മമതാ ബാനർജി| Photo: ANI
കൊൽക്കത്ത: പശ്ചിമബംഗാളിൽ നാദിയ ജില്ലയിലെ ഹസ്‌കാലിയിൽ കൂട്ടബലാത്സംഗംചെയ്തു കൊന്ന പെൺകുട്ടിയെയും കുടുംബത്തെയും പരിഹസിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി മമതാ ബാനർജിയുടെ വാക്കുകൾക്കെതിരേ രൂക്ഷവിമർശനം. പെൺകുട്ടിയുടെ അച്ഛനമ്മമാരും രാഷ്ട്രീയ-സാമൂഹികരംഗത്തെ ഒട്ടേറെപ്പേരും മമതയുടെ വാക്കുകളിൽ ദുഃഖവും ക്ഷോഭവും രേഖപ്പെടുത്തി. അതേസമയം, കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന് കൽക്കട്ട ഹൈക്കോടതി നിർദേശിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച കൊല്ലപ്പെട്ട പതിന്നാലുകാരിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടമോ ഡോക്ടറുടെ സാക്ഷ്യപത്രമോ കൂടാതെ തിടുക്കപ്പെട്ട് സംസ്കരിച്ചു. തൃണമൂൽകോൺഗ്രസ് പഞ്ചായത്തംഗം സമർഗോവാലിയുടെ മകൻ സോഹെൽ എന്ന ബ്രജഗോപാലാണ് മുഖ്യപ്രതി. ഇയാളും മറ്റൊരു കൂട്ടുകാരനും അറസ്റ്റിലായി. സംഭവത്തിന്റെ നിജസ്ഥിതിയെപ്പറ്റി സംശയമുണ്ടെന്നും പെൺകുട്ടിക്ക് പ്രണയബന്ധങ്ങളുണ്ടായിരുന്നെന്നും ഗർഭിണിയാണെന്ന് കേൾക്കുന്നുവെന്നുമെല്ലാം മുഖ്യമന്ത്രി മമതാ ബാനർജി തിങ്കളാഴ്ച കുറ്റപ്പെടുത്തിയിരുന്നു.
കേസന്വേഷണം നടക്കുന്ന ഘട്ടത്തിൽ അധികാരസ്ഥാനത്തിരിക്കുന്നവർ പക്ഷംപിടിച്ചുകൊണ്ട് നടത്തുന്ന പരാമർശങ്ങൾ അപകടകരമാണെന്ന് ഗവർണർ ജഗ്‍ദീപ് ധൻകർ പറഞ്ഞു. അത് അന്വേഷണത്തെ വഴിതെറ്റിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പുനൽകി.
തന്റെ മകളെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ വിഷമിപ്പിക്കുന്നതാണെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞു. ‘‘മകൾ ഗർഭിണിയായിരുന്നെന്ന ആരോപണം ശരിയല്ല. ബ്രജഗോപാലാണ് അവളെ പീഡിപ്പിച്ചത്.’’-അവർ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയായിരുന്നുകൊണ്ട് ഇത്തരത്തിൽ പരാമർശം നടത്താൻ കഴിയുമോയെന്ന്
മമത അവരുടെ വായ ഫിനൈലും ബ്ളീച്ചിങ് പൗഡറുമുപയോഗിച്ച് കഴുകണമെന്ന് പ്രതിപക്ഷനേതാവ് ശുഭേന്ദു അധികാരി പറഞ്ഞു. ഇരയോട് സഹാനുഭൂതി കാണിക്കാത്ത ഈ പരാമർശം നടത്തിയ മമതയ്ക്ക് മുഖ്യമന്ത്രിയായിരിക്കാൻ അർഹതയില്ലെന്ന് നിർഭയയുടെ അമ്മ ആശാദേവി ന്യൂഡൽഹിയിൽ പറഞ്ഞു.
തൃണമൂൽ എം.പി. മഹുവ മൊയ്ത്ര ചൊവ്വാഴ്ച ഹാസ്‌കാലിയിൽ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചു. പ്രതിയുടെ രാഷ്ട്രീയപശ്ചാത്തലമൊന്നും ഈ കേസിൽ വിഷയമല്ലെന്നും അയാൾ കുറ്റവാളി മാത്രമാണെന്നും മഹുവ പറഞ്ഞു. പി.സി.സി. അധ്യക്ഷൻ അധീർ ചൗധരിയും ചൊവ്വാഴ്ച ഹാസ്‌കാലിയിലെത്തി. കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് അദ്ദേഹം അമ്പതിനായിരം രൂപയുടെ സഹായധനം കൈമാറി.
Content Highlights: strong criticism against mamata banerjee over her nadia rape remarks
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..