ജീന മരിയ തോമസ്
ബെംഗളൂരു: ആറുദിവസംകൊണ്ട് സുവർണ ചതുഷ്കോണ ദേശീയപാതാശൃംഖലയിലൂടെ 6,000 കിലോമീറ്റർ ഒറ്റയ്ക്ക് സഞ്ചരിച്ച് മലയാളിയുവതി. തൃശ്ശൂർ, ചാലക്കുടി അഷ്ടമിച്ചിറ സ്വദേശിനിയായ ജീന മരിയ തോമസാണ് 137 മണിക്കൂർകൊണ്ട് യാത്ര പൂർത്തിയാക്കിത്. വിഷാദരോഗം നേരിടുന്ന യുവജനങ്ങൾക്ക് ആത്മവിശ്വാസം പകരുക ലക്ഷ്യമിട്ട് ‘എംപ്രേസ് പാഷൻ, ബീറ്റ് ഡിപ്രഷൻ’ എന്ന മുദ്രാവാക്യവുമായായിരുന്നു യാത്ര. ലോക വനിതാദിനമായ മാർച്ച് എട്ടിന് പുലർച്ചെ 4.45-ന് ബെംഗളൂരുവിലെ ഇലക്‌ട്രോണിക് സിറ്റി ഫ്ലൈഓവറിൽനിന്നായിരുന്നു തുടക്കം. 13-ന് പുലർച്ചെ 3.45-ഓടെ തിരിച്ചെത്തുകയും ചെയ്തു. ആദ്യമായാണ് ഒരു വനിത കുറഞ്ഞസമയത്തിനുള്ളിൽ ഈ പാത ചുറ്റിസഞ്ചരിക്കുന്നത്.
ചെന്നൈ, കൊൽക്കത്ത, ഡൽഹി, മുംബൈ ഉൾപ്പെടെയുള്ള നഗരങ്ങളെയും 12 സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്നതാണ് സുവർണ ചതുഷ്കോണ ദേശീയപാതാശൃംഖല. ആകെ 5,846 കിലോമീറ്ററാണ് പാതയെങ്കിലും വലിയനഗരങ്ങളിൽ പാതയിൽനിന്ന് വിട്ടുമാറി അൽപ്പദൂരം സഞ്ചരിക്കേണ്ടിയുംവന്നു. തുടർച്ചയായ യാത്രകൊണ്ടാണ് ഇത്രയുംദൂരം പിന്നിട്ടതെന്ന് ജീന പറയുന്നു. ആദ്യദിവസം 400 കിലോമീറ്ററോളമേ സഞ്ചരിക്കാനായുള്ളൂ. എന്നാൽ, അവസാന മൂന്നുദിവസവും 1,500 കിലോമീറ്റർ വീതവും സഞ്ചരിച്ചു. രണ്ടുദിവസം മാത്രമായിരുന്നു രാത്രിയിൽ വിശ്രമം. ആ ദിവസങ്ങളിലാണ് പകൽസമയത്ത് 1100 കിലോമീറ്റർ യാത്രചെയ്തത്. വിശാഖപട്ടണത്തും വാരാണസിയിലും. മറ്റുസമയങ്ങളിലെല്ലാം ഭക്ഷണത്തിനും മറ്റുമായി കുറച്ചുസമയം ചെലവിട്ടതൊഴിച്ചാൽ പൂർണമായും യാത്രയ്ക്ക് മാറ്റിവെച്ചു. നേരത്തേ 2018-ൽ ബെംഗളൂരു-പുണെ-ബെംഗളൂരു റൂട്ടിലെ 1667 കിലോമീറ്റർ ബൈക്ക് യാത്ര 24 മണിക്കൂർകൊണ്ട് ജീന പൂർത്തിയാക്കിയിരുന്നു.
വിഷാദരോഗത്തെ മറികടക്കാനാണ് ജീന യാത്രകളോട് ചങ്ങാത്തംകൂടിയത്. ജേണലിസം പഠനത്തിനുശേഷം റേഡിയോ ജോക്കിയായും സ്വതന്ത്ര മാധ്യമപ്രവർത്തകയായും ജോലിചെയ്തു. കോവിഡ് കാലത്തിനുശേഷം ഭർത്താവിനൊപ്പം സ്വീഡനിലേക്ക് താമസംമാറി. വിഷാദരോഗം വീണ്ടും അലട്ടിയതോടെയാണ് ബൈക്ക് യാത്രയിലേക്ക് വീണ്ടും തിരിഞ്ഞത്. ഭർത്താവ് ഫ്രെഡിയുടെ പിന്തുണകൂടിയായപ്പോൾ സുവർണ ചതുഷ്കോണപാത തിരഞ്ഞെടുത്തു. യാത്രയിൽ കൊൽക്കത്ത പോലീസിൽനിന്ന് മോശപ്പെട്ട അനുഭവമുണ്ടായെന്നും ജീന പറയുന്നു. ആത്മവിശ്വാസവും ധൈര്യവും കൊണ്ടുമാത്രമാണ് രക്ഷപ്പെട്ടത്. ഉത്തർപ്രദേശിൽവെച്ച് പെൺകുട്ടിയാണെന്ന് തിരിച്ചറിഞ്ഞതോടെ ചിലർ രാത്രിയിൽ ഭക്ഷണം നൽകാൻ വിസമ്മതിച്ചത് മറ്റൊരനുഭവം. യാത്രാനുഭവങ്ങൾ പുസ്തകരൂപത്തിലാക്കാനൊരുങ്ങുകയാണ് ജീനയിപ്പോൾ. ഒരു യൂറോപ്യൻയാത്രയും മനസ്സിലുണ്ട്. പാലത്തിങ്കൽ തോമസിന്റെയും ലൂസിയുടെയും മകളാണ് ജീന. ഭർത്താവ് ഫ്രെഡി സ്വീഡനിൽ സോഫ്റ്റ്‌വേർ എൻജിനിയറാണ്.
Content Highlights: Six days, 6,000 km, a solo journey
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..