സമീർ വാംഖഡെ | ഫയൽചിത്രം | പി.ടി.ഐ.
മുംബൈ: നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ മുംബൈ മേധാവിയായിരുന്ന സമീർ വാംഖഡെക്കെതിരേ ഗുരുതര ആരോപണവുമായി സി.ബി.ഐ.യുടെ പ്രഥമവിവരറിപ്പോർട്ട്. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻഖാനെ ലഹരിക്കേസിൽനിന്നൊഴിവാക്കാൻ 25 കോടിരൂപയാണ് വാംഖഡെ കൈക്കൂലിയായി ആവശ്യപ്പെട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു
25 കോടിരൂപ നൽകിയില്ലെങ്കിൽ ആര്യൻ ഖാനെ കേസിൽപ്പെടുത്തുമെന്ന് ഷാരൂഖിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയതായും പിന്നീട് 18 കോടി രൂപയ്ക്ക് ഇടപാട് ഉറപ്പിച്ചതായും എഫ്.ഐ.ആറിൽ പറയുന്നു. സമീർ വാംഖഡെക്കും മറ്റ് നാലുപേർക്കുമെതിരേയാണ് സി.ബി.ഐ. സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശമുള്ളത്.
2021 ഒക്ടോബർ രണ്ടിന് ഗോവയിലേക്കുള്ള കോർഡിലിയ ക്രൂയിസ് ആഡംബരക്കപ്പലിൽ നടത്തിയ റെയ്ഡിലാണ് ആര്യൻ ഖാൻ അടക്കമുള്ളവർ പിടിയിലായത്. ആര്യനെ കേസിൽനിന്നൊഴിവാക്കാനാണ് വാംഖഡെ കൈക്കൂലി ആവശ്യപ്പെട്ടത്. വാംഖഡെയുടെ വിദേശ യാത്രകളും വിലകൂടിയ റിസ്റ്റ് വാച്ചുകൾ വാങ്ങിയതും സി.ബി.ഐ. എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ആര്യൻ ഖാൻ കേസിലെ സാക്ഷിയായ കെ.പി. ഗോസാവിക്കൊപ്പമാണ് സമീർ വാംഖഡെ ഗൂഢാലോചന നടത്തിയത്. ഗോസാവിയാണ് ഷാരൂഖ് ഖാനോട് കൈക്കൂലി ആവശ്യപ്പെട്ടത്. ചർച്ചയിൽ 18 കോടിക്ക് ധാരണയായെന്നും 50 ലക്ഷം ആദ്യഗഡുവായി വാങ്ങിയെന്നും എഫ്.ഐ.ആറിലുണ്ട്. എൻ.സി.ബി. മുൻ എസ്.പി. വിശ്വവിജയ് സിങ്, എൻ.സി.ബി.യുടെ ഇന്റലിജൻസ് ഓഫീസർ ആശിഷ് രഞ്ജൻ പ്രസാദ്, കെ.പി. ഗോസാവി, ഇയാളുടെ സഹായി സാൻവിൽ ഡിസൂസ എന്നിവർക്കെതിരായ പ്രഥമവിവര റിപ്പോർട്ട് വെള്ളിയാഴ്ചയാണ് സമർപ്പിച്ചത്.
മുംബൈ, ഡൽഹി, റാഞ്ചി, കാൻപുർ എന്നിവിടങ്ങളിലായി വാംഖഡെയുമായി ബന്ധമുള്ള 29 ഇടങ്ങളിൽ സി.ബി.ഐ. സംഘം പരിശോധന നടത്തിയിരുന്നു. കൈക്കൂലിയുടെ മുൻകൂർതുകയായി 50 ലക്ഷംരൂപ വാംഖഡെയും കൂട്ടാളികളും കൈപ്പറ്റിയിരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ആഡംബര കപ്പലിൽ വാംഖഡെയും സംഘവും റെയ്ഡ് നടത്തിയപ്പോൾ ലഹരിയുമായി പിടിയിലായവർക്കൊപ്പം ആര്യൻ ഖാൻ ഉണ്ടായിരുന്നതു മുതലെടുത്താണ് ഷാരൂഖ് ഖാനോട് കൈക്കൂലി ആവശ്യപ്പെട്ടത്. വാംഖഡെയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ വീഴ്ച പറ്റിയെന്ന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉന്നതതല അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്ന് ആര്യൻ ഖാനെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയിരുന്നു. വാംഖഡെയെ ചെന്നൈയിലേക്കു സ്ഥലംമാറ്റുകയുംചെയ്തു. മറ്റു രണ്ട് എൻ.സി.ബി. ഉദ്യോഗസ്ഥരെ ക്രമക്കേടുകളുടെപേരിൽ കഴിഞ്ഞദിവസം സർവീസിൽനിന്ന് പിരിച്ചുവിട്ടിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..