്‍ഡ. പത്തു മുതല്‍ 12 വരെ ഗ്രാമങ്ങള്‍ ചേരുന്നതാണ് ഒരു മണ്ഡലം.

അഹമ്മദാബാദിനടുത്ത് പിരാന ഗ്രാമത്തില്‍ നടക്കുന്ന പ്രതിനിധിസഭയില്‍ 1200-ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. സര്‍സംഘചാലക് മോഹന്‍ ഭാഗവതും ജനറല്‍ സെക്രട്ടറി ദത്തത്രേയ ഹൊസബോളെയും ഭാരതമാതാവിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് സമ്മേളനത്തിനു തുടക്കം കുറിച്ചത്.

പ്രദര്‍ശനത്തില്‍ വിശിഷ്ട വ്യക്തിയായി ജിന്നയും വിവാദമായതോടെ നീക്കി

അഹമ്മദാബാദ്: ആര്‍.എസ്.എസ്. ദേശീയ പ്രതിനിധിസഭയുടെ ഭാഗമായി ഗുജറാത്ത് ഘടകം സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ വിശിഷ്ടവ്യക്തികളുടെ കൂട്ടത്തില്‍ പാകിസ്താന്‍ സ്ഥാപകന്‍ മുഹമ്മദാലി ജിന്നയുടെ ചിത്രവും ഇടം പിടിച്ചു. സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ജിന്നയെ വാഴ്ത്തിയെന്ന് ആരോപിച്ച് യു.പി. തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. വ്യാപകമായി പ്രചാരണം നടത്തിയതിനുപിന്നാലെയാണ് ഈ സംഭവം.

ആര്‍.എസ്.എസിന്റെ പ്രദര്‍ശനത്തില്‍ ഗുജറാത്തില്‍ വേരുകളുള്ള 200 വിശിഷ്ട വ്യക്തികള്‍ക്കൊപ്പമാണ് മുഹമ്മദാലി ജിന്നയുടെ ചിത്രമുള്ളത്. 'ആദ്യകാലത്ത് ദേശാഭിമാനിയായിരുന്ന അഭിഭാഷകന്‍. പിന്നീട് മതാടിസ്ഥാനത്തില്‍ ഭാരതത്തിന്റെ വിഭജനത്തിന് കാരണക്കാരനായി...' എന്നാണ് ചിത്രത്തിനു കൊടുത്ത അടിക്കുറിപ്പ്. കോണ്‍ഗ്രസുമായി ബന്ധമുള്ള സാങ്കേതികവിദ്യാ വിദഗ്ധന്‍ സാം പിട്രോഡ, മൃണാളിനി സാരാഭായ്, വര്‍ഗീസ് കുര്യന്‍ തുടങ്ങിയവരുടെ ചിത്രങ്ങളും ഇടംപിടിച്ചിട്ടുണ്ട്. ജിന്നയുടെ ചിത്രം മാധ്യമങ്ങളില്‍ വന്ന് വിവാദമായതോടെ സംഘാടകര്‍ തിരക്കിട്ട് പ്രതിനിധി സഭയുടെ ഉദ്ഘാടനത്തിനു മുമ്പുതന്നെ അത് നീക്കം ചെയ്തു.

ആര്‍.എസ്.എസ്. ആശയത്തോട് കൂറുള്ളവരുടെ ചിത്രങ്ങള്‍ മാത്രമല്ല ഉള്‍പ്പെടുത്തിയത് എന്നുപറഞ്ഞാണ് സംഘാടകര്‍ ആദ്യം കൈകഴുകിയത്. എന്നാല്‍, ജിന്നയുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെ മുമ്പ് പലപ്പോഴും പരിവാര്‍ സംഘടനകളും നേതാക്കളും എതിര്‍ത്തിട്ടുണ്ട്. അലിഗഢ് സര്‍വകലാശാലയില്‍ സ്ഥാപകാംഗമെന്ന നിലയില്‍ ജിന്നയുടെ ചിത്രംവെച്ചതിനെ ബി.ജെ.പി. നേതാക്കള്‍ എതിര്‍ത്തിരുന്നു. മുഹമ്മദാലി ജിന്നയെ മഹാവ്യക്തിയെന്ന് വിശേഷിപ്പിച്ചതിന് എല്‍.കെ. അദ്വാനിയും വലിയ വിമര്‍ശനം സംഘടനയ്ക്കുള്ളില്‍ നേരിട്ടതാണ്.

Content Highlights: RSS annual meet Ahmedabad

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..