സമീർ വാംഖഡെ-ഷാരൂഖ് ഖാൻ വാട്‌സാപ്പ് ചാറ്റ് പുറത്ത്


1 min read
Read later
Print
Share

സമീർ വാംഖഡെ, ഷാരൂഖ് ഖാൻ | Photo: ANI

മുംബൈ: മയക്കുമരുന്ന് കേസിൽ മകൻ ആര്യൻ ഖാനെ വിട്ടയക്കണമെന്ന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ മുംബൈ മേഖലാ മുൻഡയറക്ടർ സമീർ വാംഖഡെയോട് നടൻ ഷാരൂഖ് ഖാൻ അഭ്യർഥിക്കുന്ന തരത്തിലുള്ള വാട്‌സാപ്പ് ചാറ്റ് പുറത്ത്. ‘‘ഞാൻ നിങ്ങളോട് അപേക്ഷിക്കുകയാണ് എന്റെ മകനെ ഇതിൽനിന്ന് മുക്തനാക്കണം. എന്റെ മകനോ കുടുംബത്തിനോ ഇതിൽ ഒരു പങ്കും ഇല്ല. ഈ സംഭവത്തിന് ശേഷം ആരോടും സംസാരിക്കാൻപോലും എനിക്ക് സാധിക്കുന്നില്ല. ഞാൻ നിങ്ങളോട് യാചിക്കുന്നു, എന്റെ മകനെ പുറത്തുവിടൂ.’’ ഷാരൂഖിന്റെ വാക്കുകൾ ഇങ്ങനെ. ഇത്തരത്തിൽ പറയുന്നത് ഔദ്യോഗികമായി അനുചിതമാണെന്നും തീർത്തും തെറ്റാണെന്നും തനിക്കറിയാമെന്നും ഷാരൂഖ് ഖാൻ പറയുന്നുണ്ട്. സി.ബി.ഐ. കേസിനെതിരേ വെള്ളിയാഴ്ച സമീർ വാംഖഡെ ബോംബെ ഹൈക്കോടതിയിൽ നൽകിയ ഹർജിക്കൊപ്പമാണ് ഷാരൂഖുമായി നടത്തിയ വാട്‌സാപ്പ് ചാറ്റും നൽകിയത്.

2021 ഒക്‌ടോബർ മൂന്നിനും 15-നുമിടയിൽ നടനുമായി നടത്തിയ ചാറ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ അടങ്ങുന്ന രേഖകളാണ് വാംഖഡെ നൽകിയത്. ആഡംബര കപ്പലിലെ റെയ്ഡിനെത്തുടർന്ന് 2021 ഒക്ടോബർ മൂന്നിനാണ് എൻ.സി.ബി. ആര്യൻ ഖാനെ അറസ്റ്റുചെയ്തത്. 25 ദിവസത്തെ തടവിനുശേഷം ഒക്ടോബർ 28-നാണ് ആര്യൻ ഖാന് ജാമ്യം ലഭിച്ചത്. എന്നാൽ തെളിവുകളില്ലാതിരുന്ന സാഹചര്യത്തിൽ ആര്യൻ ഖാന്റെ പേര് എൻ.സി.ബി. കുറ്റപത്രത്തിലുണ്ടായിരുന്നില്ല. എൻ.സി.ബി. െഡപ്യൂട്ടി ഡയറക്ടർ ജ്ഞാനേശ്വർ സിങ്ങാണ് ആരോപണങ്ങൾക്കു പിന്നിലെന്നു ചൂണ്ടിക്കാട്ടിയാണ് മുംബൈ മേഖലാ മുൻ ഡയറക്ടർകൂടിയായ വാംഖഡെ കോടതിയെ സമീപിച്ചത്. കുറ്റപത്രത്തിൽ മാറ്റങ്ങൾവരുത്തിയതിന് പിന്നിൽ ജ്ഞാനേശ്വർ സിങ്ങാണെന്നും തനിക്കെതിരേ പ്രതികാരം തീർക്കുകയാണ് എൻ.സി.ബി. ഡെപ്യൂട്ടി ഡയറക്ടറെന്നും കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ബോധിപ്പിച്ചിട്ടുണ്ട്. മയക്കുമരുന്ന് കേസിൽനിന്ന് ആര്യൻ ഖാനെ ഒഴിവാക്കാൻ ഷാരൂഖ് ഖാനിൽനിന്ന് 25 കോടിരൂപ തട്ടിയെടുക്കാൻ സമീർ വാംഖഡെ ശ്രമിച്ചെന്നായിരുന്നു സി.ബി.ഐ.യുടെ ആരോപണം. ഇതിന് മറുപടിയായാണ് ഞാൻ നിരപരാധിയാണെന്ന് അവകാശപ്പെട്ട് വാംഖഡെ കോടതിയിൽ ഹർജി നൽകിയത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..