RB Sreekumar
അഹമ്മദാബാദ്: തന്റെ ഭാഗത്ത് തെറ്റില്ലെന്നും ചെയ്തതെല്ലാം നിയമപ്രകാരമാണെന്നും ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട വ്യാജരേഖ കേസിൽ അറസ്റ്റിലായ മുൻ ഡി.ജി.പി. ആർ.ബി. ശ്രീകുമാർ അന്വേഷണ സംഘത്തോട് ആവർത്തിച്ചു. റായ്‌ഗഢിലുള്ള ക്രൈം ബ്രാഞ്ച് ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ.
ഗുജറാത്ത് കലാപത്തിൽ നിരപരാധികളെ പ്രതികളാക്കാൻ വ്യാജരേഖയുണ്ടാക്കിയെന്ന കുറ്റത്തിന് അറസ്റ്റിലായ ശ്രീകുമാറിനെയും സാമൂഹിക പ്രവർത്തക തീസ്ത സെതൽവാദിനെയും കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടുനൽകിയിരുന്നു. വ്യാജരേഖ സംബന്ധിച്ച ചോദ്യങ്ങളോട് ഇരുവരും പ്രതികരിച്ചില്ലെന്നാണ് പ്രത്യേകാന്വേഷണസംഘം (എസ്.ഐ.ടി.) ഉദ്യോഗസ്ഥർ പറയുന്നത്. നാലു മണിക്കൂറോളം ശ്രീകുമാറിനെ ചോദ്യംചെയ്തു. ഉത്തരംനൽകാൻ കൂടുതൽ സമയം വേണമെന്നാണ് തീസ്ത ആവശ്യപ്പെട്ടത്. എന്തെങ്കിലം വെളിപ്പെടുത്താനുണ്ടെങ്കിൽ കോടതിയിൽ പറയാമെന്നും അവർ പോലീസിനെ അറിയിച്ചു.
എഫ്.ഐ.ആർ. രേഖകളെ ആസ്പദമാക്കിയായതിനാൽ പ്രതികൾ നിസ്സഹകരിച്ചാലും പ്രശ്‌നമില്ലെന്നാണ് അന്വേഷകരുടെ നിലപാട്. എന്നാൽ വേറെ ആരൊക്കെ രേഖകൾ നിർമിക്കാൻ സഹകരിച്ചുവെന്ന് അറിയേണ്ടതുണ്ട്. തീസ്തയുമായി തെറ്റിപ്പിരിഞ്ഞ ചില സഹപ്രവർത്തകരുടെ മൊഴികൾ നേരത്തേ തന്നെ പോലീസ് ശേഖരിച്ചിട്ടുണ്ട്.
സിറ്റിസൺ ഫോർ ജസ്റ്റിസ് ആൻഡ് പീസിന്റെ ഫീൽഡ് കോ-ഓർഡിനേറ്ററായിരുന്ന റയിസ് ഖാൻ പഠാന്റെ സത്യവാങ്മൂലം അന്വേഷകർക്ക് മുമ്പിലുണ്ട്. പഠാന്റെ പരാതിപ്രകാരം നേരത്തേ തീസ്തക്കെതിരേ കേസെടുത്തിട്ടുമുണ്ട്. നിലവിൽ ജൂലായ് രണ്ടു വരെയാണ് പ്രതികളെ കസ്റ്റഡിയിൽ നൽകിയിട്ടുള്ളത്.
Content Highlights: SIT quizzes R B Sreekumar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..