ഡികെ ശിവകുമാർ | Photo: മാതൃഭൂമി ആർക്കെവ്സ്
ബെംഗളൂരു: ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ഉപയോഗിച്ച ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രം (ഇ.വി.എം.) കർണാടകത്തിൽ ഉപയോഗിക്കരുതെന്ന് കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാർ. ഇത് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശിവകുമാർ ബെംഗളൂരുവിൽ പറഞ്ഞു.
സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തണമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടതിനുപിന്നാലെയാണ് വോട്ടിങ് യന്ത്രത്തിൽ ആരോപണവുമായി ഡി.കെ. ശിവകുമാർ രംഗത്തെത്തിയത്.
മേയ് പത്ത് തിരഞ്ഞെടുപ്പുദിനം മാത്രമല്ല, അഴിമതി വേരോടെ പിഴുതെറിയുന്ന ദിവസവുമായിരിക്കുമെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കും. മൂന്നിൽ രണ്ട് ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. നാലുവർഷത്തെ ഇരട്ട എൻജിൻ സർക്കാർ പരാജയപ്പെട്ടെന്നും പുതിയ എൻജിൻ വരുമെന്നും ശിവകുമാർ പറഞ്ഞു.
ഏപ്രിൽ അഞ്ചിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കോലാറിലെത്തി 2019-ൽ പ്രസംഗിച്ച അതേ വേദിയിൽ പ്രസംഗിക്കും. ‘സത്യമേവ ജയതേ’ എന്ന പേരിലാകും കോലാറിലെ പരിപാടി. അയോഗ്യതയെയും ജയിലിനെയും രാഹുൽ ഭയക്കുന്നില്ല. കോൺഗ്രസ് പാർട്ടിയില്ലാതെ രാജ്യത്തെ ഒന്നിപ്പിക്കാനാകില്ലെന്നും ശിവകുമാർ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..