അമൃത്പാൽ സിങ് ഒളിവിൽത്തന്നെയെന്ന് പോലീസ്, പുതിയ രണ്ട് എഫ്.ഐ.ആർ. ഫയൽചെയ്തു


1 min read
Read later
Print
Share

‘വാരിസ് പഞ്ചാബ് ദേ’ സംഘടനയിലെ 78 പേർ കസ്റ്റഡിയിൽ

അമൃത്പാൽ സിങും അനുയായികളും | Photo: ANI

ചണ്ഡീഗഢ്‌/ദിബ്രുഗഢ്‌: ഖലിസ്ഥാൻവാദിയും സ്വയംപ്രഖ്യാപിത ആൾദൈവവും ‘വാരിസ് പഞ്ചാബ് ദേ’ സംഘടനയുടെ തലവനുമായ അമൃത്പാൽ സിങ്ങിനെ പിടികൂടാനായില്ലെന്ന് പഞ്ചാബ് പോലീസ്. നിയമവിരുദ്ധമായി ആയുധങ്ങൾ കൈവശംവെച്ചതിനടക്കം ഇയാളുടെപേരിൽ ഞായറാഴ്ച പോലീസ് പുതിയ രണ്ട് എഫ്.ഐ.ആറും ഫയൽചെയ്തു. വൻതോതിൽ ആയുധങ്ങൾ ശേഖരിച്ച് കലാപത്തിനായി യുവാക്കളെ സംഘടിപ്പിക്കുകയാണ് അമൃത്പാലെന്നും പോലീസ് ആരോപിക്കുന്നു.

വാഹനവ്യൂഹം പിന്തുടർന്ന് ജലന്ധറിൽവെച്ച് അമൃത്പാൽ സിങ്ങിനെ പിടികൂടിയെന്നാണ് ശനിയാഴ്ച പോലീസ് അവകാശപ്പെട്ടിരുന്നത്. എന്നാൽ, പോലീസ് വലയം ഭേദിച്ച് ഇയാൾ രക്ഷപ്പെട്ടെന്നാണ് ഞായറാഴ്ച നൽകുന്ന വിശദീകരണം.

25 കിലോമീറ്ററോളം അമൃത്പാലിന്റെ വാഹനവ്യൂഹത്തെ പോലീസ് പിന്തുടർന്നു. എന്നാൽ, വാഹനം മാറിക്കയറി ഇടുങ്ങിയ വഴികളിലൂടെ ഇയാൾ പോലീസിനെ വെട്ടിച്ചുകടന്നു. രണ്ടുവാഹനങ്ങൾ പിടിച്ചെടുത്തെന്നും ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പിടികൂടിയ നാല്‌ അനുയായികളെ ഞായറാഴ്ച അസമിലെ ദിബ്രുഗഢിലെ സെൻട്രൽ ജയിലിലേക്കുമാറ്റി.

അതേസമയം, അമൃത്പാൽ പോലീസ് കസ്റ്റഡിയിലാണെന്നാണ് അനുയായികൾ പറയുന്നത്. സംഘർഷാവസ്ഥയെത്തുടർന്ന് പഞ്ചാബിൽ ഇന്റർനെറ്റ്, എസ്.എം.എസ്. സേവനങ്ങൾ റദ്ദാക്കിയത് തിങ്കളാഴ്ച ഉച്ചവരെ നീട്ടി. അമൃത്‍സർ, ജലന്ധർ, ലുധിയാന തുടങ്ങിയയിടങ്ങളിൽ സുരക്ഷാസേന ഫ്ലാഗ്‌ മാർച്ചും നടത്തി.

ശനിയാഴ്ചയാണ് പഞ്ചാബ് സർക്കാർ അമൃത്പാലിനെയും സംഘത്തെയും അറസ്റ്റുചെയ്യാനുള്ള നീക്കംതുടങ്ങിയത്. ഇതുവരെ ‘വാരിസ് പഞ്ചാബ് ദേ’ സംഘടനയിലെ 78 പേർ കസ്റ്റഡിയിലായിട്ടുണ്ട്. അമൃത്പാലിന്റെ ജന്മദേശമായ അമൃത്‌സർ ജില്ലയിലെ ജല്ലുപുർ ഖൈരയിലും സുരക്ഷ ശക്തമാക്കി. സംസ്ഥാനവ്യാപകമായി തുടരുന്ന പരിശോധനയിൽ ഇതുവരെ ഒൻപതു തോക്കുകളും 373 വെടിയുണ്ടകളും പിടിച്ചെടുത്തു.

അമൃത്പാലിനെക്കുറിച്ച് ശനിയാഴ്ചമുതൽ വിവരമൊന്നുമില്ലെന്നും മകനെ പോലീസ് തടവിലാക്കിയിരിക്കുകയാണെന്നും പിതാവ് തർസേം സിങ് പറഞ്ഞു. അതിനിടെ, ജലന്ധറിലെ ഷാക്കോട്ട് പ്രദേശത്തുനിന്ന് പോലീസ് അനധികൃതമായി പിടികൂടിയ അമൃത്പാൽ സിങ്ങിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വാരിസ് പഞ്ചാബ് ദേയുടെ നിയമോപദേശകൻ ഇമാം സിങ് ഖാര നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിൽ പഞ്ചാബ് ആൻഡ് ഹരിയാണ ഹൈക്കോടതി പഞ്ചാബ് സർക്കാരിന് നോട്ടീസും അയച്ചു.

Content Highlights: Search For Khalistani Separatist

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..