ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പരാമർശങ്ങളുടെ വിശദാംശങ്ങൾ ചോദിക്കാനായെത്തിയ പോലീസിനെ കണ്ട ശേഷം ന്യൂഡൽഹിയിലെ വസതിയിൽനിന്ന് പുറത്തേക്കുപോകുന്ന രാഹുൽഗാന്ധി
ന്യൂഡൽഹി: ഒന്നരമാസംമുമ്പ് ശ്രീനഗറിൽ ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ നടത്തിയ പ്രസംഗത്തിന്റെ വിശദാംശം ആവശ്യപ്പെട്ട് ഡൽഹി പോലീസ് മൂന്നാമതും രാഹുൽ ഗാന്ധിയുടെ വീട്ടിലെത്തി. തന്നെ വന്നുകണ്ട ഒട്ടേറെ സ്ത്രീകൾ ലൈംഗികാതിക്രമത്തിന് ഇരയായവരായിരുന്നുവെന്ന രാഹുലിന്റെ പ്രസംഗഭാഗത്തിൽ വിശദീകരണംതേടിയാണ് ഞായറാഴ്ച രാവിലെ 10 മണിയോടെ സ്പെഷൽ കമ്മിഷണർ സാഗർ പ്രീത് ഹൂഢയുടെ നേതൃത്വത്തിലുള്ള പോലീസ് തുഗ്ലക്ക് ലൈനിലെ രാഹുലിന്റെ 12-ാം നമ്പർ വീട്ടിലെത്തിയത്. വൈകീട്ട് നാലുമണിയോടെ നാലുപേജുള്ള മറുപടി രാഹുൽ പോലീസിന് കൈമാറി. വിശദമറുപടി 8-10 ദിവസത്തിനുള്ളിൽ നൽകുമെന്നും അറിയിച്ചു.
പോലീസിന്റെ നടപടിയെ അപ്രതീക്ഷിതം എന്നുവിശേഷിപ്പിച്ച രാഹുൽ പാർലമെന്റിനകത്തും പുറത്തുമുള്ള തന്റെ നിലപാടുകളാണോ ഇതിനുകാരണമെന്നും ചോദിച്ചു. രാഷ്ട്രീയപ്രചാരണങ്ങളിലെ പരാമർശങ്ങൾക്ക് ഭരണകക്ഷിയടക്കമുള്ള ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടി ഇത്തരം അന്വേഷണത്തിന് വിധേയമായിട്ടുണ്ടോ എന്നും രാഹുൽ ആരാഞ്ഞു.
ഡൽഹി പോലീസ് രാഹുലിന്റെ വസതിയിലെത്തിയതറിഞ്ഞ് മുദ്രാവാക്യം വിളികളുമായി തടിച്ചുകൂടിയ കോൺഗ്രസ് പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് സമീപത്തെ പോലീസ് സ്റ്റേഷനിലെത്തിച്ചശേഷം വിട്ടയച്ചു. പ്രധാനമന്ത്രിയുടെ ഉറ്റസുഹൃത്തിനെ രക്ഷിക്കാനുള്ള സമനിലതെറ്റിയ ശ്രമമാണിതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു. വിഷയം നിയമപരമായി നേരിടുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
10 മണിയോടെ വീട്ടിലെത്തിയ പോലീസിന് 12.40-ഓടെയാണ് കാണാൻ അനുമതിലഭിച്ചത്. ജനുവരി 30-ന് ശ്രീനഗറിൽ ജോഡോ യാത്രയിൽ താൻകണ്ട സ്ത്രീകൾ ബലാത്സംഗത്തിനിരയായതായി രാഹുൽ പറഞ്ഞിരുന്നെന്നും ഇവരുടെ വിവരങ്ങൾ ശേഖരിച്ച് നീതിലഭ്യമാക്കാനാണ് ശ്രമമെന്നും സ്പെഷൽ കമ്മിഷണർ ഹൂഢ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. രാഹുലിനെക്കണ്ട പോലീസ് ശ്രീനഗറിലെ പ്രസംഗത്തിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് നോട്ടീസ് നൽകി.
മാധ്യമങ്ങളിലൂടെ വിവരമറിഞ്ഞ് ഈ സമയം കോൺഗ്രസ് പ്രവർത്തകർ രാഹുലിന്റെ വസതിക്കുമുന്നിൽ തടിച്ചു കൂടിയതോടെ കൂടുതൽ പോലീസിനെയും സി.ആർ.പി.എഫ്. ജവാന്മാരെയും മേഖലയിൽ വിന്യസിച്ചു. ഇത് മൂന്നാംതവണയാണ് ഡൽഹി പോലീസ് രാഹുലിന്റെ വീട്ടിലെത്തുന്നത്. ബുധനാഴ്ച പോലീസുദ്യോഗസ്ഥർ മൂന്നുമണിക്കൂറോളം രാഹുലിനായി കാത്തിരുന്നെങ്കിലും കാണാനാവാതെ മടങ്ങി. മുതിർന്ന ഉദ്യോഗസ്ഥർ വ്യാഴാഴ്ചയും ചെന്നെങ്കിലും ഒന്നരമണിക്കൂറോളം കാത്തിരുന്ന ശേഷമാണ് രാഹുലിന് നോട്ടീസ് നൽകിയത്. മൂന്നാമതും പോലീസെത്തിയതോടെ കോൺഗ്രസ് നേതാക്കൾ രൂക്ഷഭാഷയിലാണ് പ്രതികരിച്ചത്.
പോലീസ് പോയ ഉടൻ രാഹുലും കാറിൽ പുറത്തേക്കിറങ്ങിയെങ്കിലും മാധ്യമങ്ങളോട് പ്രതികരിച്ചില്ല.
രാഹുൽ ശ്രീനഗറിൽ പറഞ്ഞത്
: ഞാൻ നടക്കുമ്പോൾ പല സ്ത്രീകളും കരയുന്നതുകണ്ടു. എന്തുകൊണ്ടാണവർ കരയുന്നതെന്നറിയുമോ? അവരിൽ പലരും എന്നോട് പറഞ്ഞു, ‘അവർ ബലാത്സംഗത്തിനിരയായി’. അവരുടെ ബന്ധുക്കൾ അവരെ പീഡിപ്പിച്ചു. സഹോദരീ, പോലീസിനോട് പറയട്ടെ എന്നുചോദിച്ചപ്പോൾ അവർ പറഞ്ഞു, രാഹുൽജി, നിങ്ങളിതറിയണം. പക്ഷേ, പോലീസിനോട് പറയരുത്. അത് ഞങ്ങൾക്ക് കൂടുതൽ അപകടമാവും. ഇതും രാജ്യത്തെ യാഥാർഥ്യമാണ്’.
Content Highlights: Speech at Bharat Jodo Yatra Police against Rahul again
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..