കെ.കെ. ശൈലജ, സീതാറാം യെച്ചൂരി | Photo: Mathrubhumi
ന്യൂഡൽഹി: കെ.കെ. ശൈലജ മഗ്‌സസെ പുരസ്കാരം നിരസിച്ചത് പാർട്ടിതീരുമാനമെന്ന് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വാങ്ങരുതെന്ന് പ്രത്യേകനിർദേശമൊന്നും നൽകിയിരുന്നില്ല. നിരസിക്കാൻ മൂന്ന് കാരണങ്ങളാണുണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
* ആരോഗ്യമന്ത്രിയെന്ന നിലയിൽ സംസ്ഥാനത്തെ പൊതു ആരോഗ്യരംഗം കൈകാര്യംചെയ്തതിനാണ് മഗ്‌സസെ പുരസ്കാരം നൽകുമെന്നറിയിച്ചത്. എന്നാൽ, വ്യക്തിപരമായ പരിശ്രമംകൊണ്ടല്ല എൽ.ഡി.എഫ്. സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും കൂട്ടായ ശ്രമത്തിന്റെ ഫലമായാണ് പ്രതിസന്ധിഘട്ടങ്ങളിൽ മികച്ചരീതിയിൽ പ്രവർത്തിക്കാനായത്. വ്യക്തികൾക്കുമാത്രമേ പുരസ്കാരം നൽകൂ എന്നാണ് മഗ്‌സസെ ഫൗണ്ടേഷൻ അറിയിച്ചത്.
* സജീവരാഷ്ട്രീയത്തിലുള്ള ആർക്കും ഇതുവരെ മഗ്‌സസെ പുരസ്കാരം നൽകിയിട്ടില്ല. ശൈലജ സി.പി.എം. കേന്ദ്രസമിതി അംഗമാണ്. പാർട്ടി തീരുമാനങ്ങളെടുക്കാനുള്ള ഉന്നത സമിതിയാണ് കേന്ദ്ര സമിതി. ശൈലജ രാഷ്ട്രീയത്തിൽ സജീവവുമാണ്. സാധാരണനിലയിൽ സാമൂഹികരംഗത്തെ പ്രവർത്തനങ്ങൾക്കാണ് മഗ്സസെ പുരസ്കാരം നൽകാറുള്ളത്.
* ഫിലിപ്പീൻസിൽ കമ്യൂണിസ്റ്റുകാരെ ക്രൂരമായടിച്ചമർത്തിയ രമൺ മഗ്‌സസെയുടെ പേരിലുള്ളതാണ് ഈ പുരസ്കാരം. ക്രൂരമായ കമ്യൂണിസ്റ്റ് വിരുദ്ധ ചരിത്രം രമൺ മഗ്‌സസെയ്ക്കുണ്ട്.
ഈ ഘടകങ്ങൾ കണക്കിലെടുത്താണ് ശൈലജ പുരസ്കാരം നിഷേധിച്ചത്. പുരസ്കാര വിവരം ശൈലജ ഫോണിൽ വിളിച്ച് തന്നെ അറിയിച്ചിരുന്നു. അതേക്കുറിച്ച് അവരുടെ അഭിപ്രായവുമറിയിച്ചു. ആരോഗ്യവകുപ്പിൽ നടന്നത് കൂട്ടായ ശ്രമമാണെന്ന് അവർ പറഞ്ഞു. ഇക്കാര്യത്തിൽ പാർട്ടിയുടെ നിർദേശമൊന്നും ആവശ്യംവന്നില്ലെന്നും യെച്ചൂരി ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..