പ്രതീകാത്മകചിത്രം | ഫോട്ടോ: ശ്രീജിത്ത് പി രാജ് | മാതൃഭൂമി
ന്യൂഡൽഹി: നിലയ്ക്കൽ-പമ്പ റൂട്ടിലെ ശബരിമല സർവീസിന് അധികനിരക്ക് ഈടാക്കുന്നുണ്ടെങ്കിൽ അതിന്റെ ന്യായീകരണമറിയിക്കാൻ കെ.എസ്.ആർ.ടി.സി.യോട് ദേശീയ മത്സര കമ്മിഷൻ (കോമ്പറ്റീഷൻ കമ്മിഷൻ) ആവശ്യപ്പെട്ടു. നിലയ്ക്കൽ-പമ്പ ഉൾപ്പെടെ 31 റൂട്ടുകൾ കെ.എസ്.ആർ.ടി.സി.ക്ക് മാത്രമായി ദേശസാത്കരിച്ചതിന്റെ ന്യായീകരണം വ്യക്തമാക്കാൻ സംസ്ഥാന സർക്കാരിനോടും ആവശ്യപ്പെട്ടു. നാലാഴ്ചയ്ക്കകം വിവരംനൽകാനാണ് നിർദേശം.
സംസ്ഥാനത്ത് സ്വകാര്യ ബസുകൾക്ക് അനുമതിയില്ലാത്ത 31 റൂട്ടുകളിലൊന്നായ കൊല്ലം- പമ്പ റൂട്ടിന്റെ ഭാഗമാണ് നിലയ്ക്കൽ-പമ്പ. ഇവിടെ സാധാരണ സർവീസിന് 28.50 രൂപയേ ഈടാക്കാനാവൂ എന്നിരിക്കേ കെ.എസ്.ആർ.ടി.സി. 50 രൂപയാണ് വാങ്ങുന്നത്. രണ്ട് വശത്തേക്കും യാത്രചെയ്യുമ്പോൾ 57 രൂപയ്ക്കുപകരം 100 രൂപ നൽകണം. എ.സി. സർവീസിന് 160 രൂപയാണ്.
ദേശസാത്കരണത്തിന്റെ ആനുകൂല്യം ദുരുപയോഗംചെയ്ത് ഉയർന്നനിരക്ക് ഈടാക്കുന്നത് 2002-ലെ കോമ്പറ്റീഷൻ നിയമത്തിന്റെ ലംഘനമാണെന്നുകാട്ടി അഡ്വ. ഷൈൻ പി. ശശിധർ ആണ് കമ്മിഷനെ സമീപിച്ചത്. കോമ്പറ്റീഷൻ നിയമത്തിലെ ഒന്നാംവകുപ്പിലെ നാലാം ഉപവകുപ്പിന്റെ ലംഘനമാണ് കെ.എസ്.ആർ.ടി.സി. നടത്തുന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.
നിലയ്ക്കൽ-പമ്പ റൂട്ടിൽ സൗജന്യ സർവീസ് നൽകാൻ വിവിധ സന്നദ്ധ സംഘടനകൾ താത്പര്യമറിയിച്ചെങ്കിലും കെ.എസ്.ആർ.ടി.സി.യുടെ കുത്തക നിലനിർത്തുന്നതിനായി അതിന് അനുമതി നൽകിയില്ല. ഓരോവർഷവും സീസൺ ഉൾപ്പെടെ 160 ദിവസമെങ്കിലും ശബരിമല സർവീസ് ആവശ്യമാണെന്നതിനാൽ ഇതിനെ പ്രത്യേക സേവനമായി കണക്കാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
ശബരിമല സീസണിൽ നിലയ്ക്കൽവരെ മാത്രമേ മറ്റ് വാഹനങ്ങൾക്ക് അനുമതിയുള്ളൂ. സീസൺകാലത്ത് പ്രതിദിനം രണ്ടര ലക്ഷംവരെ ഭക്തരെത്തുന്ന ശബരിമലയിൽ അവർക്ക് പമ്പയിലെത്താൻ കെ.എസ്.ആർ.ടി.സി.യെതന്നെ ആശ്രയിക്കണമെന്നും പരാതിയിൽ പറഞ്ഞു.
Content Highlights: sabarimala over charge in ksrtc
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..