കോവിഡുകാലത്ത് പരോൾ ലഭിച്ചവർ ജയിലിലേക്ക് മടങ്ങണം -സുപ്രീംകോടതി


സുപ്രീം കോടതി | ചിത്രം: മാതൃഭൂമി

ന്യൂഡൽഹി: കേരളത്തിൽ കോവിഡ് വ്യാപനത്തെത്തുടർന്ന് സംസ്ഥാനസർക്കാർ പരോൾ നൽകിയ തടവുകാർ രണ്ടാഴ്ചയ്ക്കകം ജയിലുകളിലേക്ക് മടങ്ങണമെന്ന് സുപ്രീംകോടതി. സംസ്ഥാനത്ത് കോവിഡ് സാഹചര്യം മെച്ചപ്പെട്ടസ്ഥിതിക്ക് ഇനിയും പരോളിൽ തുടരാൻ കാരണമില്ലെന്ന് ജസ്റ്റിസ് എൽ. നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

രാജ്യത്ത് കോവിഡ് രൂക്ഷമായപ്പോൾ ജയിലുകളിൽ വ്യാപനം തടയുന്നതിനായി തടവുകാർക്ക് പരോൾ നൽകാൻ സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഏതെല്ലാം വിഭാഗത്തിൽപ്പെട്ടവർക്കാണ് പരോൾ നൽകേണ്ടതെന്ന് പരിശോധിക്കാൻ ഉന്നതാധികാര സമിതിയുമുണ്ടാക്കി.

ഇതുപ്രകാരം പത്തുവർഷത്തിൽ താഴെ തടവുശിക്ഷ ലഭിച്ചവർക്ക് പരോൾ നൽകാമെന്നാണ് സമിതി ശുപാർശചെയ്തത്. പിന്നീട്, പത്തുവർഷത്തിൽ കൂടുതൽ തടവുശിക്ഷ ലഭിച്ചവർക്കും പരോൾ നൽകാൻ കേരള സർക്കാർ തീരുമാനിച്ചു. സുപ്രീംകോടതിയുടെ ഇടപെടലിനെത്തുടർന്ന് കോവിഡ് കാലത്ത് ജയിലിൽനിന്ന് ഇറങ്ങാൻ സാധിച്ചവർക്ക് പലതവണ പരോൾ നീട്ടിനൽകിയിരുന്നു. ഇനി എല്ലാവരും അതത് ജയിലുകളിലേക്ക് രണ്ടാഴ്ചയ്ക്കകം മടങ്ങണമെന്നാണ് സുപ്രീംകോടതി വെള്ളിയാഴ്ച ഉത്തരവിട്ടത്.

കണ്ണൂർ ജയിലിലെത്തേണ്ടത് ടി.പി. വധക്കേസ്‌ പ്രതികളടക്കം 154 പേർ

കണ്ണൂർ: കോവിഡ്‌ കാലത്തെ പരോൾ കഴിഞ്ഞ്‌ കണ്ണൂർ സെൻട്രൽ ജയിലിൽ തിരിച്ചെത്തേണ്ടവർ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ ആറു പ്രതികൾ ഉൾപ്പെടെ 154 പേർ. ടി.പി. വധക്കേസ്‌ പ്രതികളായ കെ.സി. മുഹമ്മദ്‌ ഷാഫി, ടി.കെ. രജീഷ്‌, കെ.സി. രാമചന്ദ്രൻ, മനോജൻ, അണ്ണൻ സിജിത്‌, കെ. ഷനോജ്‌ എന്നിവർ മടങ്ങുന്നവരിലുണ്ട്.

വിയ്യൂർ സെൻട്രൽ ജയിലിലേക്ക് 55 പേരും തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് 28 പേരും തിരിച്ചെത്താനുണ്ട്.

ചീമേനിയിലേക്ക് 146 പേർ

ചീമേനി: 146 തടവുകാർ തുറന്ന ജയിലിൽ തിരിച്ചെത്തും. 49 തടവുകാരാണിപ്പോൾ തുറന്ന ജയിലിലുള്ളത്. തടവുകാർ തിരിച്ചുവരാത്തതിനാൽ ജയിലിലെ പല ജോലികളും നിർത്തിവെച്ചിരിക്കുകയാണ്.

Content Highlights: Should Return to Jail Supreme court to Prisoners

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..