കമല പൂജാരി
ഭുവനേശ്വർ: ആശുപത്രിയിൽ ചികിത്സയിലായിരുന്ന പത്മശ്രീ ജേത്രിയെ തീവ്രപരിചരണ വിഭാഗത്തിനുള്ളിൽ സാമൂഹിക പ്രവർത്തക നിർബന്ധിച്ച് നൃത്തംചെയ്യിപ്പിച്ചതായി പരാതി. വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന ഗോത്രവിഭാഗക്കാരി കമല പൂജാരിക്കാണ് (71) ദുരനുഭവം.
ഒഡിഷയിലെ കട്ടക് എസ്.സി.ബി. മെഡിക്കൽ കോളേജിലാണ് സംഭവം. പരജ ഗോത്ര വിഭാഗക്കാരിയാണ് കമല. സംഭവത്തിൽ പ്രതിഷേധിച്ച് ഗോത്രവിഭാഗം നേതാക്കൾ രംഗത്തെത്തി. ജൈവകൃഷി പ്രോത്സാഹനം, നൂറിലേറെ നാടൻ വിത്തുകൾ സംരക്ഷിക്കൽ എന്നിവ പരിഗണിച്ച് 2019-ലാണ് കമലയ്ക്ക് പദ്മശ്രീ നൽകിയത്.
കമല പൂജാരി ആശുപത്രിയിൽ നൃത്തംചെയ്യുന്ന വിഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സാമൂഹിക പ്രവർത്തകയായ മമത ബെഹ്റയും ഒപ്പം ചുവടുവെക്കുന്നുണ്ട്. പറ്റില്ലെന്ന് പലതവണ പറഞ്ഞിട്ടും നിർബന്ധിക്കുകയായിരുന്നുവെന്ന് കമല പറഞ്ഞു. നൃത്തംചവിട്ടിയ ശേഷം അസുഖവും തളർച്ചയും കൂടിയതായി അവർ മാധ്യമങ്ങളോട് പറഞ്ഞു. കമലയെ നൃത്തംചെയ്യിപ്പിച്ചതിൽ ഗൂഢോദ്ദേശ്യമില്ലെന്നും അവരുടെ മടി മാറ്റുകയായിരുന്നു ലക്ഷ്യമെന്നും മമത ബെഹ്റ പറഞ്ഞു.
Content Highlights: Sick Padma Sri Awardee Tribal Woman Forced To Dance
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..