ഛത്തീസ്ഗഢിലെ റായ്പുരിൽ നടന്ന പ്ലീനറി സമ്മേളനത്തിൽനിന്ന് | ഫോട്ടോ: എ.എൻ.ഐ
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അത്താഴവിരുന്നിലെ 17 പ്രതിപക്ഷപാർട്ടികളുടെ സാന്നിധ്യം ഊർജമാക്കാൻ കോൺഗ്രസ്. രാഹുൽഗാന്ധിയുടെ സവർക്കർവിരുദ്ധ പരാമർശത്തിൽ ശിവസേനയുടെ നീരസം രമ്യമായി പരിഹരിക്കാനാവുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. വിഷയത്തിൽ എൻ.സി.പി. നേതാവ് ശരദ് പവാർ സോണിയാഗാന്ധിയോടും ശിവസേനാനേതാവ് സഞ്ജയ് റാവുത്ത് രാഹുൽ ഗാന്ധിയോടും സംസാരിച്ചു. ശിവസേന ഉദ്ധവ് താക്കറെ വിഭാഗം സഖ്യമായി നിൽക്കുമ്പോൾ അവർ ആരാധിക്കുന്ന നേതാവിനെതിരേ തുടർച്ചയായ പരാമർശം നടത്തുന്നത് ഒഴിവാക്കണമെന്ന് പവാർ, സോണിയയെ അറിയിച്ചതായാണ് സൂചന.
സഞ്ജയ് റാവുത്തുമായുള്ള സംസാരത്തിൽ, താൻ ആശയപരമായി സവർക്കർക്ക് എതിരാണെന്ന് രാഹുൽ വ്യക്തമാക്കി. എങ്കിലും ഇന്ത്യയിൽ ജനാധിപത്യം അപകടംനേരിടുമ്പോൾ പ്രതിപക്ഷ ഐക്യം എന്ന വലിയ ലക്ഷ്യത്തിനായി ഭാവിയിൽ വിഷയം ഉയർത്താതിരിക്കാൻ ശ്രമിക്കാമെന്ന് രാഹുൽ റാവുത്തിനെ അറിയിച്ചതായാണറിയുന്നത്. എന്നാൽ, ഇതിൽ ഉറപ്പുനൽകാൻ രാഹുൽ തയ്യാറായില്ല.
തിങ്കളാഴ്ചത്തെ സമരത്തിൽനിന്നടക്കം ശിവസേന വിട്ടുനിന്നെങ്കിലും ഖാർഗെ വിളിച്ച പ്രതിപക്ഷപാർട്ടികളുടെ യോഗത്തിൽ ശിവസേനാപ്രതിനിധി പ്രിയങ്ക ചതുർവേദി എത്തി. ശിവസേനയുമായുള്ള പ്രശ്നം രമ്യമായി സംസാരിച്ചുതീർക്കുമെന്ന് കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാൽ, ജയറാം രമേഷ് എന്നിവർ പറഞ്ഞു. എല്ലാ പാർട്ടികളുമായും ഐക്യം തുടരാനും പരസ്പരവിശ്വാസവും സഹകരണവും ഉറപ്പിക്കാനും മുതിർന്ന നേതാക്കളുടെ പ്രത്യേക പാനലിന് അടുത്ത ദിവസങ്ങളിൽ കോൺഗ്രസ് രൂപം നൽകും. ഓരോ നേതാവിനും ഓരോ പ്രതിപക്ഷപാർട്ടിയുടെ ചുമതല നൽകുന്നതടക്കവും ആലോചിക്കുന്നു.
കോൺഗ്രസും ശിവസേനയുമടക്കം 19 പ്രതിപക്ഷപാർട്ടികളുടെ സൗഹൃദത്തിനാണ് അരങ്ങൊരുങ്ങുന്നത്. ഡി.എം.കെ., എൻ.സി.പി., ജെ.ഡി.യു., ബി.ആർ.എസ്., സി.പി.എം., സി.പി.ഐ., എ.എ.പി., എം.ഡി.എം.കെ., കേരള കോൺഗ്രസ്, തൃണമൂൽ, ആർ.എസ്.പി., ആർ.ജെ.ഡി., നാഷണൽ കോൺഫറൻസ്, മുസ്‌ലിം ലീഗ്, വി.സി.കെ., എസ്.പി., ജെ.എം.എം. എന്നിവരാണ് മറ്റുള്ളവർ. കർണാടക തിരഞ്ഞെടുപ്പായതിനാൽ പ്രധാന എതിരാളികളിലൊന്നായ കോൺഗ്രസിനോട് ജനതാദൾ (എസ്) ഇപ്പോൾ അകലംപാലിച്ചിരിക്കയാണ്.
സ്പീക്കർക്കെതിരേ അവിശ്വാസപ്രമേയം
സ്പീക്കർ ഓംബിർളയ്ക്കെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരാൻ കോൺഗ്രസ് നീക്കം. സഭ തുടരുകയാണെങ്കിൽ തിങ്കളാഴ്ച കൊണ്ടുവരാനാണ് ആലോചന. സ്പീക്കർക്കെതിരേ അവിശ്വാസത്തിന് 50 അംഗങ്ങൾ ഒപ്പിടണം. നിലവിൽ 51 അംഗങ്ങൾ പാർട്ടിക്കുണ്ട്. പ്രതിപക്ഷപിന്തുണയും കോൺഗ്രസ് തേടും.
Content Highlights: Special Committee in Congress for Opposition Unity
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..