Photo:ANI
ന്യൂഡൽഹി: കോവിഡ് പ്രതിരോധവാക്സിൻ വലിയതോതിൽ കെട്ടിക്കിടക്കുന്നതിനാൽ പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദനം നിർത്തിവെച്ചു. വാക്സിന്റെ ആവശ്യം കുറഞ്ഞതോടെ കഴിഞ്ഞ ഡിസംബർ 31 മുതൽ ഉത്പാദനം മന്ദഗതിയിലാക്കിയിരുന്നു. 20 കോടി ഡോസ് മരുന്നുകമ്പനികളിൽ കെട്ടിക്കിടക്കുകയാണ്. ഒമ്പതുമാസമാണ് വാക്സിന്റെ കാലാവധി. സൗജന്യമായി നൽകാമെന്ന് അറിയിച്ചിട്ടും ആവശ്യക്കാരില്ലെന്ന് കമ്പനി മേധാവി അദാർ പൂനാവാലെ പറഞ്ഞു.
ആസ്ട്ര സെനെക്കയുമായി ചേർന്ന് കോവിഷീൽഡാണ് കമ്പനി നിർമിക്കുന്ന പ്രധാന കോവിഡ് പ്രതിരോധ വാക്സിൻ. 100 കോടിയിലധികം ഡോസ് വാക്സിൻ ഇതിനകം ഉത്പാദിപ്പിച്ചു. രാജ്യത്ത് ഭൂരിഭാഗംപേരും കുത്തിവെപ്പെടുത്തതും കോവിഡിനോടു പൊരുത്തപ്പെട്ട് ജീവിച്ചുതുടങ്ങിയതും നിയന്ത്രണങ്ങളിൽ ഇളവുവന്നതുമൊക്കെ വാക്സിൻ ഉപയോഗത്തെ ബാധിച്ചെന്നാണ് വിലയിരുത്തൽ. യു.എസ്. മരുന്നുനിർമാണ കമ്പനിയായ നൊവാവാക്സിന്റെ കോവോവാക്സും കമ്പനി നിർമിക്കുന്നുണ്ട്.
കോവിഡിന്റെ ആദ്യഘട്ടത്തിൽ വാക്സിനുവേണ്ടി ഇന്ത്യയടക്കം എല്ലാ രാജ്യങ്ങളും നെട്ടോട്ടമായിരുന്നു. പിന്നീട് വാക്സിനെത്തിയപ്പോഴും സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന രാജ്യങ്ങളിൽ കൃത്യമായി വിതരണം നടക്കുമോയെന്ന കാര്യത്തിൽ ലോകാരോഗ്യ സംഘടനയടക്കം ആശങ്കപ്പെട്ടിരുന്നു. മരുന്നുനിർമാണ മേഖലയിൽ ആഗോളതലത്തിൽതന്നെ മുന്നിൽനിൽക്കുന്ന ഇന്ത്യക്ക് പക്ഷേ, ഇക്കാര്യത്തിൽ കൂടുതൽ ആശങ്കപ്പെടേണ്ടിവന്നില്ല. എന്നാൽ, പല മൂന്നാം ലോകരാജ്യങ്ങളിലും കുത്തിവെപ്പ് കാര്യക്ഷമമല്ലാതിരുന്നിട്ടും ആഗോള തലത്തിൽ വാക്സിന് ആവശ്യം കുറഞ്ഞു.
രാജ്യത്ത് ഇതിനകം നൽകിയത്: 187.65 കോടി ഡോസ് വാക്സിൻ.
- ആദ്യ ഡോസ്: 99,86,91,808.
- രണ്ടാം ഡോസ്: 85,12,08,792.
- കരുതൽ വാക്സിൻ: 2,66,28,365.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..